22 August Thursday

മലയോരത്ത് വീണ്ടും കാട്ടാനഭീതിയുടെ ചിന്നംവിളി വ്യാപകമായി കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
രാജപുരം
മലയോരത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷം.  വ്യാപകമായി  കൃഷി നശിപ്പിച്ചു. പനത്തടി  പഞ്ചായത്തിലെ വിവിധ  വനാതിർത്തി ഗ്രാമങ്ങളിലാണ് കാട്ടാന ഭീഷണി ഉയർത്തുന്നത്. ചാമുണ്ടിക്കുന്ന്, തുമ്പോടി,  അരിപ്രോഡ് ഐക്കോൽ, കാര്യങ്ങാനം, വണ്ണാർക്കയം, വട്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം അതിരൂക്ഷം. കൂട്ടത്തോടെ കാടിറങ്ങുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം  പുലർച്ചെയോടെ കാടിറങ്ങിയ ആനക്കൂട്ടം തുമ്പോടിയിലെ  കെ ടി ചന്ദ്രന്റെ തെങ്ങ്, വാഴ, കമുങ്ങ്  എന്നിവ വ്യാപകമായി നശിപ്പിച്ചു. കർണാടക വനത്തിൽ നിന്നും എൻ എസ് എസ് എസ്റ്റേറ്റ് വഴി പുഴ കടന്നാണ് ആനക്കൂട്ടമെത്തിയത്. പുഴയിൽ വെള്ളമില്ലാത്തതിനാൽ കുട്ടിയാന അടക്കം ജനവാസകേന്ദ്രത്തിലെത്തുന്നു. അക്രമകാരികളായ കല്ലാന വർഗത്തിൽ പെട്ട എട്ടോളം ആനകളാണ് കൂട്ടത്തിലുള്ളതെന്ന് പരിസരവാസികൾ പറയുന്നു.  പലപ്പോഴും  ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ  വീണ്ടും കാട് കയറ്റാൻ  ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. 
കർണാടക വനമേഖലയിൽ വെള്ളവും തീറ്റയും കുറഞ്ഞതോടെ ഇവ തേടി ആനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്. വർഷങ്ങൾക്ക് മുൻപ് കാട്ടാനകൾ കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തടക്കം വനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്ത് ഭാഗങ്ങളിൽ ഭൂരിഭാഗത്തും സൗരോർജ വേലി സ്ഥാപിച്ചിരുന്നു. ഇതോടെ ആനയിറങ്ങുന്നത് ഒരു പരിധി വരെ കുറഞ്ഞിരുന്നു. എന്നാൽ സൗരോർജ വേലിയുടെ സംരക്ഷണത്തിനായി രൂപവത്കരിച്ച സമിതികൾ പലതും നിശ്ചലമായതോടെ മിക്ക സ്ഥലങ്ങളിലും കാടുകയറിയും മറ്റും ഇവയുടെ പ്രവർത്തനക്ഷമത കുറഞ്ഞു. ഇതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാൻ ഒരു കാരണമെന്നും പറയപ്പെടുന്നു.

 

പ്രധാന വാർത്തകൾ
 Top