27 May Wednesday

ജില്ലയില്‍ 3 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കണ്ണൂർ
ജില്ലയിൽ പുതുതായി മൂന്നുപേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.  18ന് ഷാർജയിൽനിന്നെത്തിയ ഒരാൾക്കും ദുബായിൽനിന്നെത്തിയ രണ്ടുപേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ ജില്ലാ ആശുപത്രിയിലും രണ്ടുപേർ തലശേരി ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരിൽ രണ്ടുപേർ കരിപ്പൂർ വിമാനത്താവളംവഴിയും ഒരാൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളംവഴിയുമാണ് എത്തിയത്. രണ്ടുപേർ കണ്ണൂർ സ്വദേശികളും ഒരാൾ കാസർകോട് സ്വദേശിയുമാണ്. കാസർകോട് സ്വദേശിയുടെ ഭാര്യവീടാണ് കണ്ണൂരിലുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഫറോക്കിലെത്തിയ ഇദ്ദേഹം ട്രെയിൻ മാർഗമാണ് കണ്ണൂരിലെ ഭാര്യവീട്ടിലെത്തിയത്. ഇവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിവരികയാണ്. 
മൂന്നുപേർക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുതിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും ജനങ്ങൾ സ്വയം അച്ചടക്കം പാലിക്കാൻ തയ്യാറാകണമന്നും കലക്ടർ ടി വി സുഭാഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിഎംഒ  കെ നാരായണ നായിക് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top