മലപ്പുറം/കൊല്ലം
നുണക്കോട്ടകൾ തകർത്തെറിഞ്ഞ് നേരിന്റെ പതാകയേന്തി എങ്ങും ജനപ്രവാഹം. ജനകീയ സർക്കാരിന്റെ തുടർഭരണം വിളിച്ചോതി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഒഴുകിയെത്തുന്ന ആയിരങ്ങളുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ പ്രയാണം തുടരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പാലക്കാട് ജില്ലയിൽ പ്രവേശിച്ചു. തിങ്കളാഴ്ച ഏറനാട് മണ്ഡലത്തിലെ അരീക്കോടായിരുന്നു ആദ്യ സ്വീകരണം. നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ പര്യടനത്തിന്ശേഷം പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്ക്. ജില്ലാഅതിര്ത്തിയായ പട്ടാമ്പി വിളയൂർ സെന്ററിൽ എൽഡിഎഫ് ജില്ലാ നേതാക്കൾ ജാഥയെ വരവേറ്റു. പട്ടാമ്പി പൊലീസ് സ്റ്റേഷൻപരിസരത്തുള്ള മൈതാനിയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ അംഗങ്ങളായ കെ പി രാജേന്ദ്രൻ, പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്, കെ പി മോഹനൻ, പി കെ രാജൻ, കാസിം ഇരിക്കൂർ, ജോസ് ചെമ്പേരി, എ ജെ ജോസഫ്, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച കൂറ്റനാട്, ചെർപ്പുളശേരി, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന്ശേഷം പാലക്കാട് കോട്ടമൈതാനത്ത് സമാപിക്കും. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിൽ പ്രവേശിച്ചു. തിങ്കളാഴ്ച കോന്നി, അടൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂർ, ചടയമംഗലം എന്നിവിടങ്ങളിലും ജാഥയ്ക്ക് സ്വീകരണം നൽകി. ക്യാപ്റ്റന് പുറമെ അംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ് ചാഴികാടൻ എംപി, സാബു ജോർജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻ പിള്ള, എം വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് കൊട്ടാരക്കരയിൽനിന്ന് ജാഥ ആരംഭിക്കും. 11ന് കുന്നത്തൂർ, വൈകിട്ട് നാലിന് കരുനാഗപ്പള്ളി, അഞ്ചിന് ചവറ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..