21 October Thursday
ചലനശേഷിയില്ല

ചലനശേഷിയില്ലാത്ത കാലുമായി കേലാ ചുരവും കാല്‍കീഴിലാക്കി: മനസിടറാതെ മുഹമ്മദ് അഷറഫ് മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

മുഹമ്മദ് അഷറഫ് കേലാ ചുരത്തിലെത്തിയപ്പോൾ

 വടക്കാഞ്ചേരി> ചലനശേഷിയില്ലാത്ത കാലുമായി ഉയരങ്ങൾ കീഴടക്കി യുവാവ്‌. കുറവുകളെ ദീർഘദൂരം പുറകിലാക്കി സൈക്കിളിൽ കേലാ ചുരവും ചവിട്ടിക്കയറിയ  മുഹമ്മദ് അഷറഫിന്‌  ഇനി ലക്ഷ്യം സമുദ്രനിരപ്പിൽനിന്ന് 19300 അടി ഉയരമുള്ള ഉംലിംഗ് ലാ പാസ്.
 
 തൃശൂരിൽ നിന്നും  സൈക്കിൾ ചവിട്ടി കിലോമീറ്ററുകൾ താണ്ടിയെത്തിയ പാർളിക്കാട് പത്താംകല്ല് തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷറഫ് ( മുത്തു 35)  കഴിഞ്ഞ ദിവസം കേലാചുരവും കീഴടക്കിയതോടെ പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന 18,860 അടിവരുന്ന  ലോകത്തിലെ ഏറ്റവും ഉയര ഇടത്തിലുള്ള  റോഡ് കീഴടക്കുന്ന ആദ്യ ഭിന്ന ശേഷിക്കാരനായ മലയാളിയായി. സമുദ്രനിരപ്പിൽ നിന്ന് 18000 അടി  ഉയരമുള്ള, ലോകത്തിലെ  ഏറ്റവും ഉയരംകൂടിയ ഗതാഗതപാതയായ ഖർദുങ് ലാ, മുഹമ്മദ് അഷറഫ്   12 ന് കീഴടക്കിയിരുന്നു. അടുത്ത ലക്ഷ്യം 19300 അടി ഉയരമുള്ള  ഉംലിംഗ് ലാപാസ്  കിഴടക്കുക എന്നതാണ്.
 
 അതിനായി ആർമിയുടെ അനുമതിക്കുവേണ്ടി  ലഡാക്കിൽ കാത്തിരിക്കുകയാണ്‌.അത് കഴിഞ്ഞാലോ എന്ന ചോദ്യത്തിന് ലോകത്തിലേതന്നെ ഏറ്റവും ദുർഘട പാതയായ ക്ലിഫ് ഹാംഗർ സൈക്കിൾ ചവിട്ടി പോകണമെന്ന  ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.   കനത്ത മഞ്ഞും മഴയുമൊക്കെ സഹിച്ച് ദുർഘടപാതകളിലൂടെയുള്ള സഞ്ചാരവും പാദമറ്റ കാലിന്റെ വേദനയും മറന്നാണ് ലക്ഷ്യത്തിലെത്തിയത്. ഒന്നര വയസ്സ് മുതൽ അപകടങ്ങളുടെ പരമ്പരയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. 
 
ഏഴു വർഷം പൂർണമായും കിടപ്പുതന്നെയായിരുന്നു. നാലു വർഷം മുമ്പുണ്ടായ അപകടത്തിൽ വലതു പാദം അറ്റു.     തുന്നിച്ചേർത്തിട്ടും   പത്തടി തികച്ചു നടക്കാനാകില്ല. എന്നിട്ടും  ശേഷി  നഷ്ടമായ വലതു കാൽവച്ച് ഇടത്തെ കാലിനു മാത്രം ബലം കൊടുത്ത് ഇടുക്കി, മൂന്നാർ, വയനാട്, ഊട്ടി പോലുള്ള ദക്ഷിണേന്ത്യയിലെ മികച്ച ഹിൽസ്റ്റേഷനുകളിൽ   സൈക്കിൾ ചവിട്ടിക്കയറിയിട്ടുണ്ട് ഇദ്ദേഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top