27 September Monday

ഓർമയിലുണ്ടെന്നും ഒളിമ്പ്യൻ റഹ്‌മാൻ

സ്വന്തം ലേഖികUpdated: Friday Jul 23, 2021
കോഴിക്കോട്‌
ഒളിമ്പിക്‌സ്‌ വന്നടുക്കുമ്പോൾ കോഴിക്കോടിനുമുണ്ട്‌ ഏറെ പറയാൻ.  ഒളിമ്പ്യൻ റഹ്‌മാനും പി ടി ഉഷയും മയൂഖ ജോണിയുമെല്ലാം ഒളിമ്പിക്‌സ്‌ വേദി തൊട്ടറിഞ്ഞവർ. പേരാമ്പ്രക്കാരനായ നോഹ നിർമൽ ടോം ഇത്തവണ ടോക്യോയിൽ എത്തിയിട്ടുണ്ട്‌. ഇന്ത്യയ്‌ക്ക്‌ വേണ്ടി ബൂട്ടണിഞ്ഞ്‌ 1956ലെ മെൽബൺ ഒളിമ്പിക്‌സിൽ സെമിഫൈനൽ വരെയെത്തിയ താഴത്തേരി അബ്‌ദുൾറഹ്‌മാൻ എന്ന ഒളിമ്പ്യൻ റഹ്‌മാനാണ്‌ കോഴിക്കോടിന്റെ പേര്‌ ആദ്യമായി അതിർത്തി കടത്തിയത്‌. ഇന്ത്യൻ ഫുട്‌ബോളിന്റെ എക്കാലത്തെയും നേട്ടങ്ങളിലൊന്നും ഇതായിരുന്നു.  
‘സ്വർണം, അതല്ലെങ്കിൽ വെള്ളി  ഇതിലേതെങ്കിലുമൊന്നുമായി മടങ്ങേണ്ടതായിരുന്നു’.   ഒളിമ്പിക്‌സിനെക്കുറിച്ച്‌ പറയുമ്പോൾ ഉപ്പ എപ്പോഴും പറയുന്നതാണിത്‌–- റഹ്‌മാന്റെ മകൻ ഹാരിസ്‌ റഹ്‌മാൻ പറഞ്ഞു. ആതിഥേയരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ്‌ സെമിയിലെത്തിയത്‌. 70 മിനിറ്റ്‌ പൊരുതിനിന്ന ശേഷം  അവസാന മിനിറ്റുകളിലാണ്‌ യൂഗോസ്ലാവ്യയോട്‌ തോൽക്കുന്നത്‌. മത്സരത്തിലുടനീളം മികച്ച ഫോമിലായിരുന്നു ഇന്ത്യൻ കളിക്കാർ. എന്നാൽ ഭാഗ്യം കൈവിട്ടു. ഇന്ത്യയിൽ അന്ന്‌ 70 മിനിറ്റായിരുന്നു ഫുട്‌ബോൾ മത്സരങ്ങൾ. ആദ്യമായിട്ടായിരുന്നു 90 മിനിറ്റിലെ മത്സരം കളിക്കുന്നത്‌. ഇത്‌ മത്സരത്തെ ബാധിച്ചിരുന്നു.  മൈതാനങ്ങളും മറ്റു സൗകര്യങ്ങളും ഏറെ മികച്ചതായിരുന്നെന്ന്‌ പറയുമായിരുന്നെന്നും ഹാരിസ്‌ പറഞ്ഞു. 
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ താരം എന്ന പേരും ഒളിമ്പ്യനൊപ്പമുണ്ട്‌. മെൽബണിന്‌ ശേഷം തുടർന്ന്‌ വന്ന റോം ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതാ റൗണ്ട്‌ വരെ റഹ്‌മാൻ കളിച്ചു. എന്നാൽ, മത്സരത്തിനിടെ പരിക്കേറ്റത്‌ രണ്ടാമത്തെ ഒളിമ്പിക്‌സ്‌ സ്വപ്‌നങ്ങൾ തട്ടിയകറ്റി.  
1836ൽ ജനിച്ച റഹ്‌മാന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു ഫുട്ബോൾ. 10ാം വയസുമുതൽ പന്തുതട്ടിത്തുടങ്ങിയ അദ്ദേഹം 1955ൽ ഇന്ത്യയ്‌ക്ക്‌ വേണ്ടി ആദ്യമായി ജഴ്‌സിയണിഞ്ഞു–- 17ാം വയസിൽ.  തിരുവനന്തപുരത്ത്‌ റഷ്യ‌ക്കെതിരെയായിരുന്നു അത്‌. ഒമ്പത്‌ തവണ ബംഗാളിനെ പ്രതിനിധീകരിച്ച്‌ സന്തോഷ്‌ ട്രോഫിക്ക്‌ ഇറങ്ങി. നാല്‌ തവണ കിരീടം സ്വന്തമാക്കി. വിവിധ ഫുട്‌ബോൾ ക്ലബ്ബുകളിൽ അംഗമായി. 1967ലാണ്‌ ബൂട്ടഴിച്ചത്‌. 
തിരികെ കേരളത്തിലെത്തിയ അദ്ദേഹം പരിശീലകന്റെ സ്ഥാനവും അലങ്കരിച്ചു.  കേരള ജൂനിയർ ടീമിനെ പരിശീലിപ്പിച്ചായിരുന്നു തുടക്കം.  കെഎസ്‌ഇബി, ടൈറ്റാനിയം, മുഹമ്മദൻസ്‌ തുടങ്ങിയ ടീമുകളുടെയും പരിശീലകനായി. 2002 ഡിസംബറിലായിരുന്നു അന്ത്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top