22 October Tuesday

മാന്ദ്യത്തിലേക്ക്‌ രാജ്യത്തെ തള്ളിവിട്ട കേന്ദ്രനയം തിരുത്തണം

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

കേരള ഷോപ്‌സ്‌ ആൻഡ്‌ കൊമേഴസ്യൽ എംപ്ലോയീസ്‌ ഫെഡറേഷൻ സംസ്ഥാന കൺവൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കോർപറേറ്റുകളെ പിന്തുണയ്‌ക്കുന്ന കേന്ദ്രനിലപാടിനാൽ രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോവുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കേരള ഷോപ്‌സ്‌ ആൻഡ്‌ കൊമേഴസ്യൽ എംപ്ലോയീസ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേ, ബിഎസ്‌എൻ എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ തെറ്റായനയം കാരണമാണ്‌ രാജ്യത്ത്‌ സാമ്പത്തികമാന്ദ്യമുണ്ടായിരിക്കുന്നത്‌. നോട്ട്‌നിരോധനം കാരണം ഒരു ലക്ഷത്തിലധികം തൊഴിൽ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
 
ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന 100 ശതമാനം വിദേശനിക്ഷേപം (എഫ്‌ഡിഐ) ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നവംബർ 21ന്‌ രാജ്‌ഭവൻ മാർച്ച്‌ നടത്താൻ കൺവൻഷൻ തീരുമാനിച്ചു. സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ രാജ്യത്തെ തള്ളിവിട്ട കേന്ദ്രനയം തിരുത്തുക, തൊഴിൽ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ കൺവൻഷൻ അംഗീകരിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ വി സഹദേവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ. പി സജി റിപ്പോർട്ട്‌ അവതരിപ്പിച്ചു.  
ക്ഷേമനിധി ബോർഡ്‌ ചെയർമാൻ അഡ്വ. അനന്തഗോപൻ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ ജെ സുക്കാർണോ സ്വാഗതവും ജില്ലാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. മേഴ്‌സി ജോർജ്‌ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top