05 April Sunday

വൻ ഒരുക്കവുമായി പിഎസ്‌സി കെഎഎസ് പരീക്ഷ ഇന്ന്‌

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

 

 
പാലക്കാട്‌ 
സംസ്ഥാന ഭരണനിർവഹണ സംവിധാനത്തിന്റെ രണ്ടാംതല ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ് (കെഎഎസ്‌) പ്രാഥമിക പരീക്ഷ ശനിയാഴ്‌ച നടക്കും. 
ജില്ലയിലെ 103 കേന്ദ്രങ്ങളിലായി 30,817 പേർ പരീക്ഷയെഴുതും. പ്രാഥമിക പരീക്ഷയുടെ രണ്ട് പേപ്പറും ഒരു ദിവസം തന്നെ നടക്കും. ജനറൽ സ്റ്റഡീസിന്റെ ആദ്യ പേപ്പർ രാവിലെ 10 മുതൽ പകൽ 12 വരെയും ഭാഷാ പരിജ്ഞാനം ഉൾപ്പെടുത്തിയ രണ്ടാം പേപ്പർ 1.30 മുതൽ 3.30 വരെയും നടക്കും. 
രണ്ട് ഘട്ടമായി മൂന്ന് മണിക്കൂറിൽ 200 ചോദ്യങ്ങളുണ്ട്‌. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്ക് പ്രധാന പരീക്ഷയുമുണ്ട്. വിവരണാത്മക രീതിയിലുള്ള പ്രധാന പരീക്ഷയ്ക്ക് മൂന്ന്‌ പേപ്പറുകളാണുള്ളത്. ഇതിൽ വിജയിക്കുന്നവരെ അഭിമുഖം  നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഭിമുഖത്തിന്‌ 50 മാർക്കാണ്‌. പ്രധാനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. സാധാരണ അപേക്ഷകർക്ക് പുറമെ അധ്യാപകർ, സർക്കാർ ജീവനക്കാർ എന്നിവരും പരീക്ഷയെഴുതുന്നുണ്ട്. ജൂണിൽ അവസാനഘട്ട പരീക്ഷ നടത്തി അടുത്ത കേരളപ്പിറവിദിനത്തിൽ നിയമനം യാഥാർഥ്യമാക്കുകയാണ്‌ ലക്ഷ്യം.
 
ഒരുക്കം പൂർത്തിയായി
അഡീഷണൽ ചീഫ് സൂപ്രണ്ടുമാരായി പിഎസ്‌സി ജീവനക്കാർ, പ്രത്യേക പരിശീലനം നൽകിയ ഹയർ സെക്കൻഡറി അധ്യാപകർ എന്നിവരെ പരീക്ഷാ കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. സ്കൂളിന്റെ ചുമതലയുള്ള സീനിയർ അധ്യാപകരാണ് ചീഫ് സൂപ്രണ്ടുമാർ. 
ഒരു ഹാളിൽ 20 പേരാണ് പരീക്ഷയെഴുതുക.  അസി. സൂപ്രണ്ടിനാവും ഹാളിന്റെ ചുമതല.  അഡീഷണൽ ചീഫ് സൂപ്രണ്ട് പരീക്ഷാ കേന്ദ്രത്തിൽ നിരീക്ഷകനായുണ്ടാവും. നിശ്ചിത കേന്ദ്രങ്ങളിൽ സ്‌ക്വാഡ് സഞ്ചരിച്ച് പരീക്ഷാ നടത്തിപ്പ് വിലയിരുത്തും. പരീക്ഷാ കേന്ദ്രങ്ങളിൽ പൊലീസിന്റെ സഹായമുണ്ടാകും. 
കെഎസ്ആർടിസിയുണ്ട് കൂടെ 
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്ക് ഉദ്യോഗാർഥികൾക്ക് യാത്ര സൗകര്യമൊരുക്കി കെഎസ്ആർടിസി. നിലവിലെ സർവീസുകൾ കാര്യക്ഷമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top