13 November Wednesday

ശുചിത്വം ഉറപ്പാക്കും ഭവനം സുന്ദരമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
കൊല്ലം
ക്ഷീരകർഷകർക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിനും മാലിന്യ നിർമാർജനത്തിനുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 'ശുചിത്വ ഭവനം സുന്ദര ഭവനം' പദ്ധതി. 
തൊഴുത്തിൽ ശുചിത്വം ഉറപ്പാക്കുകവഴി പരിസര മലിനീകരണവും പകർച്ചവ്യാധി വ്യാപനവും തടയുകയാണ്‌ ലക്ഷ്യം.പാലിനു പുറമെ ചാണകവും മൂത്രവും ഉപയോഗപ്പെടുത്തി കർഷകർക്ക് വരുമാന വർധനയ്ക്കും പദ്ധതി അവസരമൊരുക്കും. ഇതിനായി തൊഴുത്തിനോട് ചേർന്ന് കമ്പോസ്റ്റ് പിറ്റ് നിർമിക്കാനും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും ധനസഹായം നൽകും.
ബയോഗ്യാസിന്റെ സ്ലറി ഉപയോഗിച്ചുള്ള ഗ്രോ ബാഗ് പച്ചക്കറിക്കൃഷി,  മത്സ്യക്കൃഷിക്കാവശ്യമായ കുളം നിർമാണം, കിണർ റീച്ചാർജിങ് എന്നിവയ്ക്കും സ്ലറി പമ്പ് വാങ്ങുന്നതിനും ധനസഹായം നൽകുന്നുണ്ട്. 
രണ്ടോ അതിലധികമോ കറവപ്പശുക്കളും 50 സെന്റിൽ താഴെ ഭൂമിയുമുള്ള കർഷകർക്കാണ് പ്രയോജനം ലഭിക്കുക. ആദ്യഘട്ടത്തിൽ 30 കർഷകർക്കായി 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്‌. ചാണകവും മൂത്രവും ഉപയോഗപ്പെടുത്തുന്നതിനാൽ വീടും പരിസരവും മാലിന്യമുക്തമാകുമെന്നും ബയോഗ്യാസ് പ്ലാന്റ് നിർമിക്കുന്നതിലൂടെ പാചകവാതക ചെലവ് ലാഭിക്കാമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ് പറഞ്ഞു. 
ക്ഷീരവികസന ഓഫീസർ എസ് ബിജുവിനാണ് പദ്ധതി നിർവഹണ ചുമതല.
പ്രധാന വാർത്തകൾ
 Top