07 December Tuesday

എംഎല്‍എമാരും കലക്‍ടറും ക്യാമ്പ്‌ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

മാവേലിക്കര ബിഎച്ച്എച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പ് 
എം എസ് അരുൺകുമാർ എംഎൽഎയും ജില്ലാ കലക്‍ടർ 
എ അലക്‍സാണ്ടറും സന്ദർശിക്കുന്നു

മാവേലിക്കര
ദുരിതാശ്വാസക്യാമ്പുകൾ എംഎൽഎമാരായ എം എസ് അരുൺകുമാർ, യു പ്രതിഭ, കലക്‌ടർ എ അലക്‌സാണ്ടർ എന്നിവർ സന്ദർശിച്ചു. മാവേലിക്കര ബിഷപ് ഹോഡ്‌ജസ് എച്ച്എസിലെ ക്യാമ്പിലെത്തിയ എം എസ് അരുൺകുമാർ എംഎൽഎയും കലക്‌ടറും സ്ഥിതിഗതികൾ വിലയിരുത്തി. ക്യാമ്പുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുടെ സേവനം മികച്ച നിലയിൽ ലഭിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. തഹസിൽസാർ എസ് സന്തോഷ്‌കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ബിനു ഗോപാലകൃഷ്‌ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 26 ക്യാമ്പാണ്‌ താലൂക്കിലുള്ളത്‌. ബുധനാഴ്‌ചവരെ 812 കുടുംബങ്ങളിൽനിന്നായി 2501 ആളുകൾ ക്യാമ്പിലുണ്ട്. ചെട്ടികുളങ്ങര പഞ്ചായത്തിലെ ആഞ്ഞിലിപ്ര ഗവ. യുപി സ്‌കൂളിലെ ക്യാമ്പ് യു പ്രതിഭ എംഎൽഎ സന്ദർശിച്ചു. മാവേലിക്കര ബ്ലോക്കിലെ കൃഷിനഷ്‌ടം മൂന്നുകോടിക്ക് മുകളിലാകാൻ സാധ്യതയുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. പത്തിയൂർ, എരുവ ചീപ്പുകൾ ബുധനാഴ്‌ച ഉച്ചയോടെ തുറന്നതിനാൽ കരിപ്പുഴ കണ്ണമംഗലം മേഖലകളിലെ പുഞ്ചകളിൽനിന്ന്‌ കൂടുതൽ വെള്ളമിറങ്ങാൻ സാധ്യതയുണ്ട്. മാവേലിക്കര തഹസിൽദാർ കലക്‌ടർക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് രണ്ട്‌ ചീപ്പുകളും തുറക്കാൻ ഇറിഗേഷൻവകുപ്പിന് നിർദേശം നൽകുകയായിരുന്നു. തഴക്കര, വെട്ടിയാർ, കണ്ടിയൂർ, കുരുവിക്കാട്, കോഴിപ്പാലം, ആച്ചംവാതുക്കൽ മേഖലകളിലുള്ളവർ ക്യാമ്പിൽ തുടരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top