20 November Wednesday

കല്ലുപാലം ഓർമയിലേക്ക്‌

സ്വന്തം ലേഖകന്‍Updated: Monday Oct 21, 2019
 
കൊല്ലം
കൊല്ലത്തിന്റെ  ചരക്കുകടത്തിനു സാക്ഷ്യംവഹിച്ച കല്ലുപാലം ഇനി ഓർമ. 160 വർഷത്തെ പഴക്കമുള്ള കൊല്ലം തോട്ടിലെ പാലം പൊളിക്കല്‍ തിങ്കളാഴ്ച തുടങ്ങും. 
പാലത്തിലൂടെയുള്ള ഗതാഗതം ഞായറാഴ്ച നിർത്തി.  ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായാണ് കൊല്ലത്തെ പൗരാണിക വ്യാപാര ബന്ധത്തിന്റെ കഥ പറയുന്ന പാലം പൊളിച്ച് പുതിയത് നിർമിക്കുന്നത്. 
റോഡിലൂടെയുള്ള ഗതാഗത സംവിധാനവും ചരക്കുകടത്തും വികസിക്കുന്നതിനുമുമ്പ് കൊല്ലത്തേക്കും പരിസരങ്ങളിലേക്കും ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ എത്തിച്ചിരുന്നത് കൊല്ലം തോട്ടിലൂടെയായിരുന്നു. 
കായംകുളം, കരുനാഗപ്പള്ളി ഭാഗങ്ങളിൽനിന്ന് ടി എസ് കനാൽ വഴി കൊല്ലം തോട്ടിലൂടെയാണ് സാധനങ്ങൾ കെട്ടുവള്ളങ്ങളിലൂടെ പഴയകാലത്ത് എത്തിച്ചിരുന്നത്. 
കൊല്ലം തോട്ടിൽ കെട്ടുവള്ളങ്ങൾ അടുപ്പിച്ച് അരിയും പലവ്യഞ്ജന  സാധനങ്ങളും ഉൾപ്പെടെ നഗരമധ്യത്തെ ചാമക്കട, ചിന്നക്കട എന്നിവിടങ്ങളില്‍ കൊണ്ടുപോയത് കല്ലുപാലത്തിലൂടെയാണ്. ഉന്തുവണ്ടിയായിരുന്നു കരയിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാന മാർഗം. 
ഒപ്പം ആളുകൾ തലച്ചുമടായും സാധനങ്ങൾ ചന്തകളിൽ എത്തിച്ചിരുന്നു. കൂടാതെ ലക്ഷ്‌മിനടയെ ചാമക്കടയുമായും നഗരവുമായും ബന്ധിപ്പിച്ചതും കല്ലുപാലം ആയിരുന്നു. ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയുംവിധമാണ് കൊല്ലം തോടിന്റെ വികസനം. ഇതിനനുസരിച്ച് നിലവിലുള്ള പാലത്തിന്റെ വീതിയും കൂട്ടേണ്ടതുണ്ട്. ഇതേ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത്.
 തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമാണക്കരാർ.  ഒന്നരവർഷംമുമ്പാണ് കരാറായത്‌.  പിഡബ്ല്യുഡി കല്ലുപാലം ഉൾനാടൻ ജലഗതാഗത വകുപ്പിനു കൈമാറിയിട്ടുണ്ട്. നാലുകോടി രൂപ ചെലവിലാണ് പാലം നിർമാണം. 
തിങ്കളാഴ്‌ച പാലത്തിലൂടെയുള്ള ബിഎസ്എൻഎല്ലിന്റെ ഉൾപ്പെടെ കേബിളും മറ്റും തകറാർകൂടാതെ മാറ്റുമെന്നും തുടർദിവസങ്ങളിൽ പാലം പൊളിക്കുമെന്നും കമ്പനി എംഡി ജോർജ് എബ്രഹാം പറഞ്ഞു. 
ഒരു വർഷമാണ് പാലം നിർമാണത്തിന്റെ കാലാവധി. 
ഗതാഗതം 
വഴിതിരിച്ചുവിട്ടു
കല്ലുപാലം പൊളിച്ച് പുതിയത് നിർമിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. 
ജില്ലാ ആശുപത്രി റോഡിലൂടെ വരുന്ന വാഹനങ്ങൾ ചാമക്കടയിൽനിന്ന് ഫയർ സ്റ്റേഷനു സമീപത്തെ മുത്തുമാരി അമ്മൻകോവിലിനു മുന്നിലൂടെ വലത്തേക്ക് തിരിഞ്ഞ് പണ്ടകശാല പാലം വഴി നേരെ പോകണം. 
ലക്ഷ്‌മിനടയിൽ നിന്നുവരുന്ന വാഹനങ്ങൾ കല്ലുപാലത്തിനു സമീപം വലത്തേക്ക് തിരിഞ്ഞ് പാണ്ടകശാല പാലം വഴി മഹാറാണി മാർക്കറ്റിനു മുന്നിലൂടെ വലതുതിരിഞ്ഞ് മെയിൻ റോഡിലേക്കും ജില്ലാ ആശുപത്രി റോഡിലേക്കും പോകണം.
പ്രധാന വാർത്തകൾ
 Top