31 October Saturday
വികസനച്ചിറകേറി കോട്ടയം മെഡിക്കല്‍ കോളേജ്

കാര്‍ഡിയോളജി ബ്ലോക്ക്‌ നിർമാണത്തിന്‌ 36.42 കോടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

കോട്ടയം മെഡിക്കല്‍ കോളേജിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍‌വഹിക്കുന്നു

 കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി, കാർഡിയോ തൊറാസിക് ബ്ലോക്കിന്റെ നിർമാണത്തിന് 36.42 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നബാഡിന്റെ ധനസഹായത്തോടെ ഹൃദ്രോഗ ചികിത്സയ്ക്ക്‌ പ്രത്യേകബ്ലോക്ക് വരുന്നതോടെ ഈ വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 മെഡിക്കൽ കോളജിൽ പൂർത്തീകരിച്ച അഞ്ച് പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെ നിർമാണോദ്ഘാടനവുമാണ് നടന്നത്. പുതിയ വാർഡുകൾ, ഐസിയു, നെഗറ്റീവ് പ്രഷർ ഐസിയു, മെഡിക്കൽ വിദ്യാർഥിനികൾക്കുള്ള ഹോസ്റ്റൽ, പിജി വിദ്യാർഥികൾക്കായി നിർമിച്ച റസിഡന്റ് ക്വാർട്ടേഴ്‌സ്, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവയാണ് ഉദ്ഘാടനംചെയ്തത്.
രണ്ട് പുതിയ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. 134.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന സർജിക്കൽ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെ ലവിൽ നിർമിക്കുന്ന മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ എന്നിവയാണവ. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടതാണ് സർജിക്കൽ ബ്ലോക്ക്. 564 കോടി രൂപ മുതൽമുടക്കുള്ള ഈ ബ്ലോക്കിന്റെ ആദ്യഘട്ട നിർമാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയത്. രണ്ടുവർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡിന്റെ ആരംഭ കാലത്ത്, കേരളം ഭയന്നുനിന്നപ്പോൾ തൊണ്ണൂറ്റിമൂന്നും എൺപത്തിയെട്ടും വയസ്സുള്ള വൃദ്ധദമ്പതികളെ പ്രത്യേക പരിചരണം നൽകി ചികിത്സിച്ച് ഭേദമാക്കിയത് ഈ സ്ഥാപനമാണ്. ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസുയർത്തിയ കാര്യമായിരുന്നു ഇത്. സർക്കാർ മേഖലയിൽ ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഇന്ത്യയിൽ ഏറ്റവും അധികം പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കാർഡിയോളജി വിഭാഗവും ഇവിടെയാണ്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് മികച്ച സേവനം നൽകുന്ന കാര്യത്തിലാകണം ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സുരേഷ് കുറുപ്പ് എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ എം അഞ്ജന സ്വാഗതവും പ്രിൻസിപ്പൽ ഡോ. പി പി മോഹനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top