11 December Wednesday

കയറി ‘ചെത്താൻ’ ഞങ്ങളില്ലേ...

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

പനയിൽ കയറുന്ന ചെത്തുതൊഴിലാളി ഉപ്പുതറ സ്വദേശി വിജയൻ

 ഇടുക്കി

കള്ളെന്ന‌് കേട്ടാൽ കമിഴ‌്ന്ന‌ുവീഴാൻ ധാരാളം പേരുണ്ടെങ്കിലും ചെത്തിനോട‌് അത്ര അടുപ്പം പോര. ഒരുകാലത്ത‌് അഭിമാന തൊഴിലായിരുന്നു കള്ള‌ുചെത്തും ചെത്ത‌് വ്യവസായവും.എന്നാൽ പുതുതലമുറയ്‌ക്ക്‌ താൽപര്യമില്ല. 
     ഒരു ലിറ്റർ കള്ള‌് ചെത്തിയാൽ 28 രൂപയാണ‌് കൂലി. ഒരാൾ ശരാശരി 25 മുതൽ 35 ലിറ്റർ വരെ ചെത്തും. ഇതിനുപുറമെ മാസത്തിൽ നാല‌് ഇരട്ടക്കൂലി, വർഷത്തിൽ ഫെസ്റ്റിവൽ ഉൾപ്പെടെ 13 ഇരട്ടിക്കൂലി, ഒരു ദിവസം ഡിഎ 180 രൂപ, ആകെ ഉൽപാദിപ്പിക്കുന്നതിന്റെ 33 ശതമാനം ബോണസ‌്, 20 ശതമാനം പിഎഫ‌്, പണി ഉപകരണങ്ങൾക്ക‌് 7500 രൂപ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ. ശരാശരി 30 ലിറ്റർ ചെത്തുന്ന തൊഴിലാളിക്ക‌് 1350– -1400 രൂപ ലഭിക്കും. 
കൂടാതെ ചെത്തുകാരുടെ മക്കൾക്ക‌് സ‌്കോളർഷിപ്പ‌ും വിവാഹത്തിന‌് സഹായവുമെല്ലാം നൽകുമെങ്കിലും ആരും തൊഴിലിലേക്ക‌് അടുക്കുന്നില്ല. വർഷം ഏറ്റവും കൂടുതൽ കള്ള‌് ഉൽപാദിപ്പിക്കുന്ന തൊഴിലാളിക്ക‌് 50,000 രൂപ ക്ഷേമനിധി ബോർഡും നൽകുന്നുണ്ട‌്. സർവീസിൽനിന്ന‌് പിരിയുന്ന തൊഴിലാളിക്കും നല്ലൊരു തുക ലഭിക്കും. തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിനുമുണ്ട‌് ആനുകൂല്യങ്ങൾ. ക്ഷേമനിധി ബോർഡ‌് ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട‌്. എന്നാലും പുതുതലമുറ ചെത്തിലേക്ക‌് അടുക്കുന്നില്ലെന്ന യാഥാർഥ്യം പരമ്പരാഗത തൊഴിലാളികളേയും നിരാശരാക്കുന്നുണ്ട‌്.
 
പരസ്യം 
കൊടുത്താലും
 രക്ഷയില്ല
തെങ്ങിൻകുലയും പനങ്കുലയും ചെത്താൻ കഴിവുള്ള ആരോഗ്യവാന്മാരായ യുവാക്കളെ കിട്ടാതായതോടെ ഷാപ്പുകൾക്ക‌ുമുമ്പിൽ പരസ്യംവരെ ചെയ്യേണ്ടിവന്നു. എന്നിട്ടും നിരാശയായിരുന്നു ഫലമെന്ന‌് ഷാപ്പുടമകൾ പറയുന്നു. 1990‐ 95 കളിൽ ജില്ലയിലാകെ ആയിരത്തോളം തൊഴിലാളികളും കള്ള‌് അളവുകാരുമുണ്ടായിരുന്നു. എന്നാലിപ്പോൾ 450ൽ താഴെ. അടുത്ത കാലത്തെങ്ങും പുതിയ ആളുകൾ ഈ രംഗത്തേക്ക‌് എത്തുന്നതേയില്ല. 
ചെത്തുകാരെ കിട്ടാതായതോടെ കള്ള‌് വ്യവസായം ഹൈറേഞ്ചിലും പ്രതിസന്ധി നേരിട്ടു‌. ഇതോടെയാണ‌് പാലക്കാടൻ കള്ള‌് എത്തിക്കുന്ന കാര്യം ചിന്തിച്ചുതുടങ്ങിയത‌്. കഴിഞ്ഞ അഞ്ചുവർഷമായി ജില്ലയിലാകെ അധികവും വിൽക്കുന്നത‌് പാലക്കാടൻ കള്ളുതന്നെ. ഒരു ഷാപ്പിന്റെ പരിധിയിൽ പത്തും പതിനഞ്ചും ചെത്തുകാർ ഉണ്ടായിരുന്നിടത്തിപ്പോൾ നാമമാത്രം. ചില ഷാപ്പുകളിൽ ഒന്നോ രണ്ടോ. പന ചെത്തുന്നവരുടെ എണ്ണമാണ‌് കൂടുതൽ. 
ചെത്ത‌് കുലത്തൊഴിലാണെങ്കിലും ഇടക്കാലത്ത‌് മറ്റുള്ളവും ഈ മേഖലയിലേക്ക‌് എത്തിയിരുന്നു. പിന്നീട‌് ആ ഒഴുക്ക‌് സജീവമായില്ല. എന്തായാലും വിവരസങ്കേതിക വിദ്യയുടെ പാരമ്യതയിൽ ഒരു പരമ്പരാഗത തൊഴിൽകൂടി പ്രതിസന്ധിയെ നേരിടുമ്പോൾ സമ്മിശ്ര പ്രതികരണമാണ‌് ഉയരുന്നത‌്.    
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top