25 October Monday

ഡെങ്കിപ്പനി: അതീവ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

ഡെങ്കിപ്പനി-, കോവിഡ് നിയന്ത്രണം ലക്ഷ്യമാക്കി കലക്ടറുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗം

കൊല്ലം
ഡെങ്കിപ്പനിക്കെതിരെ അതീവജാഗ്രതയ്ക്ക് കലക്ടർ അഫ്‌സാന പർവീൺ നിർദേശം നൽകി. കൊല്ലം കോർപറേഷൻ, കിഴക്കൻ മേഖല, കരുനാഗപ്പള്ളി  എന്നിവടങ്ങളിൽ കൊതുക് നിർമാർജന പ്രവർത്തനങ്ങൾ പരമാവധി ശക്തമാക്കണം.പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ഹരിത കേരള-, ശുചിത്വ മിഷനുകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണം ഉറപ്പാക്കി നടപടികൾ കൈക്കൊള്ളണം. തൊണ്ണൂറു ശതമാനം പേർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പു നൽകി. സ്‌കൂൾ തുറക്കും മുമ്പ് അധ്യാപകർക്കുള്ള വാക്‌സിനേഷൻ പൂർത്തിയാക്കണം. കോളേജ് വിദ്യാർഥികൾക്കും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണം–-- കലക്ടർ പറഞ്ഞു.  കോവിഡ് ചികിത്സ നൽകുന്ന ആശുപത്രികളിലെ സൗകര്യങ്ങളുടെ പരിശോധന തുടരുകയാണെന്ന് ഡിഎംഒ അറിയിച്ചു. കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഇതു വഴി ഉറപ്പാക്കുകയാണ്. തെറ്റായ വിവരം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ പറഞ്ഞു.

   ഡെങ്കിപ്പനി ആവർത്തനം അപകടം
ഡെങ്കിപ്പനിബാധ ആവർത്തിക്കുന്നത് അതീവ അപകടരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ ശ്രീലത പറഞ്ഞു. ഇടവിട്ടു മഴ പെയ്യുന്ന സാഹചര്യത്തിൽ പകർച്ച സാധ്യത കൂടുതലാണ്. ഡെങ്കിപ്പനിയുടെ വൈറസ് ഒന്നാം വകഭേദം ബാധിച്ചവർക്ക് രണ്ടാം വകഭേദമായ ഡെൻവ് പിടിപെട്ടാൽ മരണ സാധ്യത വളരെ കൂടുതലാണ്‌.
      മുഖ്യവ്യാപന കേന്ദ്രങ്ങൾ
റബർ തോട്ടങ്ങൾ, ടാർപോളിൻ, പ്ലാസ്റ്റിക് മാലിന്യം, വീടുകളുടെ ഉള്ളിൽ വളർത്തുന്ന മണിപ്ലാന്റ് എന്നിവിടങ്ങളിൽ തങ്ങുന്ന വെള്ളം ഉറവിടമായി  മാറുന്നത് തടയണം. കൊതുകിന്റെ ജീവചക്രം പൂർത്തിയാകുന്നത് തടയാൻ ബ്രേക്ക് ദ സൈക്കിൾ ക്യാമ്പയിൻ തുടങ്ങി. ഫോഗിങ്‌ നടത്തി വരുന്നു. കൂത്താടി നശീകരണ പൊടിയും ലഭ്യമാക്കി. കൊതുകു തീനി മത്സ്യവിതരണവും തുടങ്ങി. കൊതുകിനെ തടയുന്ന മരുന്ന് പുരട്ടിയ വലകളും നൽകുന്നുണ്ട്.  
      ഉറവിട നശീകരണം 
ഉറപ്പാക്കണം
വീടും പരിസരവും മാലിന്യ മുക്തമാക്കുകയാണ് പ്രധാനം. വെള്ളംകെട്ടി നിർത്താനും പാടില്ല. ഉറവിട നശീകരണം ഉറപ്പാക്കണം. പൊതു സ്ഥലങ്ങൾ, ഓഫീസുകൾ എന്നിവടങ്ങളിൽ ആഴ്ചയിലൊരിക്കൽ ശുചിയാക്കി ഉറവിടനശീകരണം നടത്തണം.
      ലക്ഷണം
തലവേദന, പനി, മാംസപേശികളിൽ വേദന, നടുവ് വേദന, കണ്ണിന് പിറകിൽ വേദന, കഫമില്ലാത്ത ചുമ, ഗുരുതരമാകുന്ന ഘട്ടത്തിൽ മോണകളിൽ നിന്ന് രക്തസ്രാവം, ആർത്തവകാലത്ത് അമിത രക്തസ്രാവം, ശരീരത്ത് രക്തം ചതഞ്ഞ പോലുള്ള അടയാളം, മൂക്കിൽനിന്നും പല്ലിൽനിന്നും രക്തമൊഴുക്ക്, മലത്തിനൊപ്പം രക്തം, കടുത്ത ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ഇവ കണ്ടാൽ വിദഗ്ധ ചികിത്സ തേടണമെന്ന് ഡെപ്യൂട്ടി ഡി എംഒ  ആർ  സന്ധ്യ നിർദേശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top