24 October Thursday

പോളിയിൽ എസ്‌എഫ്‌ഐ മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ച തൃശൂർ എംടിഐയിലെ എസ്‌എഫ്‌ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനം

 തൃശൂർ

പോളിടെക്‌നിക്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ വിജയം. ജില്ലയിലെ ഏഴ്‌  പോളിടെക്‌നിക്കുകളിലും എല്ലാ ജനറൽ സീറ്റുകളിലും എസ്‌എഫ്‌ഐ  വിജയിച്ചു. ഏഴിടത്തും ചേർന്ന്‌ മൊത്തം 49 ജനറൽ സീറ്റുകളും വൻ ഭൂരിപക്ഷത്തോടെയാണ്‌ എസ്‌എഫ്‌ഐ കരസ്ഥമാക്കിയത്‌. 
തൃശൂർ മഹാരാജാസ്‌(എംടിഐ), അളഗപ്പനഗർ ത്യാഗരാജ, ചേലക്കര ഗവ. പോളി, തൃപ്രയാർ ശ്രീരാമ ഗവ. പോളി, കൊരട്ടി ഗവ. പോളി,  നെടുപുഴ ഗവ. വനിതാ  പോളി, കുന്നംകുളം ഗവ. പോളി എന്നിവിടങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.  ക്ലാസ്‌ പ്രതിനിധികളുൾപ്പെടെ  എല്ലാ സീറ്റുകളിലും  എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചു. 
കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്‌, എഐഎസ്‌എഫ്‌ എന്നീ സംഘടനകൾ  കനത്ത തോൽവി നേരിട്ടു.  കഴിഞ്ഞ വർഷം   നേടിയതിനേക്കാൾ  ഇരട്ടിയിലധികം വോട്ട്‌ എസ്‌എഫ്‌ഐ നേടി. ‘സർഗാത്മകവും മതേതരവുമായ ക്യാമ്പസുകൾക്കായി, വർഗീയതയ്‌ക്കും മതതീവ്രവാദത്തിനുമെതിരെ  വിധിയെഴുതുക’ എന്ന സന്ദേശവുമായാണ്‌  എസ്‌എഫ്‌ഐ   മത്സരിച്ചത്‌. കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്‌ തുടങ്ങിയ സംഘടനകൾ ഒന്നിച്ചാണ്‌  മത്സരിച്ചത്‌. 
ഈ അവിശുദ്ധസഖ്യത്തെയാണ്‌  വിദ്യാർഥികൾ പരാജയപ്പെടുത്തിയത്‌. എസ്‌എഫ്‌ഐ സാരഥികളെ വിജയിപ്പിച്ച  വിദ്യാർഥികളെ ജില്ലാ സെക്രട്ടറി  സി എസ്‌ സംഗീതും പ്രസിഡന്റ്‌ ജാസിർ ഇക്‌ബാലും അഭിവാദ്യം ചെയ്‌തു. വിജയത്തെത്തുടർന്ന്‌ വിദ്യാർഥികൾ  വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.
 
പ്രധാന വാർത്തകൾ
 Top