16 October Wednesday

പഴുതടച്ച്‌

പി അഭിഷേക‍്Updated: Tuesday Jul 23, 2024

മന്ത്രി വീണാ ജോർജ് മലപ്പുറത്ത് നിപാ അവലോകന യോഗത്തിനുശേഷം. 
കലക്ടർ വി ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ 
എന്നിവർ സമീപം

മലപ്പുറം
നിപാ ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രതയോടെ പ്രതിരോധപ്രവര്‍ത്തനം തുടര്‍ന്ന് സര്‍ക്കാര്‍. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ വീടുകളില്‍ സര്‍വേ നടത്താനും പനിബാധിതരെ കണ്ടെത്താനും 224 ടീമുകളെ സജ്ജമാക്കി. പാണ്ടിക്കാട് പഞ്ചായത്തില്‍ 144 ടീമും ആനക്കയത്ത് 80 ടീമും സര്‍വേ നടത്തും. ഒരു ടീമില്‍ രണ്ടുപേരാണുള്ളത്‌. ഇവര്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കി. ചോദ്യാവലികളുമായാണ് വീടുകയറുന്നത്. പനിബാധിതരുണ്ടോ, കുടുംബത്തില്‍ അടുത്തിടെ അസ്വാഭാവിക മരണങ്ങളുണ്ടായിട്ടുണ്ടോ, വളര്‍ത്തുമൃ​ഗങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞും തിങ്കളാഴ്ചയുമായി 7239 വീടുകള്‍ സംഘം സന്ദര്‍ശിച്ചു. തിങ്കളാഴ്ചമാത്രം പാണ്ടിക്കാട് പഞ്ചായത്തിലെ 3702ഉം ആനക്കയത്തെ 2940 വീടുകളും സന്ദര്‍ശിച്ചു.  
ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. നിപാ പ്രോട്ടോകോളുകള്‍ പാലിച്ചാണ് തിങ്കളാഴ്ച പ്ലസ്‌ വണ്‍ അലോട്മെന്റ് നടപടി പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ചയും ഇതുപോലെ തുടരും. പോളിടെക്‌നിക് കോളേജ് അലോട്മെന്റും നിപാ പ്രോട്ടോകോള്‍പ്രകാരം നടത്തും.  
നിയന്ത്രണം തുടരും
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം തുടരും. കടകളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ വൈകിട്ട്‌ അഞ്ചുവരെയാക്കി. 
രോഗം പടരാതിരിക്കാൻ ഓരോരുത്തരും സ്വയം നിയന്ത്രണമേർപ്പെടുത്തേണ്ടതുണ്ട്. പനിയില്ലാത്ത, ഫലം നെഗറ്റീവായവര്‍ക്ക് വീടുകളിലേക്ക് മടങ്ങാം. ഇവരും  സമ്പര്‍ക്കപ്പട്ടികയിലുള്ളവരും നിര്‍ബന്ധമായും 21 ദിവസം ഐസൊലേഷനിൽ കഴിയണം. രോഗിയുമായി അവസാന സമ്പർക്കമുണ്ടായതുമുതലുള്ള ദിവസമാണ് കണക്കാക്കുക.
വിദ്യാര്‍ഥികള്‍ക്ക് 
കൗണ്‍സലിങ് 
നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സലിങ് നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ –- ശിശുക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കിയത്. ഇതിനായി ഓണ്‍ലൈനായി പ്രത്യേക ക്ലാസ് പിടിഎ യോ​ഗം ചേർന്നു. 
ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യക്തിപരമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പെന്‍ഷന്‍ മസ്റ്ററിങ്ങിന് 
അവസരമൊരുക്കും
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലുള്ളവരുടെ പെന്‍ഷന്‍ മസ്റ്ററിങ്ങിന് പിന്നീട് പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടര്‍ക്ക് ഇതിന്‌ നിര്‍ദേശം നല്‍കി. മറ്റിടങ്ങളില്‍ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മസ്റ്ററിങ് നടത്തണം.
 
