കടയ്ക്കൽ
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട ടിപ്പർ നിർത്തിയിട്ടിരുന്ന കാറുകളിലും ഇരുചക്രവാഹനത്തിലും ഇടിച്ചുകയറി. ടിപ്പർ ഡ്രൈവർ ഇടമുളയ്ക്കൽ അനിൽ വിലാസത്തിൽ അനിൽകുമാർ (42), കാറിലുണ്ടായിരുന്ന ചിതറ വളവുപച്ച നാസിം മൻസിലിൽ നസീർ (50), ഭാര്യ സീനത്ത് (42)എന്നിവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ സീനത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കൽ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.ചിതറയിൽനിന്ന് എംസാൻഡുമായി നിലമേൽ ഭാഗത്തേക്ക് പോകുന്നതിനിടെ ബുധൻ പകൽ 12.50ന് കടയ്ക്കൽ ബസ് സ്റ്റാൻഡ് കഴിഞ്ഞപ്പോഴാണ് ടിപ്പർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം നിർത്തി ഹാൻഡ് ബ്രേക്കിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുന്നോട്ടുനീങ്ങിയ ടിപ്പർ അറഫാ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട കാറിലും സ്കൂട്ടറിലും ഇടിച്ചശേഷം യാത്രക്കാരുണ്ടായിരുന്ന കാറിലും ഇടിച്ചു. കാറുമായി മുന്നോട്ടുനീങ്ങിയ ടിപ്പർ സമീപത്തെ ട്രാൻസ്ഫോർമറിന് മുന്നിലെ വൈദ്യുത തൂണിൽ ഇടിച്ചുനിന്നു. തൂൺ ഒടിഞ്ഞുവീണു.
തൂണിനും ടിപ്പറിനുമിടയിൽ ഞെരുങ്ങിപ്പോയ കാർ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.അപകടത്തിന് അഞ്ചുമിനിറ്റ് മുമ്പ് അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിതരണം നിർത്തിവച്ചതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് കടയ്ക്കൽ –-നിലമേൽ റോഡിൽ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..