15 October Tuesday
15 തെരഞ്ഞെടുപ്പ്‌

പത്തുവട്ടം ചുവപ്പിനൊപ്പം

സ്വന്തം ലേഖകന്‍Updated: Sunday Sep 22, 2019
ആലപ്പുഴ  
അരൂർ മണ്ഡലം രൂപീകരണശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 10 തവണയും വിജയിച്ചത്‌ ഇടതു സ്ഥാനാർഥികൾ. ഇതിൽ കെ ആർ ഗൗരിയമ്മ ഏഴുതവണയും എ എം ആരിഫ്‌ മൂന്നു തവണയും ജയിച്ചു. ജെഎസ്‌എസ്‌ രൂപീകരിച്ച്‌ യുഡിഎഫ്‌ ടിക്കറ്റിൽ രണ്ടു തവണ കൂടി ഗൗരിയമ്മ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഒമ്പത്‌ തെരഞ്ഞെടുപ്പുകളിലാണ്‌ ഗൗരിയമ്മ അരൂരിനെ പ്രതിനിധീകരിച്ചത്‌.  
മണ്ഡലത്തിന്റെ ചരിത്രത്തിലെ മൂന്നാം തെരഞ്ഞെടുപ്പിൽ 1965ലാണ്‌ ആദ്യമായി അരൂരിൽ ചെങ്കൊടി പാറിക്കുന്നത്‌. കോൺഗ്രസിന്റെ ദേവകി കൃഷ്ണനെ 4583  വോട്ടിന്‌ പിന്തള്ളിയ കെ ആർ ഗൗരിയമ്മ 67, 70 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. എന്നാൽ 77ൽ സിപിഐയുടെ പി എസ്‌ ശ്രീനിവാസനോട്‌ തോറ്റു. 1980ലെ തെരഞ്ഞെടുപ്പിൽ 12,364 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തിന്‌ ഗൗരിയമ്മ ജയിച്ചു. 
  82, 87, 91 തെരഞ്ഞെടുപ്പുകളിലും ജയം ആവർത്തിച്ച ഗൗരിയമ്മ 1991 ൽ യുഡിഎഫ്‌ ടിക്കറ്റിലാണ്‌ മത്സരിച്ചത്‌. ജെഎസ്‌എസ്‌ പ്രതിനിധിയായ ഗൗരിയമ്മ ജയം തുടർന്നു. 2001ലെ അടുത്ത തെരഞ്ഞെടുപ്പിലും മണ്ഡലം നിലനിർത്തിയ ഗൗരിയമ്മയ്‌ക്ക്‌ 2006ൽ അടിതെറ്റി. എ എം ആരിഫിനോട്‌ 4753 വോട്ടിന്‌ തോറ്റു. 2011, 2016 തെരഞ്ഞെടുപ്പുകളിലും ആരിഫ്‌ ജയം ആവർത്തിച്ചു. 
ഏഴുതവണ മണ്ഡലത്തിന് മന്ത്രിസ്ഥാനം ലഭിച്ചു. ആറുപ്രാവശ്യവും ഗൗരിയമ്മതന്നെ മന്ത്രി. 67, 80, 87, 91, 96, 2001 ഘട്ടങ്ങളിലാണ് ഗൗരിയമ്മ മന്ത്രിപദമേറിയത്. 77ൽ പി എസ് ശ്രീനിവാസനും മന്ത്രിയായി.

ചരിത്ര ഭൂരിപക്ഷം ആരിഫിന്‌–-  38,519

അരൂരിന്റെ ആറു പതിറ്റാണ്ടത്തെ ചരിത്രത്തിൽ ഉയർന്ന  ഭൂരിപക്ഷം നേടിയത്‌ അഡ്വ. എ എം ആരിഫ്‌. 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായ ആരിഫ്‌ 38,519 വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ നേടിയത്‌. 2011ലെ 16,886 വോട്ട്‌ ഭൂരിപക്ഷത്തിന്റെ സ്വന്തം റെക്കോഡാണ്‌ ആരിഫ്‌ തകർത്ത്‌. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌ത വോട്ടിന്റെ 52.34 ശതമാനം വോട്ടു നേടിയ ആരിഫ്‌ യുഡിഎഫ്‌ പ്രതിനിധിയായ കോൺഗ്രസിന്റെ അഡ്വ. സി ആർ ജയപ്രകാശിനെയാണ്‌ തോൽപ്പിച്ചത്‌.  46,201 വോട്ടാണ്‌ ജയപ്രകാശ്‌ നേടിയത്‌. ഇതാകട്ടെ വെറും 28.54 ശതമാനവും. 84,720 വോട്ടു നേടിയ ആരിഫിന്റെ ഭൂരിപക്ഷത്തിന്റെ ശതമാനം മാത്രം 23.8 ആണ്‌. 

10 പഞ്ചായത്തുകൾ,  ഏഴിലും എൽഡിഎഫ്‌

അരൂർ മണ്ഡലത്തിലാകെ 10 പഞ്ചായത്തുകളാണുള്ളത്‌. ഇതിൽ ഏഴിലും എൽഡിഎഫ്‌ ഭരണസമിതിയാണ്‌. തുറവൂർ, കുത്തിയതോട്, അരൂർ, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളാണ്‌ എൽഡിഎഫ് ഭരിക്കുന്നത്‌. 
കോടംതുരുത്ത്, എഴുപുന്ന, പെരുമ്പളം പഞ്ചായത്തുകളിൽ യുഡിഎഫ്. മണ്ഡലത്തിലെ പട്ടണക്കാട്, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തുകളും അരൂർ, പൂച്ചാക്കൽ, പള്ളിപ്പുറം ജില്ലാപഞ്ചായത്ത് ഡിവിഷനുകളും എൽഡിഎഫിനാണ്‌. 

കോൺഗ്രസ്‌ പച്ചതൊട്ടത്‌ 2 തവണ 

അരൂർ നിയമസഭാ മണ്ഡലം 1957ലാണ്‌ നിലവിൽ വരുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടി ബാലറ്റ്‌ പേപ്പറിലൂടെ അധികാരത്തിലേറിയ ആദ്യ തെരഞ്ഞെടുപ്പിൽ അരൂർ കോൺഗ്രസിനൊപ്പമാണ്‌ നിന്നത്‌. പി എസ്‌ കാർത്തികേയനാണ്‌ വിജയിച്ചത്‌. 1960ലെ അടുത്ത തെരഞ്ഞെടുപ്പിലും കാർത്തികേയൻ ജയിച്ചു. പക്ഷെ, പിന്നീടിതുവരെ കോൺഗ്രസ്‌ മണ്ഡലത്തിൽ പച്ച തൊട്ടില്ല. 
 
പ്രധാന വാർത്തകൾ
 Top