18 November Monday
സാങ്കേതികവിദ്യ നെല്ലറയ്‌ക്ക്‌ വഴികാട്ടും

കുട്ടനാടിന്‌ കുസെകിന്റെ കറങ്ങും പാലം

സ്വന്തംലേഖകൻUpdated: Thursday Aug 22, 2019

പ്ലവകപാലത്തിന്റെ മാതൃക

 
ആലപ്പുഴ
കുട്ടനാടിന്റെ കാർഷിക, മാലിന്യ, വെള്ളപ്പൊക്ക പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ പദ്ധതിയുമായി കുസാറ്റിന്റെ കീഴിലുള്ള പുളിങ്കുന്ന്‌ കോളേജ് ഓഫ് എന്‍ജിനിയറിങ്ങ് (കുസെക്‌). മാലിന്യനിർമാർജനം, കാർഷികമേഖലയിലെ യന്ത്രവൽക്കരണം, ചെറുപാലങ്ങളിൽ സിഗ്‌നൽ സംവിധാനം തുടങ്ങിയ പ്രോജക്‌ടുകളാണ് വിദ്യാർഥികൾ തയ്യാറാക്കിയത്.
 കുട്ടനാടിനായി കറങ്ങും പാലം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക  വിദ്യാർഥികൾ ഒരുക്കിയിട്ടുണ്ട്‌. ബോട്ടുകൾക്ക് വഴികൊടുക്കാൻ കഴിയുന്നതാണ്‌ കറങ്ങും പാലം. ഊർജപ്രയോഗം, ജലസുരക്ഷ തുടങ്ങിയവയിൽ സ്വയം പര്യാപ്തമായ ഗ്രാമത്തിന്റെ മാത‌ൃക, ചെലവ്‌ കുറഞ്ഞ ബയോഗ്യാസ് പ്ലാന്റ്, പ്ലവകപാലം, മൈക്രോട്രില്ലർ പോലുള്ള കാർഷിക ഉപകരണങ്ങൾ, കാന്തിക പ്ലവക തീവണ്ടി, കാർഷിക റോബോട്ട് തുടങ്ങിയ പ്രോജക്‌ടുകളും കുട്ടനാടിനായി ഒരുക്കുന്നുണ്ട്. 2015 മുതലാണ്‌ വിദ്യാര്‍ഥികളും അധ്യാപകരും പദ്ധതിരൂപീകരണം തുടങ്ങിയത്‌. പ്രോജക്‌ട്‌ സര്‍ക്കാരിന് സമർപ്പിക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ. എന്‍ സുനില്‍കുമാര്‍ പറഞ്ഞു. 
  മത്സ്യക‌ൃഷി തടാകങ്ങളുടെ മാത‌ൃക സിവിൽ എൻജിനിയറിങ് അവസാനവർഷ വിദ്യാർഥികൾ തയ്യാറാക്കി. ബണ്ട്‌ നിർമാണത്തിനും ബലപ്പെടുത്തുന്നതിനും പദാർഥം കണ്ടെത്താൻ ഗവേഷണം തുടങ്ങി.
2017 മുതൽ ആലപ്പുഴയിലെ കനാൽ നവീകരണത്തിന്‌ കുസെക്‌ സാങ്കേതിക സഹായം നൽകുന്നു. 
മണ്ണിന്റെ സുസ്ഥിരത നിലനിർത്താനുള്ള പദ്ധതിയിലൂടെ വിദ്യാർഥികളുടെ അറിവുകൾ പ്രളയാനന്തര പുനർനിർമാണത്തിന്‌ ഉപയോഗപ്പെടുത്തി. മണ്ണിന്റെ ഘടനയ്‌ക്കനുസരിച്ച് ഭാരം കുറഞ്ഞ മേൽക്കൂരയും ഫാൾസ് സീലിങ്ങും ചേർന്നതായിരുന്നു നിര്‍മാണം. മലിനജലം ശുദ്ധജലവും വളവുമാക്കി മാറ്റുന്നതിന്‌ ഗവേഷണം പുരോഗമിക്കുകയാണ്. വിദ്യാർഥികളുടെ സാങ്കേതിക ആശയം യാഥാര്‍ഥ്യമാക്കുന്നതിന് സ്‌റ്റാർട്ട്‌ അപ് ആൻഡ് ഇന്നവേഷൻ സെല്ലും കുസെക്കിലുണ്ട്. കൊച്ചി സർവകലാശാലയിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തുമായി സഹകരിച്ച് മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള ഗവേഷണത്തിന്‌ കുട്ടനാട്ടില്‍ മത്സ്യക‌ൃഷി തടാകവും കെട്ടിടസമുച്ചയവും നിർമിക്കും. കോളേജില്‍നിന്നുതന്നെയാണ് സാമ്പത്തികസഹായം. കുട്ടികളും അവരുടേതായ സംഭാവനകള്‍  നല്‍കുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top