09 September Monday

കണ്ണീർപ്പുഴയായി മണമ്പൂർ ഗ്രാമം

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

അനുവിന്റെ മൃതദേഹം പട്ടികജാതി ക്ഷേമസമിതി സംസ്ഥാന 
വൈസ് പ്രസിഡന്റ് ബി സത്യന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

വർക്കല
വാഹനാപകടത്തിൽ അമ്മയും മകളും അമ്മൂമ്മയും മരിച്ചതോടെ മണമ്പൂർ ഗ്രാമം സങ്കടക്കടലായി.ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ദിവസം പ്രായമുള്ള നവജാത ശിശു ഉൾപ്പെടെ ഒരു വീട്ടിലെ മൂന്നുപേരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രിനടന്ന വാഹനാപകടത്തിൽ 3 പേർ തൽക്ഷണം മരിച്ചു. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്ന  കുഞ്ഞിന്റെഅമ്മ അനു (22) ആണ് തിങ്കളാഴ്ച മരണപ്പെട്ടത്. മണമ്പൂർ കാരൂർക്കോണം കോളനിവാസികളും പ്രദേശ വാസികളും ഒന്നടങ്കം അനുവിനെ കാണാനും അന്ത്യോപചാരമർപ്പിക്കാനുമെത്തിയിരുന്നു.  അന്ത്യചുംബനം നൽകാനെത്തിയ ബന്ധുക്കളുടെ അടക്കാനാവാത്ത കരച്ചിൽ കേട്ട് കണ്ട് നിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
കൂലിപ്പണിക്കാരനായ ഭർത്താവ് മഹേഷിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വാഹനാപകടത്തിൽ അനുവിന്റെ ഇളയ കുട്ടി 4 ദിവസം മാത്രം പ്രായുള്ള അതിഥി എന്ന പെൺകുഞ്ഞും മരണപ്പെട്ടു.
 
മിഥുന് ആശ്വാസമേകാൻ 
ഇനി അച്ഛൻ മാത്രം
തിരുവനന്തപുരം
മിഥുന് ഇനി ആശ്രയം അച്ഛൻ മാത്രം. കുഞ്ഞനുജത്തിയും അമ്മൂമ്മയും ഇനിയില്ലെന്ന യാഥാർഥ്യം തിരിച്ചറിയും മുമ്പേ നാലാംനാള്‍ അമ്മ കൂടി നഷ്ടപ്പെട്ടതും അവൻ അറിഞ്ഞിട്ടില്ല.  ഇരുകാലുകളും ഒടിഞ്ഞതിന്റെ വേദനയിൽ പുളഞ്ഞും ഇടയ്ക്ക് ഉറക്കെ കരഞ്ഞും അമ്മയെ അന്വേഷിക്കുമ്പോഴും ആശ്വസിപ്പിക്കാനാകാതെ തളർന്നിരിക്കുകയാണ് ബന്ധുക്കൾ. മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ വാർഡിലേക്ക്‌ മാറ്റി. തിങ്കൾ രാവിലെ കൂട്ടിരിപ്പുകാരനായ ബന്ധുവാണ് മിഥുന്റെ അമ്മയും മരിച്ചുവെന്ന വിവരം ഡ്യൂട്ടി നഴ്സിനെ അറിയിച്ചത്. എല്ലുകൾ തകർന്ന വേദനയിലും അവൻ അമ്മയെ അന്വേഷിച്ചു.  എന്നാൽ, മകന്റെ വിളി കേൾക്കാൻ കഴിയാത്ത ലോകത്തേക്ക്‌ ആ അമ്മയും യാത്രയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top