 
മൃഗങ്ങളുടെ സാമ്പിൾ ശേഖരിച്ചു
മലപ്പുറം
പാണ്ടിക്കാട്‌ ചെമ്പ്രശേരിയിൽ നിപാ ബാധിച്ച്‌ മരിച്ച കുട്ടിയുടെ വീടിന്‌ ഒരുകിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളുടെ കണക്കുകൾ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ശേഖരിച്ചു. 1200 കോഴി, 82 പശു, 98 ആട്‌, 11 പോത്ത്‌, 20 പൂച്ച, അഞ്ച്‌ പട്ടി എന്നിങ്ങനെയാണ്‌ മൃഗങ്ങളുള്ളത്‌. മരിച്ച കുട്ടിയുടെ നാല്‌ കാടകളുമുണ്ട്‌. 
കണ്ടെത്തിയ മൃഗങ്ങളുടെ പത്ത്‌ ശതമാനത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. 10 പശു, 14 ആട്‌, ഓരോന്നുവീതം പട്ടി, പൂച്ച, പോത്ത്‌ എന്നിവയുടെ സാമ്പിളാണ്‌ എടുത്തത്‌. ഇവ ചൊവ്വാഴ്‌ച ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക്‌ (ഐസിഎആർ) അയക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി ബിന്ദു, ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. കെ ഷാജി, ജില്ലാ എപ്പിഡമോളജിസ്‌റ്റ്‌ ഡോ. വി എസ്‌ സുശാന്ത്‌, ജില്ലാ ലാബ്‌ ഓഫീസർ ഡോ. അബ്ദുൾ നാസർ, പാണ്ടിക്കാട്‌ വെറ്ററിനറി ഓഫീസർ ഡോ. നൗഷാദ് അലി എന്നിവർ സംഘത്തിലുണ്ടായി.
 
ഭീതിയില്ല; ജാഗ്രതയോടെ പാണ്ടിക്കാട്‌
പാണ്ടിക്കാട്‌
ഭീതിയില്ലാതെ; ജാഗ്രതയോടെ പാണ്ടിക്കാടും ചെമ്പ്രശേരിയും. പകൽ പാണ്ടിക്കാട്‌ ടൗൺ സാധാരണപോലെയാണ്‌.  
ചെമ്പ്രശേരി താലപ്പൊലിപ്പറമ്പും പള്ളിപ്പടിയിലുമെല്ലാം ജനത്തിരക്ക്‌ നന്നേ കുറഞ്ഞു. താലപ്പൊലിപ്പറമ്പിൽ  ഏതാനും കടകൾ തുറന്നിട്ടുണ്ട്‌. മരിച്ച കുട്ടിയുടെ വീടിനുസമീപമുള്ള പള്ളിപ്പടി ഭാഗത്ത്‌ ആരും പുറത്തിറങ്ങുന്നില്ല. പ്രദേശത്തെ ജനങ്ങൾ വീടുകളിൽപോലും മാസ്‌ക്‌ ധരിക്കുന്നുണ്ട്‌. 
ജില്ലയുടെ  എല്ലാ ഭാഗത്തുള്ളവരും മാസ്‌ക്‌ ധരിക്കണമെന്നാണ്‌ നിർദേശം. പ്രദേശത്ത്‌ ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി സർവേ നടത്തുന്നുണ്ട്‌.
 
മൊബൈൽ ലാബ്‌ 
ഇന്നുമുതൽ
മഞ്ചേരി
നിപാ പരിശോധനയ്‌ക്ക്‌ മൊബൈൽ ലാബ്‌ സജ്ജീകരിക്കാൻ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്‌ധർ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി. മൊബൈൽ ലാബ്‌ ഒരുക്കാനുള്ള സൗകര്യം സംഘം വിലയിരുത്തി. ലാബ്‌ ചൊവ്വാഴ്‌ച പ്രവര്‍ത്തനം തുടങ്ങും.  ഇതോടെ പുണെയിലെ സ്രവ പരിശോധന ഇവിടെതന്നെ നടത്താനും ഫലം വേഗം ലഭ്യമാക്കാനുമാകും.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിർമാണത്തിലിരിക്കുന്ന വൈറോളജി ലാബിലെ സംവിധാനങ്ങൾ മികച്ചതാണെന്ന് സംഘം വിലയിരുത്തി. കോവിഡ് കാലത്ത് ഒരുക്കിയ പിസിആർ ലാബിനോടുചേർന്നാണ് വൈറോളജി ലാബ് ഒരുക്കുന്നത്. ലാബിന്‌ 1.96 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
 
കുട്ടി അമ്പഴങ്ങ 
കഴിച്ചു
മലപ്പുറം
പാണ്ടിക്കാട്ടെ നിപാ ഉറവിടം അമ്പഴങ്ങ തന്നെയെന്ന്‌ പ്രാഥമിക വിലയിരുത്തൽ. നിപാ ബാധിച്ച്‌ മരിച്ച കുട്ടി പ്രദേശത്തെ ജലാശയത്തിൽ കുളിക്കാൻ പോയതായും ഇവിടുത്തെ മരത്തിൽനിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും സുഹൃത്തുക്കൾ വിവരം നൽകി.  മരിച്ച കുട്ടിമാത്രമാണ് അമ്പഴങ്ങ കഴിച്ചത്. 
ആരോഗ്യപ്രവർത്തകർ കുട്ടിയുടെ ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പഴങ്ങ ലഭിച്ച സ്ഥലവും അധികൃതർ പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വിദ്യാർഥി മറ്റ് ജില്ലകളിൽ പോയിട്ടില്ലെന്നും കൂടുതൽ തെളിവുകൾകൂടി പരിശോധിച്ചശേഷം ഉറവിടം സ്ഥിരീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top