01 April Wednesday

റീബൂട്ട്‌ കേരള ഹാക്കത്തോൺ തുടങ്ങി സ്‌മാർട്ടാണ്‌ വിദ്യാർഥികൾ; എല്ലാത്തിനും പരിഹാരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന റീബൂട്ട് കേരള ഹാക്കത്തോണിൽനിന്ന്

 

സ്വന്തം ലേഖകൻ
തിരൂരങ്ങാടി
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്ക് വിദ്യാർഥികളിലൂടെതന്നെ പരിഹാരം കണ്ടെത്തുന്ന റീബൂട്ട്‌ കേരള ഹാക്കത്തോൺ  തിരൂരങ്ങാടി  എകെഎൻഎം ഗവ. പോളിടെക്നിക്കിൽ തുടങ്ങി. 
വിവിധ മേഖലകളിലെ പ്രശ്നങ്ങൾക്ക് വിദ്യാർഥികൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം നിർദേശിക്കുന്ന മത്സരമാണ് റീബൂട്ട് കേരള ഹാക്കത്തോൺ. 3000ത്തോളം പേരെ പങ്കെടുപ്പിച്ച്‌  പ്രാഥമികതലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽനിന്നാണ് 300 പേരെ തെരഞ്ഞെടുത്തത്.  ടീമുകളായാണ് മാറ്റുരയ്‌ക്കൽ. ഒരു ടീമിൽ ആറ്‌ അംഗങ്ങളുണ്ടാകും. 
 ആഭ്യന്തരം, ടൂറിസം വകുപ്പുകളുടെ മത്സരം തിരുവനന്തപുരത്ത് കഴിഞ്ഞു. ഉന്നതവിദ്യാഭ്യസം, പൊതുവിദ്യാഭ്യാസം വകുപ്പുകളുടേതാണ് തിരൂരങ്ങാടി പോളിടെക്നിക്കിൽ. ട്രാൻസ്പോർട്ട് ഡിപ്പാർട്ടുമെന്റിന്റേത് ഉള്ളേരി  എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ്‌. 
വെള്ളിയാഴ്ച രാവിലെ ഏട്ടരക്ക് ആരംഭിച്ച ഹാക്കത്തോൺ  ശനിയാഴ്ച രാത്രി എട്ടരക്ക്‌  സമാപിക്കും. മികച്ച നിർദേശങ്ങൾ നൽകുന്ന ടീമിന് 50,000 രൂപയാണ് ക്യാഷ് പ്രൈസ്. രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും ലഭിക്കും. മാർച്ചിൽ തിരുവനന്തപുരത്താണ്‌ ഗ്രാന്റ് ഫിനാലെ. 15 പേരുടെ ചുരുക്കപ്പട്ടികയിൽനിന്ന്‌ ഹാക്കത്തോണിലെ ജേതാക്കളെ തെരഞ്ഞെടുക്കും. ഞായറാഴ്ച വിജയികളെ പ്രഖ്യാപിക്കു‌ം. 
  പി അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനംചെയ്തു. റീബൂട്ട് കേരളം ഹാക്കത്തോൺ ഓർഗനൈസിങ്‌ സെക്രട്ടറി ഡോ. കെ അബ്ദുൾ ജബ്ബാർ അഹമ്മദ് അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. കെ എം അബ്ദുൾ ഹമീദ്, പ്രിൻസിപ്പൽ ജെ എസ് സുരേഷ് കുമാർ, അസാപ് പോളിടെക്നിക് വിഭാഗം കോ–- ഓർഡിനേറ്റർ ടി വി ഫ്രാൻസിസ്, ജില്ലാ പ്രോഗ്രാം മാനേജർ കെ കെ മനു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top