22 October Tuesday

ആധുനിക ചികിത്സാസംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

മെഡിക്കൽ കോളേജിലെ വൃക്കരോഗചികിത്സാ വിഭാഗത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ കെ ൈശലജ സമീപം

തിരുവനന്തപുരം
വൃക്കരോഗ ചികിത്സാരംഗത്തെ താക്കോൽദ്വാര ശസ്ത്രക്രിയാരീതിയായ റിട്രോപെരിറ്റോണോസ്‌കോപ്പി പോലുള്ള ആധുനികസംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2009മുതൽ ഈ സംവിധാനമുണ്ട്.  എന്നാൽ, പരമ്പരാഗത ശസ്ത്രക്രിയയാണ് കൂടുതൽപേരും താൽപ്പര്യപ്പെടുന്നത്. ഏറ്റവും സുരക്ഷിതവും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽപ്പിക്കാത്തതും ശസ്ത്രക്രിയ മൂലമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കാത്തതുമായ സംവിധാനമാണിത്.  രോഗികൾ ഇതിന് മുന്നോട്ടുവരാൻ ബോധവൽക്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്കരോഗചികിത്സാ വിഭാഗത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.കിഫ്‌ബിയുടെ സഹായത്തോടെ താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലുമായി 44 ഡയാലിസിസ്‌ യൂണിറ്റാണ്‌ മൂന്ന്‌ വർഷത്തിനകം സ്ഥാപിച്ചത്‌. ഇതിൽ 30 എണ്ണം ഇതിനോടകം പ്രവർത്തന സജ്ജമായി. 14 എണ്ണം ഉടൻ പ്രവർത്തനമാരംഭിക്കും.
 
22 വിവിധ ആശുപത്രിയിലായി 100 ഡയാലിസിസ്‌ യൂണിറ്റുകൾകൂടെ അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. യൂറോളജി വിഭാഗത്തിലെ മുൻ വകുപ്പ്‌ മേധാവിമാരുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, ഡോ. തോമസ്‌ മാത്യു, ഡോ. എം എസ്‌ ശർമാദ്‌ എന്നിവർ സംസാരിച്ചു. ഡോ. ജി വേണുഗോപാൽ സ്വാഗതവും ഡോ. എസ്‌ വാസുദേവൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top