02 March Tuesday
ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌

ഹരിതം, ജനകീയം

സ്വന്തം ലേഖകൻUpdated: Tuesday Feb 23, 2021

തുടർച്ചയായി ആറാം വർഷം ബജറ്റ്‌ അവതരിപ്പിച്ച വൈസ്‌ പ്രസിഡന്റ്‌ എ ഷൈലജാബീഗത്തെ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ അഭിനന്ദിക്കുന്നു

തിരുവനന്തപുരം 
ഉൽപ്പാദന മേഖലയിലും സാമൂഹ്യ ക്ഷേമരംഗത്തും കുതിപ്പിന്‌ ലക്ഷ്യമിട്ട്‌ ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌. കാർഷിക, ക്ഷീര, പരമ്പരാഗത മേഖലകൾക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ബജറ്റ്‌ കാർഷിക–-ഗ്രാമീണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു. 716.36 കോടി രൂപയുടെ വരവും 699.13 കോടി ചെലവും 17.23 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈലജ ബീഗം അവതരിപ്പിച്ചത്‌. പുതിയ ഭരണസമിതി അധികാരമേറ്റശേഷമുള്ള ആദ്യ ബജറ്റാണിത്. 
സുഭിക്ഷം, സുരക്ഷിതം 
ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കാനും ഭക്ഷ്യോൽപ്പാദനത്തിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നു വിവിധ പദ്ധതികൾ. കേദാരം സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക്‌ ഒന്നരക്കോടിയും തദ്ദേശസ്ഥാപനങ്ങളിലും പൊതുസ്ഥലത്തും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമ്മിശ്ര കൃഷി നടത്താൻ 50 ലക്ഷം രൂപയും വിവിധ പാടശേഖര കാർഷിക കർമസേനയ്‌ക്ക്‌ 35 ലക്ഷം രൂപയും വകയിരുത്തി. ചെറ്റച്ചൽ, വിതുര, പാറശാല ഫാമുകൾ നവീകരിക്കാൻ പണം നീക്കിവച്ചു. വിതുര ഫാമിൽ 100 പശുക്കളെക്കൂടി വാങ്ങും. 
 
തലചായ്‌ക്കാൻ ‘ലൈഫ്‌’
ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഭവനരഹിതർക്ക്‌ വീടുവച്ച്‌ നൽകാൻ 14.80 കോടി രൂപ.
 
വിശപ്പകറ്റാൻ പാഥേയം
വിശപ്പുരഹിത ജില്ലയെന്ന ലക്ഷ്യമിട്ടുള്ള പാഥേയം പദ്ധതിക്ക്‌ 8.20 കോടി രൂപ. അഗതികളും അശരണരുമായ ദുർബല വിഭാഗങ്ങൾക്ക്‌ ഒരുനേരം ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്നു. 
 
തെളിയും വെള്ളായണി
വെള്ളായണി കായലിനെയും ജൈവവൈവിധ്യ സമ്പത്തിനെയും സംരക്ഷിക്കും. കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളുമായി ചേർന്ന്‌ ജനകീയ പിന്തുണയോടെയാണ്‌ കായൽ സംരക്ഷണം ഏറ്റെടുക്കുക. പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ 50 ലക്ഷം രൂപ.
  
കരുതലോടെ സ്‌നേഹസ്‌പർശം
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക്‌ സ്‌കോളർഷിപ്‌, സ്‌നേഹസ്‌പർശം പദ്ധതിക്കായി 2.25 കോടി രൂപ. 
 
ഡയാലിസിസ്‌ രോഗികൾക്ക് ആശ്വാസ്‌ 
ഡയാലിസിസിന്‌ വിധേയരാകുന്ന നിർധനർക്ക്‌ ധനസഹായം നൽകുന്ന ആശ്വാസ്‌ പദ്ധതിക്കായി  ഒന്നര കോടി രൂപ. 
 
വനിതകൾ ഇനി, സുശക്ത
വനിതകൾക്ക്‌ കായിക–-ശാരീരികക്ഷമത നിലനിർത്താനായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ സുശക്ത. വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകും. സ്‌റ്റേഡിയങ്ങളും സ്‌പോർട്‌സ്‌ ഹബുകളും സ്‌ത്രീകൾക്ക്‌ ലഭ്യമാക്കും. വോളിബോൾ, റസ്‌ലിങ്, നീന്തൽ തുടങ്ങിയ ഇനങ്ങളിൽ പരിശീലനം നൽകും.
 
ലൈവ്‌ ഫിഷ്‌ സ്‌റ്റാൾ
മത്സ്യത്തൊഴിലാളി സ്‌ത്രീകൾക്ക്‌ കച്ചവടം നടത്താൻ പ്രത്യേക സൗകര്യം. കോവിഡ്‌ മൂലം പ്രതിസന്ധിയിലായ ഇവർക്ക്‌ സഹായകരമാകുന്ന പദ്ധതിക്കായി 25 ലക്ഷം രൂപ.
 
കരുതൽ
മതിയായ സംരക്ഷണവും പുനരധിവാസവും ലഭിക്കാൻ സാധ്യതയില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി സംരക്ഷിക്കുന്ന പദ്ധതി ഈ വർഷം നടപ്പാക്കും. ആദ്യഘട്ടത്തിൽ വനിതകളെ കൊറ്റാമം കെയർ സെന്ററിലും പുരുഷന്മാരെ പെരിങ്ങമ്മലയിലുള്ള ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പുനരധിവസിപ്പിക്കും. 75 ലക്ഷം രൂപ വകയിരുത്തി. 
 
പഠിച്ചുയരാൻ വിദ്യാജ്യോതിയും വനജ്യോതിയും
പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ പരിശീലനം നൽകി പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതാണ്‌ 'വിദ്യാജ്യോതി'. ആദിവാസി ഊരുകളിൽ അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതാണ്‌ 'വനജ്യോതി'. ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിവിധ സ്‌കൂളുകളുടെ പഠനവും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്താൻ 80 ലക്ഷം രൂപയും വകയിരുത്തി. പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി 1.2 കോടി രൂപയും  പഠനമുറി ഒരുക്കാൻ 2.9കോടി രൂപയും നീക്കിവയ്‌ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top