പട്ടാമ്പി
അക്രമ സമരത്തിലൂടെ ചോരപ്പുഴ ഒഴുക്കി കേരളത്തിൽ അധികാരത്തിലെത്താമെന്നുള്ള കോൺഗ്രസിന്റെ ആഗ്രഹം നടക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.
"വികസനമുന്നേറ്റജാഥ'യുടെ പട്ടാമ്പിയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനമനസിൽ യുഡിഎഫിന് ഇപ്പോൾ ഇടമില്ല.
കോൺഗ്രസിന്റെ നിലപാട് രാഷ്ട്രീയ അവസരവാദപരമാണ്. ഈ അവസരവാദമാണ് കോണ്‍ഗ്രസ് എംഎൽഎമാരെ ബിജെപിയിലേക്ക് പറഞ്ഞയക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയ സഖ്യങ്ങളെല്ലാം ഇനിയും തുടരുമോ എന്ന് ചെന്നിത്തല വ്യക്തമാക്കണം.
കോൺഗ്രസിന്റെ രാഷ്ട്രീയ കൂറുമാറ്റത്തിനോ ആർഎസ്എസ്–-ബിജെപി വിദ്വേഷ രാഷ്ട്രീയത്തിനോ കേരളത്തെ തകർക്കാനാകില്ല. ചോദിച്ചതെല്ലാം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. ലോകത്ത് ഏറ്റവും ഉയർന്ന മാനവവിഭവശേഷിയുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. രാജ്യമൊട്ടാകെ സംഘപരിവാർ വിതയ്ക്കുന്ന തീവ്രവർഗീയതയെ അവസാനശ്വാസം വരെ എതിർക്കാൻ കമ്യൂണിസ്റ്റുകാരുണ്ടിവിടെ. ബാബറി മസ്ജിദ് പൊളിക്കാനും അവിടെ ക്ഷേത്രം പണിയാനും കൂട്ടുനിന്ന കോൺഗ്രസിന് ഇപ്പോൾ ബിജെപി ക്ഷണിക്കാത്തതാണ് പരാതി. ശബരിമല, സ്വർണക്കടത്ത്, പിഎസ്സി നിയമനം തുടങ്ങി എല്ലാ വ്യാജ പ്രചാരണങ്ങളിലും പരാജയപ്പെട്ട കോൺഗ്രസും ചെന്നിത്തലയും ഇപ്പോൾ ചോരപ്പുഴയൊഴുക്കി സംസ്ഥാനത്ത് അധികാരത്തിലെത്താനാണ് ശ്രമിക്കുന്നത്. കെടുതികളുടെ കാലത്തും ഒരാളെപ്പൊലും വിട്ടുപോകതെ കേരളത്തിലെ എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച പിണറായി സർക്കാരിന് ജനങ്ങൾ തുടർഭരണം നൽകും.
അത് തടയാൻ യുഡിഎഫിനോ ബിജെപിക്കോ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..