കരിമണ്ണൂർ
ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങളുടെ പരിഹാരത്തിന് രാഷ്ട്രീയം തടസ്സമാകരുതെന്ന് മന്ത്രി എം എം മണി. ലൈഫ് ഭവന പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ കോടിക്കുളം, കരിമണ്ണൂർ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വന്തമായി വീടില്ലാത്തത് വലിയ സാമൂഹ്യ പ്രശ്നമാണ്. കേരളത്തിൽ ഭവനരഹിതരായ ആരും ഉണ്ടാകാൻ പാടില്ല എന്ന എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ലൈഫ് ഭവനപദ്ധതി. സർക്കാർ സാധാരണ ജനങ്ങൾക്കുവേണ്ടി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. കാര്യക്ഷമമായി ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്.
റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം നാടിന്റെ വികസനത്തിന് ആവശ്യമാണ്. ഇവയുടെ നിർമാണത്തിന് പണവും വേണം. ഇതിനാണ് കിഫ്ബി പോലുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. ചിലർ ഇതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെയാണെന്നും സർക്കാർ ചെയ്യുന്ന ശരിയായ നടപടികളെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എം എം മണി പറഞ്ഞു.
കോടിക്കുളത്ത് ചേർന്ന യോഗത്തിൽ പി ജെ ജോസഫ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരി, ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു എന്നിവർ സംസാരിച്ചു.
കരിമണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡി ദേവസ്യ അധ്യക്ഷനായി. 48 വീടുകളുടെ താക്കോൽദാനവും ഗാന്ധിജിയുടെ 150‐ാം ജന്മദിന സ്മാരകമായി നവീകരിച്ച ടൗൺഹാളിന്റെ ഉദ്ഘാടനവും ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങൾക്കുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ വിഷ്ണു കെ ചന്ദ്രൻ, സി വി സുനിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗൗരി സുകുമാരൻ, ബേസിൽ ജോൺ, ബിന്ദു പ്രസന്നൻ, പഞ്ചായത്തംഗങ്ങൾ, സിപിഐ എം കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, ജോർജ് അഗസ്റ്റ്യൻ, ബേബി തോമസ്, പോൾ കുഴിപ്പിള്ളിൽ, കെ കെ രാജൻ, എൻ കെ ഇല്യാസ്, സിഡിഎസ് ചെയർപേഴ്സൺ പുഷ്പ വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോൾ ഷാജി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..