24 July Saturday

പുഴയൊഴുക്കിയ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
വടക്കാഞ്ചേരി
ജനകീയ കൂട്ടായ്‌മയിലൂടെ ഒരു പുഴയെ വീണ്ടെടുക്കുന്ന സമാനതയില്ലാത്ത കാഴ്‌ചയാണ്‌  വടക്കാഞ്ചേരിയിൽ കാണുന്നത്‌. നാടിന്റെ അതിജീവന സംഗീതമായും അത് മാറുന്നു.
ഹരിത സേനയിലൂടെ നെൽകൃഷിയെ തിരിച്ചു പിടിച്ച വടക്കാഞ്ചേരി മാതൃക ഒരു പതിറ്റാണ്ട് മുന്നേകേരളം ഏറ്റെടുത്തതാണ്. പിന്നീട് തുണ്ടു ഭൂമികളിലെ പച്ചക്കറി കൃഷിയിൽ  ഈ നാടിന്റെ  മാതൃകയും കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഇടം നേടി. 
മച്ചാട് മലകളിൽ നിന്ന് തുടങ്ങി  കൈവഴികളായി ഏനാമാവ് കോളിലാണ് വടക്കാഞ്ചേരി പുഴ  ലയിക്കുന്നത്‌. പുഴ ഒഴുകുന്ന 41 കിലോമീറ്ററും ജലനിർഭരമാക്കുന്നു. ഈ പുഴയെ വീണ്ടെടുക്കണമെന്ന ഭാവി സ്വപ്‌നം മന്ത്രി എ സി മൊയ്‌തീനാണ്‌ മുന്നോട്ടുവച്ചത്‌. 
 ഗ്രീൻ ആർമി മുഖ്യ സംയോജകനായിരുന്ന കൗൺസിലർ എം ആർ അനൂപ് കിഷോർ ആ നിർദേശം ഏറ്റെടുത്തു. ഇതിനായി കാർഷിക സർവകലാശാലയിലെ   ഡോ. ജയശ്രീ കൃഷ്ണകുമാറിന്റെ സഹായം  ഉറപ്പാക്കി. അവിടത്തെ വിദ്യാർഥികൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ  പഠനം നടത്തി. വടക്കാഞ്ചേരി നഗരസഭയ്ക്കും മന്ത്രി എ സി മൊയ്തീനും റിപ്പോർട്ട്  കൈമാറി.
പുഴയുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനത്തേക്കാളുപരി   മാനുഷിക ഇടപെടലുകളാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു റിപ്പോർട്ട്.  മന്ത്രി എ സി മൊയ്തീൻ പുഴ വീണ്ടെടുപ്പ് മാത്രം അജൻഡയാക്കി വിളിച്ച യോഗത്തിൽ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരേ മനസ്സോടെ സഹകരണം വാഗ്ദാനം ചെയ്തു.  
പ്രളയത്തിൽ  വന്നടിഞ്ഞ മണ്ണും, മണലും  അവശിഷ്ടങ്ങളും നീക്കി ഒഴുക്ക് സുഗമമാക്കുകയായിരുന്നു ലക്ഷ്യം. സന്നദ്ധ സംഘടനകൾക്ക് പുറമെ രാഷ്ട്രീയ പാർടികളും തൊഴിലാളി യുവജന സംഘടനകളും  വ്യാപാരികളും സാംസ്‌കാരിക പ്രവർത്തകരും കൂട്ടായ്മയിൽ കണ്ണികളായി.
നഗരസഭാ പരിധിയിൽ പുഴയിലെ പത്തേക്കർ കൈയേറ്റം അളന്നു തിട്ടപ്പെടുത്തി ഒഴിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സർവേക്കല്ലുകൾ നേരത്തേ സ്ഥാപിച്ചിരുന്നു. 
പഴയ തലമുറ നീന്തിക്കുളിച്ച പുഴ കാൽനൂറ്റാണ്ടായി തോടായി മാറിയിരുന്നു. ഇന്നാ പഴയ സ്വപ്‌നം യാഥാർഥ്യമാവുകയാണ്‌.    
പുഴ പുനരുജ്ജീവനത്തിനായി സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികളുടെ രൂപരേഖ ജനകീയസമിതി ആസൂത്രണം ചെയ്യണമെന്ന മന്ത്രിയുടെ നിർദേശവും ജനകീയ ഇടപെടലിന് പുത്തൻവഴിയൊരുക്കും.
(തയ്യാറാക്കിയത്‌: 
സൂര്യനായർ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top