17 June Monday

വിധിയറിയാൻ മണിക്കൂറുകൾ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
മലപ്പുറം
ഒന്നര മാസത്തോളംനീണ്ട പ്രചാരണത്തിനും വോട്ടെടുപ്പിനുംശേഷം ഒരുമാസത്തെ കാത്തിരിപ്പിന‌് വിരാമമിട്ട‌് പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അവസാനഘട്ടത്തിലേക്ക‌്. വോട്ടെണ്ണലിന‌്  ഒരുദിവസംമാത്രം  അവശേഷിക്കെ അവസാനവട്ട തയ്യാറെടുപ്പിലാണ‌് തെരഞ്ഞെടുപ്പ‌്  ഉദ്യോഗസ്ഥർ.  വർഗീയതക്കെതിരെ മതനിരപേക്ഷ മുദ്രാവാക്യമുയർത്തിയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തമായ പ്രചാരണത്തെ തീവ്രവർഗീയതയുടെ കൂട്ടുപിടിച്ച‌് നേരിടാനായിരുന്നു യുഡിഎഫ‌് ശ്രമം. മലപ്പുറത്തും പൊന്നാനിയിലും സിറ്റിങ്‌ സീറ്റ‌് നിലനിർത്താൻ എസ‌്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കൂടാരം കയറി മുസ്ലീംലീഗ‌് നാണംകെട്ടു.    
 പ്രചാരണരംഗത്തും മത്സരരംഗത്തും ദേശീയ നേതാക്കൾ ഇറങ്ങിയതിനാൽ ജില്ല രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. മലപ്പുറത്തെ നിലമ്പൂർ, വണ്ടൂർ, ഏറനാട‌് മണ്ഡലങ്ങളുൾപ്പെടുന്ന വയനാട‌് ലോക‌്സഭാ മണ്ഡലത്തിൽ കോൺഗ്രസ‌് ദേശീയ പ്രസിഡന്റ‌് രാഹുൽ ഗാന്ധിയെയാണ‌് യുഡിഎഫ‌് രംഗത്തിറക്കിയത‌്. ബിജെപിയെ നേരിടാതെ  ഇടതുപക്ഷത്തിനെതിരെ മത്സരിച്ച രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വിമർശനവിധേയമായി.  മുസ്ലീംലീഗ‌് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം മണ്ഡലത്തിൽ എസ‌്എഫ‌്ഐ ദേശീയ പ്രസിഡന്റ‌് വി പി സാനു മത്സരത്തിനിറങ്ങിയത‌് വിദ്യാർഥികളിലും ചെറുപ്പക്കാരിലും വലിയ ആവേശമുളവാക്കി.  
ലീഗ‌് എംപിമാരുടെ വികസനവിരുദ്ധതയും പാർലമെന്റിലെ പരാജയവും  പൊന്നാനിയിലും മലപ്പുറത്തും സജീവ ചർച്ചയാക്കാൻ ഇടതുപക്ഷത്തിനായി.  കരിപ്പൂർ എയർപോർട്ടിന്റെ തകർച്ച, പാസ‌്പോർട്ട‌് ഓഫീസ‌്, എയർ ഇന്ത്യാ ഓഫീസ‌്  എന്നിവ അടച്ചുപൂട്ടൽ തുടങ്ങിയവയെല്ലാം മലപ്പുറത്ത‌് യുഡിഎഫിനെ പ്രതിരോധത്തിലാക്കി. പൊന്നാനിയിൽ നിലമ്പൂർ എംഎൽഎകൂടിയായ എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ നിലമ്പൂർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും പ്രളയകാലത്തും മറ്റ‌് അടിയന്തരഘട്ടങ്ങളിലും ജനങ്ങൾക്കൊപ്പം അണിനിരന്നതുമെല്ലാം എടുത്തുകാട്ടിയാണ‌് എൽഡിഎഫ‌് പ്രചാരണം മുന്നേറിയത‌്. അപവാദപ്രചാരണമഴിച്ചുവിട്ടും അപരന്മാരെ നിർത്തി ചിത്രവും ചിഹ്നവും തെറ്റായി  പ്രചരിപ്പിച്ചുമാണ‌്  അൻവറെ ലീഗ‌് നേരിട്ടത‌്. മലപ്പുറം മണ്ഡലത്തിൽ 75.06 ശതമാനവും പൊന്നാനിയിൽ 73.46 ശതമാനവുമാണ‌് പോളിങ്‌.  
2014–-ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ 71.50, പൊന്നാനിയിൽ 73.50 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. മലപ്പുറം ലോക‌്സഭാ മണ്ഡലത്തിലുൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ  കൊണ്ടോട്ടി–- 77.69, മഞ്ചേരി-– 76.20, പെരിന്തൽമണ്ണ–- 73.20, മങ്കട–- 73.01,  മലപ്പുറം–- 76.45,  വേങ്ങര–-- 71.71, വള്ളിക്കുന്ന്-– -76.90 എന്നിങ്ങനെയാണ‌് പോളിങ‌് ശതമാനം.  
പൊന്നാനി ലോക‌്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളായ തിരൂരങ്ങാടി-–-  73.50. താനൂർ–- - 75.06, തിരൂർ-– -74.01, കോട്ടക്കൽ–- 74.35, തവനൂർ–- 72.43, പൊന്നാനി–-- 71.16,  തൃത്താല–- 73.66 എന്നിങ്ങനെയാണ‌് വോട്ടിങ്‌ ശതമാനം.  വയനാട് ലോക‌്സഭാ മണ്ഡലത്തിലുൾപ്പെടുന്ന ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ ഏറനാട്–- 79.04,  നിലമ്പൂർ–- -77.34,  വണ്ടൂർ–-- 76.99  എന്നിങ്ങനെയാണ‌് വോട്ടിങ് ശതമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട്-– 80.90-,  നിലമ്പൂർ–- 76.70-,  വണ്ടൂർ–-- 75.60 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.
പ്രധാന വാർത്തകൾ
 Top