28 November Saturday

നാലര വർഷത്തിൽ ജില്ലയിൽ 6 കളിക്കളം കളിയാരവങ്ങൾക്ക്‌ കാതോർക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020
അന്താരാഷ്‌ട്ര അത്‌ലറ്റിക്‌ ഫെഡറേഷൻ മാനദണ്ഡം പാലിച്ച്‌ 400 മീറ്റർ സിന്തറ്റിക്‌ ട്രാക്കോടുകൂടിയ സ്‌റ്റേഡിയമാണ്‌ തിരുമിറ്റക്കോട്‌ ചാത്തന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുങ്ങുന്നത്‌. സ്വാഭാവിക പുല്ലുപാകിയ (നാച്വറൽ ടർഫ്‌) ഫുട്‌ബോൾ മൈതാനത്തിന്റെ പണി ഭൂരിഭാഗവും പൂർത്തിയായി. ഓട്ടോമാറ്റഡ് സ്‌പ്രിങ്ക്‌ളർ, അണ്ടർഗ്രൗണ്ട്‌ ഡ്രെയിനേജ്‌ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്‌. മൈതാനം ഇരുമ്പുവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. ‌ആറുവരി സിന്തറ്റിക്‌ ട്രാക്കിന്റെ നിർമാണം പുരോഗമിക്കുന്നു‌. കിഫ്‌ബിവഴി 8.87 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം‌. ഡിസംബർ അവസാനം പണി പൂർത്തിയാക്കും. കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണച്ചുമതല. സംസ്ഥാനതല മത്സരങ്ങൾ ഇവിടെ നടത്താം.
 
ചിറ്റൂർ കോളേജ്‌
ചിറ്റൂർ ഗവ. കോളേജിൽ നാച്വറൽ ടർഫ്‌ ഫുട്‌ബോൾ ഗ്രൗണ്ടും നീന്തൽക്കുളവുമാണ്‌ ഒരുങ്ങുന്നത്‌. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമാണ്‌ നീന്തൽക്കുളത്തിനുള്ളത്‌. 
ചുറ്റും വേലിയുണ്ട്‌. നിർമാണം പുരോഗമിക്കുന്നു‌. ഡിസംബർ അവസാനം നാടിന്‌ സമർപ്പിക്കും. കിഫ്‌ബി വഴി 5.57 കോടി രൂപയാണ്‌ ചെലവിടുന്നത്‌. കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണച്ചുമതല. 
 
മാരായമംഗലം
മാരായമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ആധുനിക സിന്തറ്റിക് ഫുട്ബോൾ ടർഫ് നിർമാണം പൂർത്തിയാക്കി നാടിന്‌ സമർപ്പിച്ചു. 1.26 കോടിയാണ്‌ ചെലവ്‌. അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള സ്പോർട്സ് മേളകൾ ഇവിടെ സംഘടിപ്പിക്കാനാകും. 62 മീറ്റർ നീളത്തിലും 42 മീറ്റർ വീതിയിലുമാണ് കോർട്ട് നിർമിച്ചിട്ടുള്ളത്. രാത്രിയും ഉപയോഗിക്കാവുന്ന വിധം ലൈറ്റിങ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
 
കണ്ണമ്പ്ര
കണ്ണമ്പ്ര പഞ്ചായത്ത് മൈതാനിയിലാണ് സിന്തറ്റിക് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് പൂർത്തിയായത്‌. വോളിബോൾ കോർട്ട്, ബാസ്കറ്റ്‌ബോൾ, ഷട്ടിൽ കോർട്ടുകൾ, ജമ്പിങ് പിറ്റ് എന്നിവയും സജ്ജം. ഗ്രൗണ്ടിനുചുറ്റും സിന്തറ്റിക് ട്രാക്കും സംരക്ഷണവേലിയുമുണ്ട്. ചെറിയ ഗാലറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്‌പോർട്‌സ്‌ എൻജിനിയറിങ് വിഭാഗത്തിനാണ്‌ നിർമാണച്ചുമതല. 1.72 കോടി രൂപയാണ്‌ ചെലവ്‌. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു.
 
പറളി
സെവൻസ്‌ ഫുട്‌ബോൾ സംഘടിപ്പിക്കാവുന്ന ചെറിയ ഫുട്‌ബോൾ മൈതാനവും 200 മീറ്ററിന്റെ ആറുവരി സിന്തറ്റിക്‌ ട്രാക്കുമാണ്‌ പറളി ഹൈസ്‌കൂൾ മൈതാനത്ത്‌ ഒരുങ്ങുന്നത്‌.
ഇതിനുപുറമേ 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള നീന്തൽക്കുളവുമുണ്ട്‌. ഇതിന്റെ നിർമാണം പൂർത്തിയായി. മിനുക്കുപണി മാത്രമാണ്‌ ബാക്കി‌. 100 മീറ്ററിന്റെ നേർട്രാക്കുമുണ്ട്‌. പോൾവാൾട്ട്‌, ജമ്പിങ്‌ പിറ്റുകൾ സജ്ജമാക്കുന്നു‌.  സിവിൽ ജോലി പൂർത്തിയാകുന്നു. സിന്തറ്റിക്‌ ട്രാക്കിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്‌. ഡിസംബർ അവസാനം മുഴുവൻ ജോലിയും പൂർത്തിയാകും. കിഫ്‌ബി വഴി ആറരക്കോടി രൂപ ചെലവിലാണ്‌ നിർമാണം‌. കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണച്ചുമതല. സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിനെ ചാമ്പ്യൻപട്ടത്തിലേക്ക്‌ ഉയർത്തുന്നതിൽ പറളി സ്‌കൂളിന്‌ സുപ്രധാന പങ്കാണുള്ളത്‌.
 
