31 March Tuesday

പുളി പറിക്കാൻ കയറിയ യുവാവ് മരത്തിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
വിഴിഞ്ഞം
കൂറ്റൻ പുളിമരത്തിൽ പുളി പറിക്കാൻ കയറി  അവശനായി മരത്തിൽ കുടുങ്ങിയ  യുവാവിനെ ഫയർഫോഴ്സ്  സാഹസികമായി രക്ഷപ്പെടുത്തി. മുല്ലൂർ ചെറിയ കുഴിയംവിള മേക്കരുകത്ത് വീട്ടിൽ രാജീവ(27)നെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കിടാരക്കുഴി ചേനവിള വീട്ടിൽ സതീഷ്‌കുമാറിന്റെ വീടിന് സമീപത്തെ പുളിമരത്തിലാണ്  രാജീവൻ കയറിയത്. ഉയരെ എത്തിയശേഷം കൈകാലുകൾ തളർന്ന് അവശനായി. 
 
സ്ഥലം ഉടമ അപകടം മനസ്സിലാക്കി എറിഞ്ഞുകൊടുത്ത കയർ കൊണ്ട് രാജീവൻ സ്വയം മരത്തിൽ ബന്ധിച്ചതിനാൽ താഴെ വീഴാതെ പിടിച്ചിരുന്നു.  വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും വളരെ ഉയരത്തിൽ യുവാവ് കുടുങ്ങിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. 
 
സീനിയർ ഫയർമാൻ രാജശേഖരൻനായർ, എം എസ്‌ ‌ഹരിപ്രസാദ്, വി ആർ അരുൺകുമാർ എന്നിവർ ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ വലയുടെ സഹായത്തോടെ യുവാവിനെ താഴെയിറക്കി. 
സ്റ്റേഷൻ ഓഫീസർ രാമമൂർത്തി ,അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ, ഫയർമാന്മാരായ മോഹനൻ, അഭിലാഷ് ,വൈജേന്ദ്രകുമാർ, സജികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top