18 February Monday
രണ്ടാംഘട്ട രക്ഷാപ്രവർത്തനം തുടരും

ചെങ്ങന്നൂരിൽ പൂർണവിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ബുധനൂരിൽ വീടുകളിൽ കുടുങ്ങിയവരെ കണ്ടെത്താനും ഒറ്റപ്പെട്ടവർക്ക്‌ ഭക്ഷണസാധനങ്ങളെത്തിക്കാനും ദൗത്യസേന ഇറങ്ങിയപ്പോൾ. ഫോട്ടോ: ആർ സഞ്ജീവ്‌

 

 
 
ചെങ്ങന്നൂർ
പ്രളയക്കെടുതിയിൽ മുങ്ങിയ  ചെങ്ങന്നൂരിൽ ഏഴ‌് ദിവസത്തെ  രക്ഷാപ്രവർത്തനം പൂർണവിജയത്തിലെത്തിയതായി സജി ചെറിയാൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 85,000 ലേറെ ആളുകളെ മരണത്തിൽനിന്ന് കരകയറ്റിയ രക്ഷാപ്രവർത്തനം കേരളം കണ്ടതിൽ ഏറ്റവും വലുതാണ്. 
സംസ്ഥാന സർക്കാരിന്റെ ക‌ൃത്യമായ ഏകോപനത്തിൽ നടന്ന രക്ഷാപ്രവർത്തനം നിരവധി പേർക്ക‌് തുണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിൽ മന്ത്രിമാരായ തോമസ് ഐസക‌്, ജി സുധാകരൻ, പി തിലോത്തമൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേത‌ൃത്വം നൽകി.  
400  ബോട്ടുകളിലെത്തിയ 1200 മത്സ്യത്തൊഴിലാളികളാണ‌് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത‌്.  പമ്പാ നദിയിലെ കനത്ത ഒഴുക്ക‌് മറികടന്ന് 50,000 ലേറെ പേരെ ഇവർ രക്ഷപ്പെടുത്തി.  കര‐നാവിക‐വ്യോമ സേനകളും എൻഡിആർഫ്, സിഐഎസ്എഫ്, പൊലീസ്, ഫയർഫോഴ്സ്, കോസ‌്റ്റ‌്ഗാർഡ്, റവന്യൂ, വനം ഉദ്യോഗസ്ഥരുമാണ‌് അഞ്ച് ദിവസത്തെ വിശ്രമരഹിത ദൗത്യത്തിൽ മുഴുകിയത്.
രണ്ടുലക്ഷം പേരെ ഇവിടെമാത്രം പ്രളയം നേരിട്ട് ബാധിച്ചു.  പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ, മാന്നാർ പഞ്ചായത്തുകൾ പൂർണമായും വെൺമണി, ചെറിയനാട് പഞ്ചായത്തുകളും ചെങ്ങന്നൂർ നഗരസഭയും  ഭാഗികമായും മുങ്ങി. 500 കോടി രൂപയിലേറെ നഷ‌്ടമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ‌്ച വെള്ളം കയറിയ  ഭാഗങ്ങളിലെ അടഞ്ഞുകിടക്കുന്നവയും ഒറ്റപ്പെട്ടതുമായ വീടുകളുൾപ്പെടെ രക്ഷാപ്രവർത്തകർ എത്തി പരിശോധിച്ചു. അപകടങ്ങളൊന്നും റിപ്പോർട്ട‌് ചെയ്യപ്പെട്ടിട്ടില്ല. 
രക്ഷാപ്രവർത്തനത്തിന്റെ രണ്ടാംഘട്ടം തുടരും. സർജിക്കൽ  സ‌്ട്രൈക്കുകളിൽ പങ്കെടുത്തിടുള്ള സേനാംഗങ്ങളെ ഉൾപ്പെടെ ഇതിനായി നിയോഗിക്കും. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ   ഭക്ഷണമെത്തിക്കുന്ന നടപടികൾ തുടരും. സർവതും നഷ്ടപ്പെട്ട ഒരു ലക്ഷത്തിലേറെയാളുകൾ 132 ദുരിതാശ്വാസകേന്ദ്രങ്ങളിൽ കഴിയുന്നുണ്ട‌്.  വെള്ളം കയറാത്ത വീടുകളുടെ ടെറസുകളിലുൾപ്പെടെ ആയിരത്തിലേറെ ക്യാമ്പുകളിലായി ഒരു ലക്ഷത്തിലേറെ പേരും കഴിയുന്നുണ്ട്. ഇവർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുകയാണ് അടുത്തഘട്ട പ്രവർത്തനം. ക്യാമ്പിൽ വരാൻ സാധിക്കാതെ, ദുരിതബാധിതരായി വീടുകളിൽ കഴിയുന്നവർക്കുകൂടി ക്യാമ്പിൽ ഭക്ഷണം നൽകും. രക്ഷനേടിയെത്തുന്നവരെ അതത‌് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ക്യാമ്പുകളിൽ ഉൾപ്പെടുത്തും. ഇവർക്ക് സാരി, കൈലി ,പാത്രങ്ങൾ എന്നിവ നൽകും.  
ആവശ്യമുള്ള ക്യാമ്പുകളിൽ ബയോ ടോയ‌്‌ലെറ്റുകൾ സ്ഥാപിക്കും. ഓരോ ക്യാമ്പിനും ശുചിത്വ ബ്രിഗേഡ് രൂപീകരിക്കും.  വെള്ളപ്പൊക്കംമൂലം നാൽപ്പതിനായിരത്തിലേറെ വീടുകളിൽ പൂർണമായി ചളിയടിഞ്ഞ നിലയിലാണ്. ഇതു നീക്കംചെയ്യുന്നതിന് യുവജന, സന്നദ്ധ സംഘടനകളുടെയടക്കം സഹായം തേടും. ആവശ്യമായ മുഴുവൻ സ്ഥലങ്ങളിലും കുടിവെള്ളം വിതരണംചെയ്യും.  എല്ലാ ക്യാമ്പിലും കൗൺസലിങ് സെന്ററുകൾ ആരംഭിക്കുമെന്നും  എംഎൽഎ   അറിയിച്ചു. എ എം ആരിഫ് എംഎൽഎ, കലക്ടർ എസ് സുകേശ്, ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രൻ, സ‌്‌ക്വാഡ്രൻ ലീഡർ അനീഷ വി തോമസ്, മേജർ ഹേമന്ദ് എന്നിവർ  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top