14 October Monday

ചുഴലിക്കാറ്റിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
ശാസ്താംകോട്ട 
ബുധനാഴ്ച പുലർച്ചെ വീശിയടിച്ച ചുഴലിക്കാറ്റിൽ വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും വീടുകൾക്ക്‌ നാശവും ഗതാഗത തടസ്സവും ഉണ്ടായി. ശൂരനാട് തെക്ക് പതാരത്തിനു വടക്കുവശമാണ് കൂടുതൽ നാശം. മൈനാഗപ്പള്ളി വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ പ്രധാനപാതയോടു ചേര്‍ന്നുനിന്ന പാലമരക്കൊമ്പ്‌ വീണ് മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. പള്ളിശ്ശേരിക്കൽ
പാലവിളയിൽ സലിമിന്റെ വീടിന്റെ മുകളിലെ റൂഫിങ്‌ പൂർണമായി തകർന്നു. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറെ മുറിയിൽ കല്ലുവിള പടിഞ്ഞാറ്റത്തിൽ മൻഷാദിന്റെ വീട് തകർന്നു.
പതാരം ചരുവിൽ കുളങ്ങരയിൽ വാടകയ്ക്കു താമസിക്കുന്ന ഹാഷിമിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു ഹാഷിമിന് പരിക്കേറ്റു. ഇയാൾ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഹാഷിമിന്റെ ഭാര്യ, ഭാര്യ മാതാവ്, രണ്ടുകുട്ടികൾ എന്നിവർക്ക്‌ നിസ്സാര പരിക്കേറ്റു. ശൂരനാട് തെക്ക് ഉദയാംമുകൾ സ്കൂളിന് മുന്നിലെ മരക്കൊമ്പ്‌ വീണ്‌  അധ്യാപിക ശോഭയ്‌ക്ക്‌ നിസ്സാര പരിക്കേറ്റു. മൈനാഗപ്പള്ളി കിഴക്കേക്കര മുറിയിൽ പെരിയാന്റയ്യത്ത് പുത്തൻവീട്ടിൽ അലക്‌സ് പി മാത്യൂവിന്റെ വീടിനു മുകളിൽ മരംവീണു. 
വേങ്ങ പൊട്ടക്കണ്ണൻ മുക്കിനു സമീപം പ്രധാന പാതയോരത്ത് നിന്ന പാലമരത്തിന്റെ ശിഖിരം വൈദ്യുതി ലൈനിൽവീണ്‌ വൈദ്യുതി മുടങ്ങി.  ഗതാഗതം തടസ്സം ഉണ്ടായി. പല സ്ഥലങ്ങളിലും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
ചവറ 
ശക്തമായ കാറ്റിലും മഴയിലും ചവറയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾവീണ് വൈദ്യുതിമേഖലയിലും  ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കോവിൽത്തോട്ടം 132ൽ താമസിക്കുന്ന ഷൈജമന്ദിരത്തിൽ ഫ്രാൻസിസ്, നടുവിലവീട്ടിൽ സന്തോഷ്, കാട്ടേഴത്ത്  ഫ്രാൻസിസ്, കാട്ടേഴത്ത് പൊലികാർപ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളുടെ മേൽക്കൂര പറന്നുപോയി. ഷൈജുമന്ദിരത്തിലെ ഫ്രാൻസിസിന്റെ വീടിന്റെ മേൽക്കൂര പറന്ന്‌ കായലിൽ പതിച്ചു. ചവറ  വൈദ്യുതി സെക്‌ഷനിൽ നിരവധി വൈദ്യുത തൂണുകൾ ഒടിഞ്ഞു.   സന്ധ്യയോടുകൂടിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.  വിവിധ റോഡുകൾക്ക് കുറുകെ  മരങ്ങൾ കടപുഴകിവീണ് ലൈൻകമ്പി പൊട്ടി റോഡിൽ പതിച്ചിരുന്നു. പ്രദേശവാസികളുടെയും വൈദ്യുത ജീവനക്കാരുടെയും സമയോചിതമായ ഇടപെടലുകൾ കാരണം വലിയ അപകടങ്ങൾ ഒഴിവായി.