കോട്ടായി
കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ ആറുവരിയുള്ള 200 മീറ്റർ സിന്തറ്റിക്‌ ട്രാക്കും നാച്വറൽ ടർഫ്‌ ഫുട്‌ബോൾ മൈതാനവും  തയ്യാറായിട്ടുള്ളത്‌. സെവൻസ്‌ ഗ്രൗണ്ടാണ്‌ ഒരുങ്ങിയത്‌. ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബാറ്റ്‌മിന്റൺ എന്നിവയ്‌ക്ക്‌ സിന്തറ്റിക്‌ അക്രലിക്‌ കോർട്ടും നിർമിച്ചു‌. രണ്ടു നിലയുള്ള ഓപ്പൺ ഗാലറിയും കളിക്കാർക്ക്‌ ഡ്രസിങ് മുറികളും ശുചിമുറികളും സജ്ജമാണ്‌. വിഐപി ഗാലറിയും ഒരുക്കി‌യിട്ടുണ്ട്‌. ജമ്പിങ്, ത്രോയിങ് പിറ്റുകളുമുണ്ട്‌. ഫ്ലഡ്‌ലിറ്റും സ്ഥാപിച്ചു. ‌സ്‌റ്റേഡിയം ഉദ്‌ഘാടനത്തിന്‌ തയ്യാറാണ്‌. സ്‌പോർട്‌സ്‌ എൻജിനിയറിങ് വിഭാഗത്തിനാണ്‌ നിർമാണച്ചുമതല. ഏഴു കോടി രൂപയാണ്‌ ചെലവ്‌. 
 
പുതിയ താരോദയത്തിന്‌ വഴിതുറക്കും
കളിക്കളങ്ങൾ ഓരോന്നും പുതിയ താരോദയത്തിന്‌ വഴിതുറക്കും. നാട്ടിൻപുറങ്ങളിൽനിന്നും കായികതാരങ്ങൾ പിറവിയെടുക്കാത്തതിന്റെ പ്രധാന കാരണം അസൗകര്യങ്ങളാണ്‌. റോഡിലൂടെ ഓടി പരിശീലിക്കുന്നവരാണ്‌ നമ്മുടെ നാട്ടിൽ പലരും. 
മുൻകാലങ്ങളിൽ സിന്തറ്റിക് ട്രാക്കിൽ പരിശീലിക്കാൻ മറ്റ്‌ ജില്ലകളിൽ പോകേണ്ട സാഹചര്യമായിരുന്നു. പുതുതായി വരുന്ന ആധുനിക സ്‌റ്റേഡിയങ്ങൾ ഇത്തരം സാഹചര്യത്തിന്‌‌ മാറ്റമുണ്ടാക്കും. 
സംസ്ഥാനതല മത്സരങ്ങൾ ഉൾപ്പെടെ നമ്മുടെ ജില്ലയിലേക്ക്‌ വരാൻ ഇത്‌ സഹായകമാകും. ജില്ലയുടെ ആകെ കായിക മുന്നേറ്റത്തിന്‌ ഈ സ്‌റ്റേഡിയങ്ങൾ വഴിതുറക്കും.
സി ചാന്ദിനി
അന്താരാഷ്‌ട്ര അത്‌ലീറ്റ്‌
കല്ലടി എച്ച്‌എസ്‌എസ്‌
ചാമ്പ്യന്മാരെ കണ്ടെത്താനാകും
നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും ഓരോ ചാമ്പ്യൻമാരുണ്ട്‌. ഇവരെ കണ്ടെത്താൻ കളിക്കളങ്ങൾ സഹായകമാകും. 
നാട്ടിൻപുറങ്ങളിലെ കുട്ടികൾക്ക്‌ കളിക്കാൻ കൂടുതൽ അവസരം ലഭിക്കും. അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലുമെല്ലാം ജില്ലയിൽ മികച്ച താരങ്ങളുണ്ട്‌. ഇവരുടെ കുതിപ്പിന്‌ ഈ കളിക്കളങ്ങൾ ഗുണമാകും. മൈതാനങ്ങൾ മികച്ച രീതിയിൽ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
എസ്‌ ഹജ്‌മൽ
സന്തോഷ്‌ ട്രോഫി താരം
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top