12 November Tuesday
വസ്‌തു ഇടപാട്‌ തട്ടിപ്പ്‌

വാൾകാട്ടി 75 ലക്ഷംതട്ടി: 10 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

പൊലീസ് പിടിയിലായ പ്രതികൾ

കോവളം
പൂവാറിൽ വസ്തു ഇടപാടിനെത്തിയ ആളിന്റെ പക്കൽനിന്ന് വാൾ കാട്ടി 75  ലക്ഷം രൂപ തട്ടിപ്പറിച്ച കേസിൽ പത്തുപേരെ  പൂവാർ പൊലീസ് അറസ്റ്റ്‌ചെയ്‌തു . പൂവാർ തെക്കെതെരുവ് കടലടി വീട്ടിൽ സജീർ(32) , തെക്കെതെരുവ് വീട്ടിൽ ഷംനാദ് (32),  അസീം ഖാൻ (34),  ജിബിരീൻഖാൻ (26), പ്ളാങ്കാല സരസ്വതി നിവാസിൽ  ഉണ്ണി എന്ന സുഭാഷ് (32), ശൂലംകുടി ശക്തിഭവനിൽ അരുൺദേവ്(25),  നെടുമങ്ങാട് പനവൂർ പുല്ലാമല പുത്തൻ ബംഗ്ളാവിൽ ഹാജ(42) , പാങ്ങോട് ഭരതന്നൂർ സ്വദേശി പൂന്തുറ പള്ളിത്തെരുവ് ടിസി46/271 ൽ ഹുസൈൻ (43), പൂന്തുറ മൂന്നാറ്റുമുക്ക് ഹീബാ മൻസിലിൽ മുജീബ് (44), മുട്ടത്തറ പരുത്തിക്കുഴി ടിസി  46/271ൽ അർഷാദ് (46)എന്നിവരാണ് അറസ്റ്റിലായത്.  30 ലക്ഷം രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
 
പൂവാർ ഐലൻഡ്‌ റിസോർട്ടിന് സമീപമുള്ള വസ്തുവാങ്ങാൻ സുഹൃത്തിനോടൊപ്പം പൂവാറിൽ  എത്തിയ ആറ്റിങ്ങൽ സ്വദേശി അബ്ദുൽ മജീദിൽനിന്നാണ്  വാൾകാട്ടി പണം കവർന്നത്. ഞായറാഴ്ച രാവിലെ പൂവാർ പൊഴിക്കരയിലെ റിവ്യൂ പോയിന്റ്‌ റിസോർട്ടിലായിരുന്നു  സംഭവം . ഇടനിലക്കാരാണ് അബ്ദുൾ മജീദിനെ റിസോർട്ടിൽ എത്തിച്ചത്. വസ്തു ഉടമയെ കാണാൻ കാത്തിരിക്കുമ്പോഴാണ്‌ ഒരു സംഘം എത്തി റിസോർട്ടിന്റെ ഗേറ്റ് പൂട്ടി, കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി കാറിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന്‌  സ്വകാര്യ ബോട്ടിൽ  രക്ഷപ്പെട്ടത്‌. 
 
പരാതി ലഭിച്ച്‌ നടത്തിയ അന്വേഷണത്തിലും  സമീപ സിസിടിവി പരിശോധിച്ചതിലും പ്രതികൾ  ബാഗുമായി ഓടുന്ന ദ്യശ്യം ലഭിച്ചു.  രണ്ടു പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തിൽനിന്നും ഒരാളെ മാർത്താണ്ഡത്തുനിന്നും  മറ്റുള്ളവരെ പൂന്തുറ, പൂവാർ എന്നിവിടങ്ങളിൽനിന്നുമാണ്  പിടികൂടിയത്. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ടെന്നും  പ്രതികളിൽനിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തതായും   പൊലീസ് പറഞ്ഞു.  വസ്തു വാങ്ങാൻ ഇടനിലക്കാരായ അർഷാദ് ,ഹുസൈൻ ,ഹാജ എന്നിവർ  പണംതട്ടുക എന്ന ലക്ഷ്യത്തോടെ കവർച്ചാപദ്ധതി ആസൂത്രണംചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും പൂവാർ പൊലീസ് ഇൻസ്പെക്ടർ രാജീവ് ബി പറഞ്ഞു. സിഐയുടെ നേതൃത്വത്തിൽ എസ്ഐ സജീവ്  ആർ, എസ്ഐ സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രേംകുമാർ,  സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ചന്ദ്രൻ, ഷാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
 
 
 
പ്രധാന വാർത്തകൾ
 Top