12 November Tuesday

മര്യനാട്ട്‌ കൂറ്റൻബോട്ട്‌ കരയ്‌ക്കടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

മര്യനാട് തീരത്ത് അടിഞ്ഞുകയറിയ രക്ഷകൻ എന്ന ബോട്ട്

കഴക്കൂട്ടം   
കഠിനംകുളം മര്യനാട് തീരത്ത് കൂറ്റൻ മത്സ്യബന്ധന ബോട്ട് കരയ്‌ക്കടിഞ്ഞു. തമിഴ്നാട് കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാഹപ്പു, ഫ്രാൻസിസ്, ബാബു എന്നിവരുടെ "രക്ഷകൻ' എന്ന ബോട്ടാണ് ചൊവ്വാഴ്‌ച വെളുപ്പിന് മൂന്നോടെ മര്യനാട് മത്സ്യമാർക്കറ്റിനു സമീപം അടിഞ്ഞത്‌. എൻജിൻ തകരാറാണ്‌ കാരണം. 
 
മീൻപിടിത്തം കഴിഞ്ഞ്‌ കൊല്ലം മാർക്കറ്റിൽ മത്സ്യമിറക്കി  തിരികെ കുളച്ചലിലേക്കു പോകുമ്പോഴായിരുന്നു അപകടം. 12 ജീവനക്കാർ ബോട്ടിലുണ്ടായിരുന്നു. കുളച്ചലിൽനിന്ന് മൂന്ന് ബോട്ടുകളെത്തിച്ച്‌, വടം കെട്ടി കടലിലിറക്കാനുള്ള ശ്രമം ചൊവ്വാഴ്‌ച വൈകിയും തുടർന്നെങ്കിലും പരാജയപ്പെട്ടു. ബോട്ട് കെട്ടിവലിച്ചതോടെ പ്രൊപ്പല്ലർ മണലിൽ പുതഞ്ഞു. കയർകൊണ്ട് കെട്ടിവലിച്ചാൽ പ്രൊപ്പെല്ലർ തകരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. 60 ലക്ഷത്തോളം വിലവരുന്ന രക്ഷകൻ കടലിൽ ഇറക്കാനുള്ള ശ്രമം ബുധനാഴ്ചയും തുടരും. മര്യനാട്, തുമ്പ, സെന്റ്‌ ആൻഡ്രൂസ് തീരങ്ങളിൽ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്‌. അന്ന് ബോട്ട് കടലിലിറക്കുന്നതിനിടെ പ്രൊപ്പെല്ലർ തകർന്ന്‌ ബോട്ടിനടിയിൽക്കൂടി വെള്ളം കയറി ബോട്ട് കടലിൽ മുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top