02 March Tuesday

ഹൃദയം നൽകി; ഞങ്ങളിതാ കൂടെ...

സ്വന്തം ലേഖകൻUpdated: Tuesday Feb 23, 2021

പെരിന്തൽമണ്ണയിലെ സ്വീകരണത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ ജാഥാ ക്യാപ്‌റ്റനെ ഷാൾ അണിയിക്കുന്നു

 

മലപ്പുറം

വികസന കുതിപ്പറിഞ്ഞ വീഥികളിൽ നിലയ്‌ക്കാത്ത പ്രവാഹം. കരുതലിന്റെ തണലായ സർക്കാരിനൊപ്പമെന്ന്‌ പ്രഖ്യാപിച്ച്‌ വൻ ജനാവലി‌. പതിനായിരങ്ങളുടെ സംഗമഭൂമിയിൽ വിജയപതാകയേന്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.  കാൽപ്പന്തിന്റെ മണ്ണായ അരീക്കോട്ടായിരുന്നു തിങ്കളാഴ്‌ചത്തെ ആദ്യ വരവേൽപ്പ്‌. വാദ്യമേളങ്ങളുടെയും മുത്തുക്കുടയേന്തിയ സ്‌ത്രീകളുടെയും നൂറുകണക്കിന്‌ പ്രവർത്തകരുടെയും അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെ ആനയിച്ചു. കിഴിശ്ശേരി പ്രഭാകരൻ  ഷാളണിയിച്ചു. കെ ഭാസ്‌കരൻ അധ്യക്ഷനായി. അബ്‌ദുറഹിമാൻ സ്വാഗതം പറഞ്ഞു.  നേട്ടങ്ങളുടെ മലകയറിയ നിലമ്പൂരിലെത്തുമ്പോൾ ഉച്ചവെയിലിനെ കൂസാതെ നിറമനസ്സോടെ കാത്തുനിന്നു ആയിരങ്ങൾ. ധീരരക്തസാക്ഷി കുഞ്ഞാലിയുടെ ഓർമ തുടിച്ച അന്തരീക്ഷത്തിൽ ആവേശം തിളച്ചു. വി എം ഷൗക്കത്ത്‌ ജാഥാ ക്യാപ്‌റ്റനെ ഹാരമണിയിച്ചു. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി.  വണ്ടൂരിൽ നാസിക്‌ ഡോളും ചെണ്ടമേളവും വെടിക്കെട്ടുമായി ഉത്സവപ്രതീതി. അലകടലായ്‌ ജനങ്ങൾ. ബി മുഹമ്മദ് റസാഖ് എ വിജയരാഘവനെ ഷാളണിയിച്ചു. ഇ പി ബഷീർ അധ്യക്ഷനായി. ബി മുഹമ്മദ് റസാഖ് സ്വാഗതവും അനിൽ നിരവിൽ നന്ദിയും പറഞ്ഞു.  അവസാനകേന്ദ്രമായ പെരിന്തൽമണ്ണയിൽ പൂരപ്പൊലിമയോടെ സ്വീകരണം. വഴിനീളെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അഭിവാദ്യങ്ങൾ. പി പി വാസുദേവൻ ജാഥാ ക്യാപ്‌റ്റനെ ഷാളണിയിച്ചു. എം എ അജയകുമാർ അധ്യക്ഷനായി. ഇ രാജേഷ്‌ സ്വാഗതവും കെ ടി സെയ്‌ദ്‌ നന്ദിയും പറഞ്ഞു.  ‘‘ഒന്നാം ഇ എം എസ്‌ സർക്കാർ സ്വപ്‌നംകണ്ട കേരളത്തിലേക്ക്‌ കൈപിടിച്ചുയർത്തുകയാണ്‌ പിണറായി വിജയൻ സർക്കാർ’’ –- ജാഥാനായകന്റെ പ്രസംഗത്തിന്‌ നിറഞ്ഞ കരഘോഷം. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക്‌ എൽഡിഎഫ്‌ നേതാക്കളായ പാലോളി മുഹമ്മദ്‌കുട്ടി, ഇ എൻ മോഹൻദാസ്‌, പി പി വാസുദേവൻ, പി കെ സൈനബ, പി പി സുനീർ, സബാഹ്‌ പുൽപ്പറ്റ, സി ദിവാകരൻ, വി എം ഷൗക്കത്ത്‌, വി പി അനിൽ, വേലായുധൻ വള്ളിക്കുന്ന്‌, വി ശശികുമാർ എന്നിവർ നേതൃത്വം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top