21 October Monday
കരമന-–-കളിയിക്കാവിള ദേശീയപാത

ബാലരാമപുരം അടിപ്പാത: മണ്ണ് പരിശോധന തുടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

പ്രാവച്ചമ്പലം–- -ബാലരാമപുരം ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരം ജങ്‌ഷനിൽ അടിപ്പാത നിർമാണത്തിന്റെ മണ്ണ് പരിശോധന

ബാലരാമപുരം
കരമന-–-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരത്ത്‌ അടിപ്പാത നിർമിക്കുന്നതിനുവേണ്ടി പരിശോധനകൾ തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണ്‌ പരിശോധന ആരംഭിച്ചു.ജങ്‌ഷനിലെ നാല്‌ റോഡുകളിലും ഭൂമി തുരന്ന് മണ്ണിന്റെ ഉറപ്പ്, പാറയുടെ സാന്നിധ്യം, ജലസാന്നിധ്യം എന്നിവ കണ്ടെത്തും. ഭൂമി തുരക്കുന്ന പ്രവർത്തനം ഒരാഴ്ചയായി തുടരുകയാണ്. 32 മീറ്റർ താഴ്‌ത്തി. 22 മീറ്ററിനുശേഷം പാറയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. മണ്ണ് പര്യവേക്ഷണത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടിപ്പാത രൂപകൽപ്പന ചെയ്യുന്നത്.
 
അടിപ്പാത നിർമാണത്തിന്റെ ഭാഗമായി വിഴിഞ്ഞം റോഡിലെ കുഴിച്ചാണിമുതൽ കാട്ടാക്കട റോഡിലെ തേമ്പാമുട്ടം റെയിൽവേ ലൈൻവരെ വളവില്ലാതെ റോഡും വികസിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമികനിഗമനം. റോഡ് നിർമാണത്തിന്റെ ഭാഗമായി രണ്ടാം റീച്ചിൽ പ്രാവച്ചമ്പലംമുതൽ കൊടിനടവരെയുള്ള 5.5 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുന്നത്‌. കിഫ് ബി പദ്ധതിയിലുൾപ്പെടുത്തിയാണ്‌ നിർമാണം.
 
112 കോടി രൂപ വിനിയോഗിച്ച്നിർമിക്കുന്ന റോഡിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. റോഡ് വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലംമുതൽ കൊടിനടവരെയുള്ള റോഡിന്റെ ഇരുവശത്തെയും അതിർത്തി നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കലാണ് ആദ്യം നടന്നത്. തുടർന്ന്  റോഡരികിലെ കാടും പടർപ്പും മാലിന്യങ്ങളും നീക്കം ചെയ്ത് റോഡ് നിരപ്പാക്കി. റോഡിലെ വളവുകൾ  ഒഴിവാക്കി, കലുങ്കുകളുടേയും  ഭിത്തി കളുടേയും നിർമാണം,  മണ്ണ് നിറയ്ക്കൽ എന്നിവ  നടന്നു വരികയാണ്. അപകട വളവായ പാരൂർക്കുഴിയിൽ കലുങ്ക് നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. കൊടിനടമുതൽ വെടിവെച്ചാൻകോവിൽവരെ വൈദ്യുതി ലൈനുകൾ മാറ്റി പുതിയ പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
 
പള്ളിച്ചൽ പഞ്ചായത്ത് ഓഫീസ് കെട്ടിടവും പൊളിച്ചുതുടങ്ങി. അവധി  ദിവസങ്ങളിലും രാത്രിയും പകലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പള്ളിച്ചൽ പഞ്ചായത്ത് ഓഫീസ് പ്രാവച്ചമ്പലം  ഇ എം എസ് നഗറിലെ കൃഷി ഭവനിലാണ് പ്രവർത്തനം തുടങ്ങിയത്‌. ഒരു വർഷത്തിനുള്ളിൽ നിർമാണപ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടിപ്പാത നിർമാണവും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ  ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
പ്രധാന വാർത്തകൾ
 Top