25 January Tuesday

തുടരും കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

മലപ്പുറം

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ട നിരവധി പദ്ധതികൾ ഇതിനകം യാഥാർഥ്യമായി. അഭിമാന പദ്ധതിയായ എടപ്പാൾ മേൽപ്പാലം ഉടൻ നാടിന്‌ സമർപ്പിക്കും.  ക്ഷേമരംഗത്തും സമാനതകളില്ലാത്ത ഇടപെടലാണ്‌ സർക്കാരിന്റേത്‌. ലൈഫ്‌ പദ്ധതിയിലൂടെ വീടെന്ന സ്വപ്‌നം പൂർത്തീകരിച്ചവരേറെ. പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക്‌. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള ‘പുനർഗേഹം’ പദ്ധതിയിൽ 128 ഫ്‌ളാറ്റുകൾ പൊന്നാനിയിൽ പൂർത്തിയായി. 150 ഫ്‌ളാറ്റുകൾ കൂടി പണിയും.  പൊതുവിദ്യാലയങ്ങൾ ഹൈടെക്‌ ആയപ്പോൾ ഏറ്റവും അധികം സ്‌കൂളുകൾ ഉൾപ്പെട്ട ജില്ലകളിലൊന്ന്‌ മലപ്പുറമാണ്‌. സ്‌റ്റേഡിയങ്ങളും കായികസമുച്ചയങ്ങളും ഉയരുന്നു. സന്തോഷ്‌ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലാക്കിയത്‌ സർക്കാർ കായികമേഖലയ്‌ക്ക്‌ നൽകുന്ന പ്രോത്സാഹനത്തിന്‌ തെളിവ്‌.   സേവനങ്ങൾ 
  ഒറ്റ ക്ലിക്കിൽ  സർക്കാർ ഓഫീസ്‌, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സേവനങ്ങൾക്ക്‌ അലയണ്ട.  ഡിജിറ്റൽ പ്ലാറ്റ്‌ ഫോമുകൾ സജ്ജം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം, പെൻഷൻ, മറ്റ്‌ സർട്ടിഫിക്കറ്റുകൾ... എല്ലാം ഓൺലൈൻവഴി ലഭ്യമാവും. ജില്ലാകേന്ദ്രത്തിനും തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേകം  പോർട്ടലുകളുണ്ട്‌. എന്റെ ജില്ല, സിറ്റിസൺ പോർട്ടൽ, ടെലിമെഡിസിൻ, ഹൃദ്യം, ശലഭം, ഇ –-ഹെൽത്ത്‌, ഇ–- മെഡിസിൻ, സിറ്റിസൺ ലോഗിൻ, ലാൻഡ്‌ ആൻഡ്‌ റവന്യൂ  എന്നിവ ജനകീയ ‘ഇ സേവനങ്ങളാണ്‌’.  ദേശീയപാതാ വികസനം അതിവേഗം  ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭൂമിയേറ്റെടുക്കൽ‌ അതിവേഗം. ജില്ലയിൽ ഇടിമുഴിക്കൽമുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററിലാണ്‌ വികസനം. ഭൂമി വിട്ടുനൽകുന്നവരിൽ 75 ശതമാനത്തിലധികം നഷ്ടപരിഹാരം നൽകി. 34,000 കോടി രൂപയിൽ 2156 കോടി കൈമാറി. ആറായിരത്തിലധികം പേരാണ് സ്ഥലം കൊടുക്കുന്നത്. 24 വില്ലേജുകളിലായി 203 ഹെക്ടർ സ്ഥലംവേണം. ഏറ്റെടുത്ത്‌ കഴിഞ്ഞ ഭൂമിയിൽ മണ്ണ്‌ നിരപ്പാക്കി തുടങ്ങി. എഴുപത്‌ ശതമാനം കെട്ടിടങ്ങളും പൊളിച്ചു.  സിൽവർ ലൈൻ: 
പ്രാരംഭഘട്ടം തുടങ്ങി  അർധ അതിവേഗ റെയിൽപ്പാത (സിൽവർ ലൈൻ) പദ്ധതിക്കായി  ജില്ലയിൽ ഏറ്റെടുക്കുക 109 ഹെക്ടർ  ഭൂമി. ആദ്യഘട്ടത്തിൽ തിരൂരിൽ സർവേ നടത്തി കല്ലിടുന്ന പ്രവൃത്തി തുടങ്ങി. താലൂക്കിലെ 20  ഭാഗങ്ങളിൽ സർവേ കല്ലിട്ടു. മദ്രാസ്‌ ആസ്ഥാനമായുള്ള ഏജൻസിയാണ്‌  സർവേ നടത്തുന്നത്‌. പൊന്നാനി താലൂക്കിലെ ആലങ്കോട്‌, കാലടി, തവനൂർ, വട്ടകുളം, തിരൂർ താലൂക്കിലെ നിറമരുതൂർ, പരിയാപുരം, താനൂർ, തിരുന്നാവായ, തൃക്കണ്ടിയൂർ, തിരൂർ, തിരൂരങ്ങാടി താലൂക്കിലെ അരിയല്ലൂർ, നെടുവ, വള്ളിക്കുന്ന്‌ എന്നിവിടങ്ങളിലൂടെയാണ്‌ സിൽവർ ലൈൻ കടന്നുപോകുന്നത്‌. തിരൂരിലാണ്‌ ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുക. ജില്ലയിലെ ഏക സ്റ്റോപ്പും തിരൂരിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top