25 July Sunday

നിരത്ത്‌ നിശ്ചലമാക്കി കേരളം

സ്വന്തം ലേഖകൻUpdated: Tuesday Jun 22, 2021

ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി നിരത്തിൽ നിശ്‌ചലമായ വാഹനങ്ങൾ. മലപ്പുറം കോട്ടപ്പടിയിൽനിന്നുള്ള ദൃശ്യം

 തിരുവനന്തപുരം/മലപ്പുറം

കോവിഡ്‌ ദുരിതത്തിനിടെ ഇന്ധനവില കൂട്ടി വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ നിരത്ത്‌ നിശ്ചലമാക്കി കേരളത്തിന്റെ പ്രതിഷേധം. ട്രേഡ്‌ യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ചക്രസ്‌തംഭന സമരത്തിൽ സംസ്ഥാനം കാൽ മണിക്കൂറിലേറെ നിശ്ചലമായി. പകൽ 11 മുതൽ 11.15 വരെ വാഹനം നിർത്തിയിട്ടായിരുന്നു പ്രതിഷേധം. തൊഴിലാളികൾക്കൊപ്പം ജനങ്ങളും അണിനിരന്നതോടെ സമരം പൂർണമായി. അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ–- ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. 
തിരുവനന്തപുരം സ്റ്റാച്യുവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. ഓവർ ബ്രിഡ്‌ജിൽ ഡോ. എ നീലലോഹിതദാസൻ നാടാർ (ജെഡിയു), പിഎംജിയിൽ പി കെ കുഞ്ഞാലിക്കുട്ടി (എസ്‌ടിയു) എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി എം, എച്ച്‌എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി ബി, കെടിയുസി ജെ, എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു എന്നീ സംഘടന പങ്കെടുത്തു. സമരം വിജയിപ്പിച്ച എല്ലാവരെയും ട്രേഡ് യൂണിയൻ സംയുക്ത സമിതി ജനറൽ സെക്രട്ടറി എളമരം കരീം എംപി അഭിവാദ്യം ചെയ്‌തു.
മലപ്പുറം ജില്ലയിൽ 160 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്‌ മുന്നോടിയായി എല്ലാ കേന്ദ്രങ്ങളിലും യോഗം ചേർന്നു. സമരത്തിൽനിന്ന്‌ ഒഴിവാക്കിയതിനാൽ ആംബുലൻസുകൾക്ക്‌ ഗതാഗത തടസ്സമുണ്ടാകാതെ ചുമതലപ്പെടുത്തിയ വള​ന്റിയർമാർ വഴിയൊരുക്കി. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ പൊന്നാനിയിലും സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ കൂട്ടായി ബഷീർ തിരൂരിലും വി ശശികുമാർ മലപ്പുറത്തും സംസ്ഥാന സെക്രട്ടറി ധന്യാ ആബിദ്‌ പെരുമ്പടപ്പിലും സമരത്തിന്റെ ഭാഗമായി. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ വളാഞ്ചേരിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി അനിൽ തൃക്കലങ്ങോടും കെ രാമദാസ്‌ പുത്തനത്താണിയിലും വി പി സോമസുന്ദരൻ കൂട്ടുമൂച്ചിയിലും പി വി വിജയലക്ഷ്‌മി ഐങ്കലത്തും പങ്കെടുത്തു. മഞ്ചേരിയിൽ എഐടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ, വി പി ഫിറോസ്‌ (ഐഎൻടിയുസി), മലപ്പുറം കോട്ടപ്പടിയിൽ പി ഉബൈദുള്ള എംഎൽഎ (എസ്‌ടിയു) തുടങ്ങിയവരും പങ്കുചേർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top