27 September Sunday
ദുരൂഹതയെന്ന് ബന്ധുക്കൾ

റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയർ ട്രെയിൻ തട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

സജിത്ത്

കഴക്കൂട്ടം 
റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ സീനിയർ സെക്‌ഷൻ എൻജിനിയറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  പൗഡിക്കോണം ചെല്ലമംഗലം അക്കരവിള എസ് ആർ നിവാസിൽ രവികുമാറിന്റെയും പരേതയായ ശോഭനകുമാരിയുടെയും മകൻ സജിത്ത് (42)ആണ് മരിച്ചത്.  
 
ബുധനാഴ്ച  പുലർച്ചെ ആറിന്‌ കൊച്ചുവേളിക്കും ഓൾസെയിൻസ് കോളേജിനും ഇടയ്ക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള റെയിൽ ട്രാക്കിലാണ്‌ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.    കൊച്ചുവേളി ഓഫീസിലാണ്‌ സജിത്‌ ജോലി ചെയ്‌തിരുന്നത്‌. രാത്രി ജോലി കഴിഞ്ഞ്‌ രാവിലെ മടങ്ങുന്നതിനിടെയാണ്‌ സംഭവം. ഇയാൾ ട്രാക്കിലേക്ക്‌ ചാടുന്നതിന്‌ ദൃക്‌സാക്ഷികളുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. ആത്മഹത്യയാണെന്നാണ്‌ പൊലീസ്‌ നിഗമനം. തിരുവനന്തപുരം –-കോഴിക്കോട് ജനശതാബ്ദി ട്രെയിനാണ്‌  തട്ടിയത്‌. ജോലി സ്ഥലത്തെ അഴിമതികൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി എട്ടിന്‌ എഡിആർഎമ്മിന്‌  സജിത് പരാതി നൽകിയിരുന്നു. ഏത് നിമിഷവും ജീവന് എന്തും സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാൽ യാതൊരു കാരണവശാലും റെയിൽവേ ആസ്ഥാനത്ത് മൃതദേഹം  പൊതുദർശനത്തിന് വയ്ക്കരുതെന്നും  ഭാര്യയോട് സജിത്ത് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. 
 
റെയിൽവേയിലെ ജോലി ഉപേക്ഷിക്കാനും സജിത് ആലോചിച്ചിരുന്നതായാണ്‌ പറയുന്നത്‌. ചൊവ്വാഴ്ച രാത്രി പത്തിന്‌ ജോലിയ്ക്ക് പോയ സജിത്ത് ബുധനാഴ്ച രാവിലെ 5.30 ന് ഭാര്യയെ വിളിച്ച് വീട്ടിലേയ്ക്ക് തിരിയ്ക്കുന്നതായി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് മരണ വിവരം പൊലീസ് വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. സജിത്തിന്റെ  മരണത്തെക്കുറിച്ച്  സമഗ്ര അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ ആർ കെ അശ്വിനി, മകൾ ആറ് മാസം പ്രായമായ  അനിക. സഹോദരങ്ങൾ ആർ എസ് രജിത്, ആർ എസ് സരിത. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ  സംസ്‌കരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top