05 August Wednesday
കെഎസ്‌ഡിപിക്കും ഓട്ടോകാസ്‌റ്റിനും ഒറ്റ സാരഥി

ഇരട്ടച്ചങ്കാണ്‌ ശ്യാമളയ്‌ക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019

എസ്‌ ശ്യാമള

 
 
ആലപ്പുഴ
കെഎസ്‌ഡിപി വിദേശ വിപണിയിലേക്ക്‌ എത്തുകയാണ്‌. ഓട്ടോകാസ്‌റ്റ്‌ വിജയകരമായി റെയിൽവേ ബോഗി നിർമിക്കാനും ആരംഭിച്ചിരിക്കുന്നു.  ഈ രണ്ട്‌ പൊതുമേഖലാ സ്ഥാപനങ്ങളെയും മുന്നിൽനിന്ന്‌ നയിക്കുന്നത്‌ വനിതയാണ്‌–-എസ്‌ ശ്യാമളയെന്ന മാനേജിങ്‌ ഡയറക്‌ടർ.  
  ‘പാരസെറ്റമോൾ ഫാക്‌ടറി’ എന്നറിയപ്പെട്ടിരുന്ന കെഎസ്‌ഡിപിയുടെ ആന്റി ബയോട്ടിക്‌ ഉൾപ്പെടെ വിദേശവിപണിയിലേക്ക്‌  കപ്പൽകയറുകയാണ്‌. ഓട്ടോകാസ്‌റ്റ്‌ റെയിൽവേയ്‌ക്കായി ബോഗി നിർമിക്കുകയാണ്‌. സംസ്ഥാന സർക്കാരിന്റേത്‌ എന്നത്‌ മാത്രമാണ്‌ ഈ രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള പൊരുത്തം. പരസ്‌പരബന്ധമില്ലാത്ത സ്ഥാപനങ്ങളുടെ ചുമതല എസ്‌ ശ്യാമളയെ സർക്കാർ ഏൽപ്പിച്ചത്‌ ഏകോപനത്തിലുള്ള കഴിവ്‌ തിരിച്ചറിഞ്ഞാണ്‌.  
 കൊല്ലം സ്വദേശിനിയാണ്‌ ശ്യാമള. ടികെഎം എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ ഇലക്‌ട്രിക്കൽ എൻജിനിയറിങ്‌ ബിരുദം നേടിയശേഷം കേരള സർവകലാശാലയിൽനിന്ന്‌ എംബിഎ പൂർത്തിയാക്കി. പരസ്‌പരബന്ധമില്ലാത്ത ഈ ബിരുദങ്ങൾ എന്തിനെന്ന്‌ ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ്‌ ഓട്ടോ കാസ്‌റ്റിന്റെയും കെഎസ്‌ഡിപിയുടെയും വിജയഗാഥ. ട്രെയിൻ ബോഗി നിർമിക്കാനുള്ള എൻജിനിയറിങ്‌ വൈദഗ്ധ്യത്തിലേക്ക്‌ കൺസൾട്ടൻസി പോലുമില്ലാതെ ഓട്ടോകാസ്‌റ്റിലെ ജീവനക്കാരെ വളർത്തിയെടുത്തതിലും കെഎസ്‌ഡിപിയുടെ മരുന്നുകൾ വിദേശത്തേക്ക്‌ എത്തിച്ചതിനും പിന്നിൽ ബിരുദങ്ങൾക്കുമപ്പുറത്തെ മികവുണ്ട്‌. 
വി എസ്‌ സർക്കാരിന്റെ കാലത്താണ്‌ വ്യവസായമന്ത്രി എളമരം കരീമിന്റെ നിർദേശപ്രകാരം ശ്യാമള കെഎസ്‌ഡിപിയിലെത്തുന്നത്‌. ആദ്യ വെല്ലുവിളി ബീറ്റാ ലാക്‌ടം പ്ലാന്റിന്റെ നിർമാണമായിരുന്നു. 2007ൽ കല്ലിട്ട പ്ലാന്റിനെക്കുറിച്ച്‌ ഏവരും മറന്നിരുന്നു. എന്നാൽ, എംഡിയുടെ കീഴിൽ ഏഴ്‌ മാസംകൊണ്ട്‌ നിർമാണം പൂർത്തിയാക്കി. തുടർന്ന്‌ സ്ഥാപനം 38 കോടിയുടെ റെക്കോഡ്‌ വിറ്റുവരവും നേടി–-ഇതാകട്ടെ സർവകാല റെക്കോഡും. 
