17 September Tuesday

എസ‌്ഡിപിഐ പിന്തുണ യുഡിഎഫിന‌്; വോട്ട് കച്ചവടം ഉറപ്പിച്ച‌് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻUpdated: Thursday May 23, 2019
 
മലപ്പുറം
സംസ്ഥാനത്ത‌്  കടുത്ത മത്സരം നടന്ന മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണച്ചുവെന്ന‌് എസ‌്ഡിപിഐ നേതാവിന്റെ വെളിപ്പെടുത്തൽ. പാർടി മത്സരിക്കാത്ത സീറ്റുകളിൽ ബിഎസ‌്പിക്ക‌് വോട്ട് നൽകുമെന്നാണ് എസ‌്ഡിപിഐ നേതൃത്വം  നേരത്തെ അവകാശപ്പെട്ടിരുന്നത‌്. ഇതോടെ സംസ്ഥാനത്ത‌് യുഡിഎഫ‌് –-എസ‌്ഡിപിഐ സഖ്യം വ്യക്തമായി.  
 തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ എസ്‍ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നുവെന്നാണ‌് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റ‌് അബ്ദുൾ മജീദ് ഫൈസി വെളിപ്പെടുത്തിയത‌്. മലപ്പുറത്ത‌് കുഞ്ഞാലിക്കുട്ടിക്കെതിരെ ഇദ്ദേഹം സ്ഥാനാർഥിയാണ‌്. ഇതോടെ എസ‌്ഡിപിഐ സ്ഥനാർഥികളുടെ മത്സരം പേരിനുമാത്രമെന്നും യുഡിഎഫിന‌് വോട്ട് മറിച്ചുവെന്നും ഉറപ്പായി. 
   തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ പൊന്നാനി ലോക‌്സഭാ മണ്ഡലം  മുസ്ലിംലീഗ‌് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീറും മലപ്പുറം സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയത് വിവാദമായിരുന്നു. 
കൊണ്ടോട്ടിയില രഹസ്യ ചർച്ച സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തായപ്പോൾ സൗഹൃദ സംഭാഷണം എന്നാണ് ലീഗ‌് നേതൃത്വം അവകാശപ്പെട്ടത‌്. എന്നാൽ  പ്രധാന സീറ്റുകളിൽ  സ്ഥാനാർഥിയെ നിർത്താതെ ലീഗിനെ പിന്തുണച്ചതും പൊന്നാനിയിലെ സ്ഥാനാർഥി സജീവമാകാതിരുന്നതും എസ‌്ഡിപിഐയെ  വെട്ടിലാക്കി. തുടർന്ന‌് മലപ്പുറത്ത‌് കുഞ്ഞാലിക്കുട്ടിക്കെതിരെ എസ‌്ഡിപിഐക്ക‌് സ്ഥാനാർഥിയെ നിർത്തേണ്ടിവന്നു. എന്നാൽ വോട്ടുകച്ചവടം സംബന്ധിച്ച‌് നീക്കങ്ങൾ രഹസ്യമായി തുടർന്നു. 
 ജമാഅത്തെ ഇസ‌്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർടി സംസ്ഥാനത്ത് 20  മണ്ഡലങ്ങളിലും യുഡിഎഫ‌ിന് പിന്തുണ പ്രഖ്യാപിച്ച‌് പ്രചാരണത്തിൽ മുന്നിലായിരുന്നു.  
    ഇത്തരം തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സഹായം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് ലീഗ‌് പിരിച്ചുവിടുന്നതാണെന്നായിരുന്നു അന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ച‌് വന്ന വാർത്തകളോട്  എം കെ മുനീർ പ്രതികരിച്ചത്.  എന്നാൽ മുനീറിന്റെ അഭിപ്രായം തള്ളി ലീഗ‌് –-യുഡിഎഫ‌് നേതൃത്വം ഈ സംഘടനകളുമായി അവിശുദ്ധ സഖ്യം തുടർന്നു. 
ജയസാധ്യതയില്ലാത്ത യുഡിഎഫ‌് സ്ഥാനാർഥികളെ പിന്തുണച്ചത‌് ബിജെപിയെ സഹായിക്കാനാണെന്ന വിമർശം എസ‌്ഡിപിഐ അണികളിലുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top