28 September Wednesday
നട്ടെല്ലിന്റെ ശസ്ത്രക്രിയ

ഊഴം കാത്ത്‌ 32 രോഗികൾ

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022

ശസ്ത്രക്രിയക്ക് മുമ്പും ശേഷവും

കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നട്ടെല്ലിന്റെ വളവ് നേരെയാക്കാനുള്ള ശസ്ത്രക്രിയക്ക്‌ ഊഴംകാത്ത്‌ 32 രോഗികൾ. സ്വകാര്യ സ്ഥാപനങ്ങളിൽ ഏഴ്‌ ലക്ഷത്തിലേറെ ചെലവുവരുന്ന സ്കോളിയോസിസ് കറക്‌ഷൻ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വേണ്ട രോഗികളാണ്‌ കാത്തിരിക്കുന്നത്‌. യഥാസമയം തിയറ്ററിൽ ടേബിൾ ലഭ്യമാകാത്തതിനാലാണ്‌ ശസ്‌ത്രക്രിയ നീളുന്നത്‌. ആറാഴ്ചയിൽ ഒരു ദിവസമാണ് എട്ടുമണിക്കൂർ നീളുന്ന ശസ്ത്രക്രിയക്ക് ടേബിൾ ലഭിക്കുന്നത്. ഇതിനിടയിൽ അടിയന്തര കേസുകൾ വന്നാൽ ഇത് നീട്ടിവയ്‌ക്കും.
21 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ശസ്‌ത്രക്രിയ വേണ്ടത്‌. പഠനമുൾപ്പെടെ പലതരത്തിലുള്ള മുന്നൊരുക്കം നടത്തി വേണം ചികിത്സക്കെത്താൻ. 18 വയസ്സ് കഴിഞ്ഞാൽ ശസ്ത്രക്രിയ സൗജന്യമായി ലഭിക്കുന്ന ഇൻഷ്യുറൻസ്‌ സ്കീമിൽനിന്ന് പുറത്താകും. 2002ലാണ്‌ കേരളത്തിലാദ്യമായി കോഴിക്കോട്ട്‌ ശസ്ത്രക്രിയ തുടങ്ങിയത്. 2010ൽ പ്രധാന ഉപകരണമായ ന്യൂറോ മോണിറ്ററിങ് സിസ്റ്റം കേടായി. ഇപ്പോഴിത് ഒരു ശസ്‌ത്രക്രിയയ്‌ക്ക്‌ 18,000 രൂപവരെ വാടക നൽകി എടുക്കുകയാണ്.  15 ഡോക്ടർമാരുണ്ടായിരുന്നത് പത്തായി കുറഞ്ഞു.
തിയറ്ററിൽ മാസത്തിൽ രണ്ട്‌ ടേബിൾ അനുവദിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി. അടിസ്ഥാന സൗകര്യമൊരുക്കിയാൽ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. അനുഭാവപൂർവം പരിഗണിക്കുമെന്നും ഉറപ്പുലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top