13 November Wednesday

ഊരൂട്ടമ്പലം സഹ. ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–--ബിജെപി മുന്നണി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

കാട്ടാക്കട 
ഊരൂട്ടമ്പലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നേരിടാൻ കോൺഗ്രസ്-–-ബിജെപി അവിശുദ്ധമുന്നണി. 42 വർഷം പ്രസിഡന്റായിരുന്ന കുട്ടപ്പൻ നായർ നേതൃത്വം നൽകിയിരുന്ന മുൻ ഭരണസമിതിയിലെ പത്ത് അംഗങ്ങളെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോടികളുടെ അഴിമതി കണ്ടെത്തി അയോഗ്യരാക്കിയിരുന്നു.   
അഴിമതികളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ  തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, ഭരണ സമിതി അംഗങ്ങൾ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതായി സഹകരണ ഇലക്‌ഷൻ കമീഷൻ കണ്ടെത്തി. മുന്നൂറ്റി അമ്പതോളം ഒപ്പിട്ട വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുത്തു. തുടർന്ന് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ്‌ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിർത്തിവയ്‌ക്കുകയും ഹൈക്കോടതിയുടെ അനുമതിയോടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതല എടുക്കുകയും ചെയ്തു.
ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് നവംബർ മൂന്നിന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.  ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള പാനലുകളും മുൻ പ്രസിഡന്റ് കുട്ടപ്പൻ നായർ ഉൾപ്പെടുന്ന പാനലും ഇടതുമുന്നണി പാനലും ഉൾപ്പടെ 50 പേർ നാമനിർദേശപത്രിക നൽകി. എന്നാൽ, സൂക്ഷ്മപരിശോധനയിൽ അയോഗ്യരാക്കപ്പെട്ട കുട്ടപ്പൻ നായർ ഉൾപ്പെടെ ആ പാനലിലെ പ്രമുഖരായ ആറു പേരുടെ പത്രിക വരണാധികാരി തള്ളി.അതോടൊപ്പം കോൺഗ്രസ് ബിജെപി പാനലുകളിലെ അഞ്ചു പേരുടെ പത്രികകളും തള്ളി. അതോടെ പല സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിക്കുമെന്ന സാഹചര്യം വന്നതിനെ തുടർന്നാണ് ബിജെപി–- കോൺഗ്രസ്‌ 
  സംയുക്ത പാനൽ ഉണ്ടാക്കിയത്. ഇതിനായി നിലവിൽ നാമനിർദേശപത്രിക നൽകിയിരുന്ന ബിജെപി സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉൾപ്പെടെയുള്ള പല ബിജെപി–-കോൺഗ്രസ് നേതാക്കളെ നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു. ഈ അവിശുദ്ധസഖ്യത്തിൽ പ്രതിഷേധിച്ച് മത്സര രംഗത്തുണ്ടായിരുന്ന പല പ്രമുഖ നേതാക്കളും സ്വയം പിൻമാറുകയും ചെയ്തു.
നിലവിൽ നാല് കോൺഗ്രസ്, നാല് ബിജെപി, മുൻ പ്രസിഡന്റിന്റെ അനുകൂലികളായ മൂന്നുപേർ എന്നിങ്ങനെയാണ് സംയുക്ത മുന്നണിപ്പട്ടിക.
 
 
പ്രധാന വാർത്തകൾ
 Top