25 May Saturday

എല്‍ഡിഎഫ് ജില്ലാജാഥയ്ക്ക് നാടെങ്ങും വരവേല്‍പ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 സ്വന്തം ലേഖകൻ

തൃശൂർ
‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ, എന്ന മുദ്രാവാക്യമുയർത്തിയുള്ള  കേരള സംരക്ഷണയാത്രയുടെ പ്രചാരണാർഥം എൽഡിഎഫ് ജില്ലാ വാഹന ജാഥയ‌്ക്ക് നാടെങ്ങും  വരവേൽപ്പ്. വികസനം, സമാധാനം, സാമൂഹ്യപുരോഗതി, ജനപക്ഷം ഇടതുപക്ഷം' എന്നീ  സന്ദേശം  ജനങ്ങളിൽ എത്തിക്കുന്നതിനാണ് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ക്യാപ്റ്റനായ എൽഡിഎഫ് ജാഥ പ്രയാണം നടത്തുന്നത്. 
  വെള്ളിയാഴ‌്ച  തൃശൂർ, ഒല്ലൂർ, നാട്ടിക,  കയ‌്പമംഗലം,  മണ്ഡലങ്ങളിലായിരുന്നു പര്യടനം. വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ്  സ്വീകരിക്കുന്നത്. ജാഥാംഗങ്ങൾ എത്തുന്നതോടെ ജനങ്ങൾ   പ്രകടനമായി എത്തുന്നു. നാടൻപാട്ടുകളും വിപ്ലവഗാനങ്ങളും   വേദികളെ ആവേശഭരിതമാക്കുന്നു.  
  കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിനൊപ്പം എൽഡിഎഫ് സർക്കാർ നടത്തുന്ന ജനക്ഷേമ–- വികസനനേട്ടങ്ങൾ വിവരിച്ചാണ് ജാഥ മുന്നോട്ടുപോവുന്നത്. സ്ത്രീകൾ ഉൾപ്പെടെ വനജനാവലിയാണ് ഓരോ സ്വീകരണകേന്ദ്രത്തിലും എത്തുന്നത‌്.  സമസ്തമേഖലകളിലുള്ള ജനവിഭാഗങ്ങളും ജാഥയെ വരവേൽക്കാനെത്തുന്നുണ്ട്.  
 സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം എം വർഗീസ്, വൈസ‌് ക്യാപ‌്റ്റൻ കെ കെ വത്സരാജ് (സിപിഐ ജില്ലാസെക്രട്ടറി), മാനേജർ എ വി വല്ലഭൻ ( എൻസിപി ) ജാഥാ അംഗങ്ങളായ പി ടി അഷറഫ് ( ജനതാദൾ എസ്), പോൾ എം ചാക്കോ (കേരള കോൺഗ്രസ്), പി എൻ ശങ്കർ (കോൺഗ്രസ് എസ്), എം പി പോളി (ജനാധിപത്യ കേരള കോൺഗ്രസ്), യൂജിൻ മോറേലി (ലോകതാന്ത്രിക് ജനതാദൾ), ഷൈജു ബഷീർ (കേരള കോൺഗ്രസ് ബി), മുഹമ്മദ് ചാമക്കാല(ഐഎൻഎൽ) എന്നിവരും എൽഡിഎഫ് നേതാക്കളും സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഷാജൻ,  പി കെ ഡേവിസ്,  എംഎൽഎമാരായ കെ രാജൻ, ഇ ടി ടൈസൺ തുടങ്ങിയവരും സംസാരിച്ചു.   
തൃശൂർ മണ്ഡലത്തിലെ  പടിഞ്ഞാറേകോട്ടയിൽനിന്നാണ്  വെള്ളിയാഴ്ച പര്യടനം ആരംഭിച്ചത്.  വിൽവട്ടം,  പട്ടിക്കാട് സെന്റർ, ഒല്ലൂർ, ചേർപ്പ്, തൃപ്രയാർ,  കൊപ്രക്കളം, എന്നിവിടങ്ങളിലെ പര്യടനശേഷം എസ് എൻ പുരത്ത് സമാപിച്ചു.    സമാപനയോഗം മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ശനിയാഴ്ച  ജാഥാ പര്യടനം സമാപിക്കും. ശനിയാഴ്ച രാവിലെ പുതുക്കാട് നിന്നും ആരംഭിച്ച് ചാലക്കുടി ജങ്ഷനിൽ സമാപിക്കും. 
സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യും. 
എൽഡിഎഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ രണ്ട് മേഖലാ ജാഥകളാണ‌്  സംസ്ഥാനത്ത്  പര്യടനം നടത്തുന്നത‌്.  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും  നേതൃത്വത്തിലാണ് ജാഥ പര്യടനം  തുടരുന്നത്.  ഇരുജാഥകളും മാർച്ച് രണ്ടിന് തൃശൂർ വിദ്യാർഥി കോർണറിൽ സമാപിക്കും. സമാപനറാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top