07 October Monday
അറബിക്കടലിൽ ചക്രവാതച്ചുഴി

നാശം വിതച്ച്‌ ചുഴലി

സ്വന്തം ലേഖികUpdated: Thursday Aug 22, 2024

 കൊല്ലം 

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ജില്ലയിൽ വ്യാപക നാശം. ബുധൻ പുലർച്ചെ മൂന്നിനും നാലിനുമിടെ വീശിയടിച്ച  ചുഴലിക്കാറ്റിലും തിരയിലുംപെട്ട്‌ നാല്‌ മീൻപിടിത്തവള്ളം മറിഞ്ഞു. ഒരു തൊഴിലാളി മരിച്ചു. 12 പേർക്കു പരിക്കേറ്റു. വൃക്ഷങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും 31 വീട്‌ ഭാഗികമായി തകർന്നു. 
അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്നാണ്‌ പുലർച്ചെ ഹുങ്കാര ശബ്ദത്തോടെ ശക്തമായ കാറ്റ്‌ വീശിയടിച്ചത്‌. തീരമേഖലയിലാണ്‌ കൂടുതൽ നാശം വിതച്ചത്‌. കിഴക്കൻ മലയോര പ്രദേശങ്ങളായ പുനലൂർ, പത്തനാപുരം, അഞ്ചൽ മേഖലകളിൽ കാറ്റ്‌ ശക്തമായിരുന്നില്ല. പലയിടത്തും മഴ പെയ്‌തു. പുനലൂരിൽ 49 മില്ലീമീറ്റർ രേഖപ്പെടുത്തി. 
വൈദ്യുതിക്കമ്പികളും തൂണുകളും ഒടിഞ്ഞുവീണതോടെ പലയിടത്തും വൈദ്യുതി നിലച്ചു. മരങ്ങൾ റോഡിലേക്ക്‌ വീണ്‌ ഗതാഗതവും തടസ്സപ്പെട്ടു. വിവിധ ഇടങ്ങളിൽ പരസ്യബോർഡുകൾ നിലംപൊത്തി. കൃഷി, വൈദ്യുതി മേഖലകളിൽ വൻ നഷ്ടമാണ്‌ ഉണ്ടായത്‌. അപകടാവസ്ഥയിലുണ്ടായിരുന്ന മരച്ചില്ലകൾ വെട്ടിമാറ്റേണ്ടി വന്നതിനാൽ പരവൂരിൽ 45 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വെള്ളയ്യിട്ടമ്പലത്ത്‌ കൂറ്റൻ മാവിന്റെ ചില്ലകൾവീണ്‌ വൈദ്യുതിക്കമ്പി തകർന്നു. ചിന്നക്കട മുസ്‌ലിയാർ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡ്‌ കോൺക്രീറ്റിലും വൈദ്യുതിതൂണിലും തങ്ങിനിന്നതിനാൽ ദുരന്തം ഒഴിവായി. 
ഭാഗികമായി തകർന്ന 31 വീട്ടിൽ 15എണ്ണവും കരുനാഗപ്പള്ളി താലൂക്കിലാണ്‌.  കൊട്ടാരക്കരയിൽ എട്ട്‌, കൊല്ലം ആറ്‌, കുന്നത്തൂരിൽ രണ്ടും വീടുകൾ തകർന്നു. പത്തുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മീൻപിടിത്തവള്ളവും വലയും എൻജിനും തകർന്ന്‌ 20 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്‌. പരവൂരിൽ ഇരുപതോളം ഇടങ്ങളിൽ മരം വീണു. പത്ത്‌  വൈദ്യുതിത്തൂണ്‌ തകർന്നു.  ഉച്ചയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.  മരങ്ങൾ ഒടിഞ്ഞുവീണ്‌ മൺറോതുരുത്തിൽ വൈദ്യുതിതടസ്സം നേരിട്ടത്‌ ശുദ്ധജലവിതരണത്തെ ബാധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top