27 September Tuesday

പുസ്‌തകോത്സവത്തിനെത്തൂ, വായനയാണ്‌ ‘മൂലധന’മെന്നറിയാം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവത്തിന്റെ ഭാ​ഗമായി 'ചണ്ഡാലഭിക്ഷുകിയുടെ സമകാല വായന' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച 
സെമിനാര്‍ ഡോ.പി പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
അറിവും അനുഭവവും ഉൾച്ചേരുന്ന വായനയുടെ അനുഭവങ്ങളിലേക്ക്‌ മിഴിതുറക്കുകയാണ്‌  കലക്ടറേറ്റ്‌ മൈതാനിയിലെ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം. നൂറിലധികം പ്രസാധകരാണ്‌ പങ്കെടുക്കുന്ന പുസ്‌തക മേളയിലെ എൻബിഎസിന്റെ സ്‌റ്റാളിൽ കാൾമാർക്‌സിന്റെ  ‘മൂലധനം’ മൂന്ന്‌ വാല്യങ്ങളുണ്ട്‌. 2880 രൂപയുടെ പുസ്‌തകം 1440 രൂപയ്‌ക്കാണ്‌ വിൽക്കുന്നത്‌. 3750 രൂപയുടെ  മലയാള ലെക്‌സിക്കൻ  എട്ട്‌ വാല്യങ്ങൾ 2000 രൂപയ്‌ക്കാണ്‌ നൽകുന്നത്‌. കെ ആർ മീരയുടെ ‘കഥയെഴുത്ത്‌’, ബെന്യാമിന്റെ ‘മരീചിക’, ആൻ പാലിയുടെ ‘അ ഫോർ അന്നമ്മ’ തുടങ്ങിയവയാണ്‌ സൈകതം  ബുക്‌സിലെ പുതിയ പുസ്‌തകങ്ങൾ. 
‘പൊനം’ കൊത്തി നേടാം ‘സമര ചരിത്രം’
എസ്‌ ഹരീഷിന്റെ  ആഗസ്‌ത്‌ 17, പൊന്നയിൽ സെൽവന്റെ കൽകി, ബെന്യാമിന്റെ ‘തരകൻസ്‌ ഗ്രന്ഥവരി’,  ഷീലാ ടോമിയുടെ ആ നദിയോട്‌ പേര്‌ ചോദിക്കരുത്‌ , കെ എൻ പ്രശാന്തിന്റെ ‘പൊനം’ തുടങ്ങിയ പുസ്‌തകങ്ങളുമായാണ്‌ ഡിസി ബുക്‌സ്‌ മേളയിലെത്തിയത്‌.  കരിവെള്ളൂർ, പാടിക്കുന്ന്‌, മോറാഴ, കാവുമ്പായി തുടങ്ങി കേരളത്തിലെ പത്ത്‌ സമരചരിത്രഗ്രന്ഥങ്ങളുടെ പാക്കേജുമായാണ്‌ ഇൻസൈറ്റ്‌ പബ്ലിക്ക മേളയിലുള്ളത്‌. 1300 രൂപയാണ്‌ വില.  എം ടിയുടെ മൂന്ന്‌ കൃതികളും എം മുകുന്ദന്റെ 12 പുസ്‌തകങ്ങളും  സേതുവിന്റെ ആറ്‌ പുസ്‌തകങ്ങളും  ഹരിതം ബുക്‌സിലുണ്ട്‌. മനീഷ്‌ മുഴക്കുന്നിന്റെ ‘മിഴാവ്‌ കുന്ന്‌’, ഉർസുലിൻ പവേലിന്റെ ‘എന്റെ കുട്ടി തിരികെ വന്നു ’തുടങ്ങിയവയാണ്‌ കൈരളി ബുക്‌സിന്റെ പുതിയ പുസ്‌തകങ്ങൾ.
     തൃശൂർ ‘സമത’യുടെ സ്‌റ്റാളിൽ 11 ലാറ്റിനമേരിക്കൻ പഠനഗ്രന്ഥങ്ങളുടെ പാക്കേജ്, മായ  ആഞ്‌ജലുവിന്റെ ‘ജീവിതത്തിന്റെ കറുത്ത പുസ്‌തകം’, ‘ഞാൻ റിഗോബെർതമെഞ്ചു’, എ എൻ രവീന്ദ്രദാസിന്റെ ‘കാൽപ്പന്തിലെഴുതിയ ദേശീയതയും ലാറ്റിനമേരിക്കൻ അതിജീവനവും’ തുടങ്ങിയ പുസ്‌തകങ്ങളുണ്ട്‌.  25ന്‌ സമാപിക്കും.
 
ചണ്ഡാലഭിക്ഷുകിക്ക് സമകാലവായന
കണ്ണൂർ
ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി ചണ്ഡാല  ഭിക്ഷുകി സമകാല വായന സെമിനാർ ഡോ. പി പവിത്രൻ ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ അധ്യക്ഷനായി. ക്ഷേത്രകലാ അക്കാദമി സെക്രട്ടറി ഡോ. കെ എച്ച് സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. നാരായണൻ കാവുമ്പായി, ഡോ. പ്രമോദ് വെള്ളച്ചാൽ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു. വൈക്കത്ത് നാരായണൻ സ്വാഗതവും പി ജനാർദനൻ നന്ദിയും പറഞ്ഞു.
 
കുട്ടികളുടെ ലഹരിവിരുദ്ധ ചിത്രരചന നാളെ
കണ്ണൂർ
കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പുസ്തകോത്സവ നഗരിയിൽ ബാലവേദി സംഗമത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10ന്‌ കുട്ടികളുടെ ലഹരിവിരുദ്ധ ചിത്രരചന നടക്കും.  17 വയസ്സിനുതാഴെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പറും കളറും സംഘാടകർ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top