 ചവറ പഞ്ചായത്ത് കരിത്തുറ 23–--ാം വാർഡിൽ കാട്ടെഴുത്ത് വീട്ടിൽ ഫ്രാൻസിസ്, നടുവില വീട്ടിൽ സന്തോഷ്, കാട്ടേഴത്തുവീട്ടിൽ പൊലികാർപ്, കോളപ്പുറത്ത് വീട്ടിൽ ജോസ് എന്നിവരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. വടക്കടത്തുപടീറ്റതിൽ മേരിയുടെ വീടിനു മുകളിൽ തെങ്ങുവീണു. പന്മന ചോല ചായക്കാരന്റയ്യത് വീട്ടിൽ ഷംലയുടെ വീടിനു മുകളിലേക്ക് മരംവീണ്‌ മേൽക്കൂര ഭാഗികമായി തകർന്നു. പന്മന മേക്കാട് കൃഷ്ണ ഭവനത്തിൽ ഓമനക്കുട്ടന്റെ വീടിനു മുകളിലേക്ക് തേക്കു മരംവീണു. ഓടുകൾക്കും ഷീറ്റിനും നാശനഷ്ടം ഉണ്ടായി. പടനായർകുളങ്ങര വടക്ക് വർണമയൂഖത്തിൽ അനിയുടെ വീടിനു മുകളിലേക്ക് തേക്കുമരം മറിഞ്ഞുവീണു. ആലുംകടവ് കായക്കാട്ട് ജങ്‌ഷനിൽ മരം റോഡിലേക്ക് കടപുഴകി.
കരുനാഗപ്പള്ളി 
ശക്തമായ കാറ്റിൽ കരുനാഗപ്പള്ളി താലൂക്കിൽ വൻ നാശനഷ്ടം. 16 വീടുകൾക്ക് നാശമുണ്ടായി. തൊടിയൂരിലും തേവലക്കരയിലും ഓരോ വീടുകളും നീണ്ടകരയിൽ മൂന്നും പന്മനയിൽ രണ്ടും അയണിവേലിക്കുളങ്ങരയിൽ നാലും ചവറയിൽ അഞ്ചും വീടുകളാണ് തകർന്നത്. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ശ്രീനിലയം വീട്ടിൽ രാജുവിന്റെ വീടിനു മുകളിലേക്ക് മരംവീണു. മേൽക്കൂരയ്ക്കും ഭിത്തിക്കും കേടുപാടുകൾ ഉണ്ടായി. തുറയിൽകുന്ന് അനിൽനിവാസിൽ രഘുവിന്റെ വീടിനു മുകളിലേക്ക് മരംവീണു. ഇവിടെ വാടകയ്‌ക്കു താമസിച്ചിരുന്ന രാജേശ്വരിയുടെ തലയ്ക്ക് ഓടുവീണ്‌ പരിക്കേറ്റു. നീണ്ടകര വടക്കേയറ്റത്ത് സുരേഷിന്റെ വീടിനു മുകളിലേക്ക് തെങ്ങ്‌ കടപുഴകിവീണു. മൂത്തേത്ത് കടവിൽ ശരത്തിന്റെ വീടിനു മുകളിലേക്കും മരംവീണു. അയണിവേലിക്കുളങ്ങര താമരശ്ശേരിൽ രജിത്തിന്റെ വീടിനു മുകളിൽ മരംവീണു. അഴീക്കൽ നാലാം വാർഡിൽ വലിയവീട്ടിൽ പ്രിയദർശിനിയുടെ ഉടമസ്ഥതയിലുള്ള പീലിങ് ഷെഡ്ഡും മതിലും ഭാഗികമായി തകർന്നു. മുപ്പതോളം തൊഴിലാളികൾ പണിയെടുക്കുന്ന ഷെഡ്ഡാണിത്. മരംവീണ്‌ പുത്തൻതുറ മീനത്തതിൽ ജനകന്റെ വീടിന് കേടുപാട് ഉണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top