20 June Thursday
കാട്ടുതീ: ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു

50 ഹെക്ടറോളം വനഭൂമി കത്തിയമർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
ബത്തേരി 
വയനാട് വന്യജീവിസങ്കേതത്തിൽ വീണ്ടും കാട്ടു തീപടർന്നതിനെ തുടർന്ന് ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു. വ്യാഴാഴ്ച തീപടർന്ന കുറിച്യാട് റെയ്ഞ്ചിലെ താത്തൂർ ഫോറസ്റ്റ് സെക്ഷന‌്പുറമെ കുപ്പാടി ഫോറസ്റ്റ് സെക്ഷനിലെ വിവിധഭാഗങ്ങളിലും തീപടർന്നു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കുപ്പാടി ഫോറസ്റ്റ് സെക്ഷനുകീഴിലെ വിവിധഭാഗങ്ങളിൽ തീപടർന്നത്. വെള്ളിയാഴ്ച രാവിലെ താത്തൂർ വനമേഖലയിൽ പ്പെടുന്ന പാറകൊല്ലിഭാഗത്താണ് തീ വീണ്ടും പടർന്നത്. ഇവിടെയാണ് വ്യാഴാഴ്ചയും കത്തിയമർന്നത്. എന്നാൽ വീണ്ടും ഈ ഭാഗത്ത് തീപടരുകയായിരുന്നു. ഈ ഭാഗത്ത് ഫയർഫോഴ്‌സിന്റെ വാഹനമെത്താത്തതിനാൽ കാട്ടുതീ പെട്ടന്ന് അണക്കാൻ സാധിച്ചില്ല.  ഫയർവാച്ചർമാരും മറ്റ് വനംപാലകരും ശ്രമിച്ചെങ്കിലും ഉണങ്ങിയ മുളങ്കൂട്ടങ്ങളിൽ നിന്നും തീ പച്ചമരത്തിലേക്കും ഉണങ്ങി കുറ്റികാടുകളിലേക്കും അതിവേഗം പടർന്നു. രാവിലെ പതിനൊന്നുമണിയോടെ പടർന്ന് പിടിച്ച തീ വൈകിട്ട് അഞ്ചുമണിയോടെയാണ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ഇതിനുപുറമെയാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം കുപ്പാടിഫോറസ്റ്റ് സെക്ഷനുകീഴിൽവരുന്ന കാളിമലവട്ടം, അമ്പേതക്കർ, പച്ചാടി, കൗണ്ടർമൂല, ആറാംമൈൽ എന്നിവിടങ്ങളിൽ തീപിടിച്ചത്. ആദ്യം കൗണ്ടർമൂലയിൽ രണ്ട് മണിയോടെയാണ് തീപടർന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പച്ചാടി, കാളിമലവട്ടം എന്നിവിടങ്ങളിലേക്ക് തീപടർന്നു. പിന്നീട് ബത്തേരി പുൽപ്പള്ളി റോഡിനോട് ചേർന്ന് ആറാംമൈലിലേക്കും തീവ്യാപിച്ചു. തീപിടുത്തമുണ്ടായ സ്ഥലങ്ങളെല്ലാം കുറിച്യാട് റെയ്ഞ്ചിൽപെടുന്ന സ്ഥലങ്ങളാണ്. രണ്ട‌് ദിവസത്തെ തീപിടുത്തത്തിൽ 50ഹെക്ടറോളം വനഭൂമി കത്തിയമർന്നു. ഇതിൽ പുൽമേടുകളും, കുറ്റിക്കാടുകളും, വൻമരങ്ങളും ഇല്ലിക്കൂട്ടങ്ങളും ഉൾപ്പെടും.  കാട്ട‌് തീയിൽപ്പെട്ട‌്  ഇഴജന്തുക്കൾക്കും  മറ്റ് വന്യമൃഗങ്ങൾക്കും   ജീവഹാനിയും പരുക്കും സംഭവിച്ചതായി കരുതുന്നു.     വേനൽ കടുത്തുവരുന്ന സാഹചര്യത്തിൽ കാട്ടിലെ അവശേഷിക്കുന്ന നീരുറവകൾ വറ്റാനും തീറ്റ ഇല്ലാതാവാനും കാട്ട‌്കാ തീ കാരണമാകും. ഇതോടെ നിലവിൽ വനത്തോട് ചേർന്നുകിടക്കുന്ന കൃഷിമേഖലകളിൽ   വന്യമൃഗശല്യം രൂക്ഷമാവാനും   സാധ്യതയുണ്ട്.    വനംവകുപ്പ് ജീവനക്കാരും കർഷകരും  തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാനിത‌് കാരണമാകും.   ആരെങ്കിലും തീവെച്ചതാകാനാണ‌് സാധ്യതയെന്ന  നിഗമനത്തിൽ   വനംവകുപ്പ്  കേസെടുത്ത്  അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 
വ്യാഴാഴ്ച കുറിച്യാട് റെയിഞ്ചിലെ താത്തൂർവനമേഖലയിലെ കല്ലൂർകുന്ന്, അമ്പേതക്കർ,പാറകൊല്ലി,ആനപന്തി,താവകൊല്ലി എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ എൻ ടി സാജൻ, എ ഡി സി എഫ് രമേശ് വിഷ്‌ണോയി, കുറിച്യാട് അസിസ്റ്റന്റ് ലൈഫ് വാർഡൻ രതീശൻ എന്നിവരാണ് തീയണക്കാൻ നേതൃത്വം നൽകുന്നത്. 
ഇതിനുപുറമെ ബീനാച്ചിഎസ്റ്റേറ്റിൽ മന്ദംകൊല്ലിഭാഗത്തും കൊളഗപ്പാറ ചൂരിമലയും തീപിടുത്തമുണ്ടായി. അടിക്കാടും മരങ്ങളും ഉൾപ്പടെ ഏക്കറുകണക്കിന് സ്ഥലം കത്തിനശിച്ചു. ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സെ ത്തിയാണ് തീയണച്ചത്. 
 
പ്രധാന വാർത്തകൾ
 Top