11 September Wednesday

ജനകീയ പ്രതിഷേധം 24ന്‌, താക്കീതായി മാറും

സ്വന്തം ലേഖകൻUpdated: Wednesday Sep 21, 2022

 മലപ്പുറം

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ–- വർഗീയ നയങ്ങൾക്കും സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും സിപിഐ എം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. 24ന്‌ വൈകിട്ട്‌ നാലിന്‌ മലപ്പുറം ടൗൺ ഹാൾ പരിസരത്ത്‌ നടക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്യും. ഭരണഘടനയും നിയമങ്ങളും വകവയ്ക്കാതെ  സംസ്ഥാന സർക്കാരിനെതിരെ രാഷ്‌ട്രീയ നീക്കം നടത്തുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെതിരായ പ്രതിഷേധവും പരിപാടിയിൽ ഉയരും. 
 സംഘപരിവാർ അജന്‍ഡ ശക്തിപ്പെടുത്തുന്ന കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരമൂല്യങ്ങളും തകർക്കുകയാണ്‌. കേന്ദ്ര നയങ്ങൾക്കെതിരായ ബദൽ നയം നടപ്പാക്കുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ സാമ്പത്തികമായും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇതിന്‌ ശക്തിപകരുകയാണ്‌ ഗവർണർ.  ആർഎസ്‌എസ്‌ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തിയ ഗവർണർ  താനൊരു സംഘപരിവാറുകാരനാണെന്ന്‌ പരസ്യമായി സമ്മതിക്കുന്നു. ഗവർണർ പദവിക്ക്‌ അപമാനമായ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ പല കാര്യങ്ങളിലും പിന്തുണക്കുകയാണ്‌ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ്‌. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ബിജെപിയെ കൂട്ടുപിടിക്കുന്ന യുഡിഎഫ്‌ ഗവർണറുടെ കുഴലൂത്തുകാരായി മാറുകയാണ്‌. സിപിഐ എം  ജനകീയ പ്രതിഷേധം ഇവർക്കുള്ള താക്കീതായി മാറും. 
പരിപാടിയിൽ മന്ത്രി വി അബ്‌ദുറഹ്‌മാൻ, കെ ടി ജലീൽ എംഎൽഎ, ടി കെ ഹംസ എന്നിവരും പങ്കെടുക്കും. ജനകീയ പ്രതിഷേധം വൻ വിജയമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top