നിലമ്പൂർ
റബർ കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ 25, 26 തീയതികളിൽ രാജ്ഭവന് മുന്നിൽ സംഘടിപ്പിക്കുന്ന രാപ്പകൽ സമരത്തിന് മുന്നോടിയായി ജില്ലാതല കർഷക ലോങ് മാർച്ചും മഹാപഞ്ചായത്തും ബുധനാഴ്ച ചന്തക്കുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. പി വി അൻവർ എംഎൽഎ മുഖ്യാതിഥിയാവും.
കിലോയ്‌ക്ക് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ റബർ സംഭരിക്കുക, റബർ കാർഷിക വിളയല്ലെന്ന നിതി ആയോഗ് തീരുമാനം പുനഃപരിശോധിക്കുക, റബറധിഷ്ഠിത വ്യവസായ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം നൽകുക, റബറിനെ കാർഷിക വിളയായി പരിഗണിക്കുക, ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, റബർ ബോർഡ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എം ഷൗക്കത്ത്, സംഘാടക സമിതി ചെയർമാൻ ഇ പത്മാക്ഷൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..