 പക്ഷേ പിന്നാലെ സംസ്ഥാനത്ത്‌ ഭരണമാറ്റം. കെഎസ്‌ഡിപി നഷ്‌ടത്തിലേക്ക്‌  കൂപ്പുകുത്തി. എംഡിയെ ട്രാക്കോ കേബിളിലേക്ക്‌ മാറ്റി. 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നതിന്‌ പിന്നാലെ ശ്യാമളയെ കെഎസ്‌ഡിപിയുടെയും ഓട്ടോകാസ്‌റ്റിന്റെയും എംഡിയാക്കി. 2016–-17 സാമ്പത്തിക വർഷം കെഎസ്‌ഡിപിയുടെ നഷ്‌ടം 4.27 കോടിയായി കുറച്ചു. 2018–-19ൽ  58.37 കോടിയുടെ റെക്കോഡ്‌ വിറ്റുവരവിലൂടെ 2.12 കോടിയുടെ ലാഭം നേടി. വിദേശവിപണിയിൽ കരുത്തുകാട്ടാൻ ഒരുങ്ങുന്ന സ്ഥാപനം കുത്തിവയ്‌പ്പ്‌ മരുന്ന്‌ നിർമാണത്തിലേക്കും കടക്കുകയാണ്‌. 
കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ഓട്ടോകാസ്‌റ്റ്‌ റെയിൽവേ ബോഗി നിർമാണത്തിലേക്കു കടന്നത്‌. എന്നാൽ, റെയിൽവേ പിന്മാറിയതും ഉമ്മൻചാണ്ടി സർക്കാരിന്റെ താൽപ്പര്യമില്ലായ്‌മയുംമൂലം പദ്ധതി മുടന്തി. ഭരണമാറ്റത്തിന്‌ പിന്നാലെ ശ്യാമള എംഡിയായി ചുമതലയേറ്റു. അക്ഷരാർഥത്തിൽ ശൂന്യതയിൽനിന്നാണ്‌ ഓട്ടോകാസ്‌റ്റ്‌ ബോഗി നിർമിച്ചത്‌. കൺസൾട്ടൻസി ഇല്ല, മാത‌ൃകയില്ല, മുൻ പരിചയമില്ല. 
എൻജിനിയർമാർ ഡ്രോയിങ്‌ പഠിച്ച്‌ ഡിസൈൻ തയ്യാറാക്കി. മോഡൽ തടിയിൽ നിർമിച്ചു. ഇതോടെ ആത്മവിശ്വാസമായി. വിജയകരമായി ബോഗി നിർമിച്ചു. റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ‌് സ്‌റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റ (ആർഡിഎസ്ഒ) ‘ക്ലാസ് എ ഫൗണ്ടറി' അംഗീകാരം ലഭിച്ചു.  റയിൽവേയുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള അനുമതിയുമായി .
 ‘‘വ്യവസായവകുപ്പിന്റെ മാർഗനിർദേശങ്ങളും സഹകരണവും, കെഎസ്‌ഡിപിയുടെ ചെയർമാൻ സി ബി ചന്ദ്രബാബു, ഓട്ടോകാസ്‌റ്റ്‌ ചെയർമാൻ കെ എസ്‌ പ്രദീപ്‌കുമാർ എന്നിവരുടെ നേത‌ൃത്വം.  ജീവനക്കാരുടെയും തൊഴിലാളികളുടെയും പൂർണപിന്തുണ –- ഇതാണ്‌- വിജയമന്ത്രം’’–-ശ്യാമള പറയുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top