30 November Monday

വെങ്ങപ്പള്ളിയിൽ 324 ഭവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

ലൈഫിൽ ലഭിച്ച വീട്ടിൽ പുതിയവീട്ടിൽ ബിന്ദു

വെങ്ങപ്പള്ളി

ലൈഫിന്റെ തണലിൽ വെങ്ങപ്പള്ളിയിൽ അന്തിയുറങ്ങുന്നത്‌ 324 കുടുംബങ്ങൾ. പുതുജീവിതമാണ്‌ ഇവരുടേത്‌. ഏറെയും ഗോത്രവിഭാക്കാർ. എൽഡിഎഫ്‌ ഭരണസമിതി മികവോടെയാണ്‌ പഞ്ചായത്തിൽ ലൈഫ്‌ പദ്ധതി നടപ്പാക്കിയത്‌.   പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ ഏറെയുള്ള  പഞ്ചായത്താണിത്‌. ഇവർക്ക്‌ വീടൊരുക്കാൻ  കൂടുതൽ ശ്രദ്ധപതിപ്പിച്ചു. ഒന്നാംഘട്ടം മുതൽ സ്വീകരിച്ച ജാഗ്രത ഇപ്പോഴും തുടരുകയാണ്‌. നിർമാണം പാതിയിൽ നിലച്ച എല്ലാം വീടുകളും ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കി. 232 ആദിവാസി ഭവനങ്ങളാണ്‌ ഈ ഘട്ടത്തിൽ പൂർത്തിയാക്കിയത്‌. വർഷങ്ങളായി തറയിലൊതുങ്ങിയ വീടുകൾവരെ പൂർത്തിയാക്കി. ഓരോ വീടുകളും പ്രത്യേകം പരിശോധിച്ച്‌ നിർമാണം പൂർത്തിയാക്കാനാവശ്യമായ തുക അനുവദിച്ചു. നാല്‌ ലക്ഷം വരെ അനുവദിച്ച വീടുകളുണ്ട്‌. അതിവേഗത്തിൽ ലൈഫിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി.

ഈ ഘട്ടത്തിൽ  36 ജനറൽ വീടുകളും ഏഴ് പട്ടികജാതി കുടുംബങ്ങൾക്കും വീട്‌ നിർമിച്ചു.  മൂന്നാംഘട്ടത്തിൽ സ്ഥലവും വീടും നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്‌. മൂന്ന്‌ ജനറൽ കുടുംബങ്ങൾക്കും 16 പട്ടികവർഗ കുടുംബങ്ങൾക്കുമാണ്‌ ഇതിന്റെ ആദ്യപടിയായി സ്ഥലവും വീടും നൽകുക. 

ലൈഫിന്റെ തണലിൽ മുൻപഞ്ചായത്ത്‌ അംഗവും

വെങ്ങപ്പള്ളി

വാടക വീട്ടിലെ ജീവിതത്തിൽ നിന്നും കരകയറിയ സന്തോഷമാണ്‌  വെങ്ങപ്പള്ളി അമ്പലക്കുന്ന് പുതിയവീട്ടിൽ ബിന്ദുവും കുടുംബവും.  ലൈഫിന്റെ പുഞ്ചരിയിലാണിപ്പോൾ ഈ അഞ്ചംഗ കുടുംബം. മുൻപഞ്ചായത്ത്‌ മെമ്പർകൂടിയായ ബിന്ദുവും കുടുംബവും  അഞ്ചുവർഷമായി  വാടക വീട്ടിലായിരുന്നു താമസം. അതിന്‌ മുമ്പ്‌ കുടുംബവീട്ടിലും. ഭർത്താവ് സുകുമാരൻ കൂലിപ്പണിയെടുത്ത്‌ കിട്ടുന്നതുമാത്രമാണ്‌ വരുമാനം. ‌ ചെറിയ വരുമാനത്തിൽനിന്നും വീട്ട്‌ വാടകയടക്കം നൽകേണ്ടി വന്നിരുന്നത് ഏറെ പ്രയസത്തിലാക്കി. സ്വന്തം വീടെന്നത്‌  എക്കാലത്തേയും സ്വപ്‌നമായിരുന്നു. ലൈഫിലൂടെ വീട്‌ ലഭിച്ചപ്പോൾ ജീവിതമാകെ മാറി. മകന്റെ വിവാഹം പുതിയ വീട്ടിൽ നടത്തി.  ഗൃഹപ്രവേശം കഴിഞ്ഞ്‌ ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു വിവാഹം.   സ്വന്തം വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ച സർക്കാരിനോടള്ള എത്രപറഞ്ഞാലും മതിയാകില്ലെന്നും ബിന്ദു പറയുന്നു. 

 ഏറെ അഭിമാനം
സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ ഭവന പദ്ധതി മികച്ച രീതിയിൽ പഞ്ചായത്തിൽ നടപ്പാക്കി. ഇതിൽ അഭിമാനവുമുണ്ട്‌. ആദിവാസി കുടുംബങ്ങൾക്കാണ്‌ കൂടുതൽ വീടുകൾ ലഭിച്ചത്‌. ഭവന രഹിതരെ കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിൽ വീടുകൾ നൽകി.  വളരെ വേഗത്തിലാണ്‌ രണ്ട്‌ ഘട്ടങ്ങൾ പൂർത്തിയാക്കിയത്‌. മൂന്നാംഘട്ട നടപടികൾ തുടങ്ങി. 
                                       പി എം നാസർ
                                               പ്രസിഡന്റ്‌
            വെങ്ങപ്പള്ളി പഞ്ചായത്ത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top