16 November Saturday
എംജി യൂണിയനും ഉറപ്പായി

കലാലയങ്ങളിൽ കോട്ടകെട്ടി എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 കോട്ടയം

എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കലാലയങ്ങളിൽ  എസ്‌എഫ്‌ഐയ്‌ക്ക്‌ തകർപ്പൻ വിജയം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ സംഭവത്തിന്റെ പേരിൽ എസ്‌എഫ്‌ഐയെ തകർക്കാൻ ശ്രമിച്ച ശക്തികൾക്കെതിരെ വിദ്യാർഥികളുടെ സംഘശക്തിയാണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്‌ തുടങ്ങിയ സംഘടനകളെയെല്ലാം നിഷ്‌പ്രഭമാക്കിയാണ്‌ വിദ്യാർഥി മനസ്‌ എസ്‌എഫ്‌ഐക്ക്‌ പിന്നിൽ വീണ്ടും അണിനിരന്നത്‌. ജില്ലയിലെ പ്രധാന കോളേജുകളായ സിഎംഎസ്‌, ബസേലിയസ്‌, ഗവ. കോളേജ്‌, ചങ്ങനാശേരി എൻഎസ്‌എസ്‌, വാഴൂർ എസ്‌വിആർ, പാലാ സെന്റ്‌തോമസ്‌, കുറവിലങ്ങാട്‌ ദേവമാതാ, അരുവിത്തുറ സെന്റ്‌ജോർജ്‌ , കാണക്കാരി ലോകോളേജ്‌ എന്നിവയിലടക്കം എസ്‌എഫ്‌ഐ വെന്നിക്കൊടി പാറിച്ചു. 
 സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന ജില്ലയിലെ 38 കോളേജുകളിൽ 38 ലും  എസ്‌എഫ്‌ഐ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇതിൽ 21 കോളേജുകളിൽ എതിരില്ലാതെയായിരുന്നു ജയം. കെഎസ്‌യു കയ്യടക്കിയിരുന്ന ചങ്ങനാശേരി എസ്‌ബി കോളേജ്‌ തിരിച്ചുപിടിച്ചത്‌ എസ്‌എഫ്‌ഐക്ക്‌ അഭിമാനമായി. മണർകാട്‌ സെന്റ്‌മേരീസിലാകട്ടെ മുഴുവൻ സീറ്റും നേടി. സർവകലാശാല കൗൺസിലർ സീറ്റുകളിലും വ്യക്തമായ മേൽക്കൈ എസ്‌എഫ്‌ഐക്കുണ്ട്‌. 38 ക്യാമ്പസുകളിലും കൗൺസിലർ സീറ്റുകൾ തൂത്തുവാരി. സർവകലാശാലക്ക്‌ കീഴിൽ വരുന്ന എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കൂടുതൽ കൗൺസിലർ സീറ്റുകൾ കരസ്ഥമാക്കിയതിനാൽ എംജി സർവകലാശാല യൂണിയൻ സാരഥ്യവും എസ്‌എഫ്‌ഐ ഉറപ്പാക്കി. 
 വൈക്കം ശ്രീമഹാദേവ കോളേജ്‌, തലയോലപ്പറമ്പ്‌ ഡിബി കോളേജ്‌, കീഴൂർ ഡിബി കോളേജ്‌, ഞീഴൂർ ഡിബി കോളേജ്‌, ഞീഴൂർ വിശ്വഭാരതി എസ്‌എൻ കോളേജ്‌, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ്‌, പുല്ലരിക്കുന്ന്‌ ഐസിജെ, പാലാ സെന്റ്‌ തോമസ്‌ കോളേജ്‌,  ഉഴവൂർ സെന്റ്‌ സ്‌റ്റീഫൻസ്‌, പുതുവേലി മാർകുര്യാക്കോസ്‌ കോളേജ്‌, മേലുകാവ്‌ ഹെൻറി ബേക്കർ കോളേജ്‌, കാഞ്ഞിരപ്പള്ളി ഐഎച്ച്‌ആർഡി കോളേജ്‌, പുതുപ്പള്ളി ഐഎച്ച്‌ആർഡി കോളേജ്‌, പുതുപ്പളളി എംഇഎസ്‌ കോളേജ്‌, ചാന്നാനിക്കാട്‌ എസ്‌എൻ കോളേജ്‌, ചങ്ങനാശേരി സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജ്‌, മണർകാട്‌ സെന്റ്‌ മേരീസ്‌ കോളേജ്‌, കുമരകം എസ്‌എൻ കോളേജ്‌, കങ്ങഴ പിജിഎം കോളേജ്‌ തുടങ്ങിയ ക്യാമ്പസുകളിലാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്‌.  വർഗീയതയുടെ വിഷവിത്തുകൾ പാകി വിദ്യാർഥി ഐക്യം തകർക്കുന്നവർക്കെതിരെയും അരാഷ്ട്രീയത പ്രചരിപ്പിച്ച്‌ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെയും ഉജ്വല താക്കീത്‌ നൽകി എസ്‌എഫ്‌ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്‌തു. കലാലയ സാരഥ്യം എസ്‌എഫ്‌ഐക്ക്‌ സമ്മാനിച്ച വിദ്യാർഥികളെ അഭിനന്ദിക്കുന്നതായി ജില്ലാപ്രസിഡന്റ്‌ ജസ്‌റ്റിൻജോസഫും സെക്രട്ടറി എം എസ്‌ ദീപക്കും പറഞ്ഞു. ആഹ്‌ളാദപ്രകടനത്തിനുശേഷം കോട്ടയത്ത്‌ നടത്തിയ യോഗത്തിൽ എം എസ്‌ ദീപക്കും ചങ്ങനാശേരിയിൽ ജസ്‌റ്റിൻ ജോസഫും സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top