18 September Wednesday
- വ്യക്തിഹത്യ

സിസ്‌റ്റർ ലൂസി കളപ്പുരക്കലിന്റെ പരാതിയിൽ 6 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
സ്വന്തം ലേഖകൻ
കൽപ്പറ്റ
സാമൂഹ്യ മാധ്യമങ്ങളിലൂടെ സിസ്‌റ്റർ ലൂസി കളപ്പുരക്കലിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ ആറുപേർക്കെതിരെ   കേസ്‌. മാനന്തവാടി രൂപതാ പിആർഒ അംഗം ഫാ. നോബിൾ പാറക്കലിനെ മുഖ്യപ്രതിയാക്കിയാണ്‌  വെള്ളമുണ്ട പൊലീസ്‌ കേസെടുത്തത്‌.  മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പെടെ ബാക്കി അഞ്ചുപേരും കന്യാസ്‌ത്രീകളാണ്‌.
മഠത്തിലെ സിസിടിവി ദൃശ്യത്തിലെ ഒരുഭാഗമെടുത്ത്‌ തനിക്ക്‌ മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ യൂടൂബിലും ഫെയ്‌സ്‌ബുക്കിലും പ്രചരിപ്പിച്ചുവെന്നാണ്‌ സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്കൽ ജില്ലാ  പൊലീസ്‌ ചീഫിന്‌ നൽകിയ പരാതി.  പ്രധാന വാതിൽ പൂട്ടിയിട്ടതിനെ തുടർന്ന്‌ അടുക്കള വാതിൽവഴി രണ്ട്‌ മാധ്യമപ്രവർത്തകർ ലൂസിക്കൊപ്പം മഠത്തിലേക്ക്‌ കടന്നുവരുന്ന ദൃശ്യങ്ങൾ എടുത്തായിരുന്നു പ്രചാരണം. കന്യാസ്‌ത്രീകൾ മാത്രം താമസിക്കുന്ന മഠത്തിലേക്ക്‌ ആണുങ്ങളെ കൊണ്ടുവരുന്നു എന്ന തലക്കെട്ടോടെ ചിത്രീകരിച്ച വീഡിയോയിൽ മോശമായ രീതിയിലാണ്‌ സിസ്‌റ്റർ ലൂസിയെ കുറിച്ച്‌ പറയുന്നത്‌.   സ്‌ത്രീ എന്ന നിലയിൽ തനിക്ക്‌   അപമാനമുണ്ടാക്കുന്ന പരാമർശങ്ങളണ്‌ വീഡിയോയിലുള്ളതെന്ന്‌ സിസ്‌റ്റർ നൽകിയ പരാതിയിലുണ്ട്‌.  അതേസമയം സ്ത്രീത്വത്തെയും സഭ സമൂഹത്തെയും അപമാനിച്ച ഫാ. നോബിളിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കാത്തലിക്ക് ലേമെൻസ് അസോസിയേഷൻ സെക്രട്ടറി കെ എഫ് തോമസ്‌ മാനന്തവാടി ബിഷപ്പ്‌ മാർ ജോസ്‌ പൊരുന്നേടത്തിന്‌ തുറന്ന കത്തെഴുതി. മുമ്പും ഫാ. നോബിൾസഭക്ക് അപമാനകരമാകുന്ന തരത്തിൽ പ്രവർത്തിച്ചപ്പോൾ  നടപടി എടുത്തിട്ടില്ലെന്ന്‌ കത്തിൽ കുറ്റപ്പെടുത്തുന്നു. ഇത്‌ തുടർന്നാൽ ബിഷപ്പ് ഹൗസിന് മുന്നിൽ സമരം നടത്തും. ബിഷപ്പിനെ വഴിയിൽ തടയുന്നതടക്കമുള്ള  സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും കത്തിലുണ്ട്‌.
പ്രധാന വാർത്തകൾ
 Top